യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; ലഹരി സംഘത്തിലെ 3 പേർ അറസ്റ്റിൽ

Mail This Article
എടപ്പാൾ ∙ലഹരിസംഘം യുവാവിനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടു പോയി മർദിച്ചതായി പരാതി. സംഭവത്തിൽ പൊന്നാനി സ്വദേശികളായ മുഹമ്മദ് മുബഷിർ (19), മുഹമ്മദ് ജസീൽ (18), എന്നിവർക്കു പുറമേ പൊന്നാനി സ്വദേശിയായ 17 വയസ്സുകാരനും അറസ്റ്റിലായി. കഴിഞ്ഞദിവസം രാത്രി എടപ്പാൾ പൊന്നാനി റോഡിലായിരുന്നു സംഭവം. കുറ്റിപ്പാല സ്വദേശിയായ 17കാരനോട് സംഘം സഹപാഠിയായ വിദ്യാർഥിയുടെ നമ്പർ ചോദിച്ചു. നമ്പർ കൈവശമില്ലെന്നു മറുപടി നൽകിയതോടെ കയ്യിൽ കരുതിയ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിയെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി പൊന്നാനി ഭാഗത്തേക്കു പോകുകയായിരുന്നു.
ഇതിനിടെ പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലെ യാത്രക്കാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ചങ്ങരംകുളം പൊലീസിനു കൈമാറി. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിന്തുടർന്നു. പൊലീസ് പിറകെ ഉണ്ടെന്ന് അറിഞ്ഞതോടെ യുവാവിനെ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം ഇറക്കിവിട്ടു സംഘം കടന്നുകളഞ്ഞു. ചങ്ങരംകുളം സിഐ സി.ഷൈനിന്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രദേശത്തെ ലഹരി സംഘങ്ങളാണു സംഭവത്തിനു പിന്നിലെന്നു കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൂന്നു പ്രതികളെയും പിടികൂടിയത്.മൂവരും ലഹരി ഉപയോഗിക്കുന്നവരും ഇടപാടുകാരും ആണെന്നു പൊലീസ് പറഞ്ഞു. രണ്ടു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി.