വടകര ഉയരപ്പാത അനിശ്ചിതത്വത്തിൽ: ഗർഡറുകൾ വാർത്തത് തൂണിൽ ഉറപ്പിക്കാൻ പറ്റാത്ത രീതിയിൽ

Mail This Article
വടകര∙ ദേശീയപാതയുടെ ഉയരപാതയ്ക്കു വേണ്ടിയുണ്ടാക്കിയ ഗർഡറുകൾ നിർമാണത്തകരാർ മൂലം ഉപയോഗിക്കാനാകാത്ത സാഹചര്യത്തിൽ ബാക്കി പണി അനിശ്ചിതത്വത്തിൽ. നിർദിഷ്ട പാതയിൽ വടക്കു ഭാഗത്തു നിന്ന് 8 പില്ലറിലായി 32 ഗർഡറുകൾ സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസം ലിങ്ക് റോഡിന് തെക്ക് ഭാഗത്ത് പണി തുടങ്ങിയപ്പോഴാണ് തൂണിൽ ഉറപ്പിക്കാൻ പാകത്തിൽ അല്ല ഗർഡർ വാർത്തു വച്ചതെന്ന് മനസ്സിലായത്. ഇതോടെ നിർത്തിയ പണി എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.
ഇനി 230 ഗർഡറുകളാണ് പാലത്തിന്റെ തെക്കു ഭാഗത്തേക്ക് സ്ഥാപിക്കേണ്ടത്. ഇത്രയും പ്രശ്നമുണ്ടായിട്ടും നിർമാണ കമ്പനിയുടെയോ ദേശീയപാത അതോറിറ്റിയുടെയോ ഉത്തരവാദപ്പെട്ട ആരും 3 ദിവസം കഴിഞ്ഞിട്ടും സ്ഥലത്ത് എത്തിയിട്ടില്ല. ബാക്കി ഭാഗത്ത് ഗർഡർ സ്ഥാപിക്കുന്നതിനു പുറമേ ചിലയിടത്ത് തൂണുകൾ വാർക്കേണ്ട പണിയും ബാക്കിയാണ്. ഇതും നിലച്ചു. ദേശീയപാതയുടെ പണി ഇഴഞ്ഞു നീങ്ങുന്നതിൽ ജനങ്ങളിൽ പ്രതിഷേധം വ്യാപകമാണ്.
ഗർഡർ സ്ഥാപിക്കുന്നത് കരാറെടുത്ത കമ്പനിയും വെട്ടിലായി. ഇതിനകം പണിയെടുത്ത വകയിൽ ഒരു കോടിയോളം രൂപ ഇവർക്ക് ലഭിക്കാനുണ്ട്. ഇതിന്റെ കാര്യത്തിലും തീരുമാനം ആകാതിരിക്കുമ്പോഴാണ് ഗർഡർ പ്രശ്നം. പ്രത്യേക തരം ക്രെയിനുകളും ജനറേറ്റർ തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ജോലിക്കാരുമായി കൊച്ചിയിൽ നിന്നെത്തിയ കമ്പനിയാണ് പണി ഏറ്റെടുത്തത്. പണിക്കാർ മടങ്ങിപ്പോയാൽ പുതിയ ആളെ കണ്ടെത്തുന്നതും ബുദ്ധിമുട്ടിലാകും.