ശാർക്കര ദേവീക്ഷേത്രം: മുടിയുഴിച്ചിൽ നാളെ

Mail This Article
ചിറയിൻകീഴ് ∙ ശാർക്കര ദേവീക്ഷേത്രത്തിലെ മഹാകാളിയൂട്ടുത്സവത്തിന്റെ മുഖ്യ ക്ഷേത്രാചാര ചടങ്ങായ മുടിയുഴിച്ചിൽ നാളെ നടക്കും. 23നു രാവിലെ കുറികുറിപ്പോടെ തുടക്കമിട്ട ക്ഷേത്രാനുഷ്ഠാന കലകളിൽ പ്രാമുഖ്യമേറിയ കാളിയൂട്ടിന്റെ ചടങ്ങുകൾ ജനമധ്യത്തിലേക്ക് എത്തുന്നതിന്റെ തുടക്കം കൂടിയാണു മുടിയുഴിച്ചിൽ ചടങ്ങുകൾ.
കഴിഞ്ഞ 7 ദിവസങ്ങളിലായി ക്ഷേത്ര ഇളംമതിൽക്കെട്ടിനു സമീപത്തെ തുള്ളൽപ്പുരയിൽ രംഗാവിഷ്കാരം നടത്തിയ കാളിയൂട്ട് കഥാംശങ്ങളുടെ ഭക്തിനിർഭര നിമിഷങ്ങളാണു മുടിയുഴിച്ചിലിലൂടെ അവതരിപ്പിക്കുന്നത്. നാളെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണു മുടിയുഴിച്ചിലിനു തുടക്കം. പ്രജാക്ഷേമം അന്വേഷിച്ചിറങ്ങുന്ന ദേവിയെ ഭക്തർ സ്വന്തം ഭവനങ്ങൾക്കു മുന്നിൽ നിറപറയും നിലവിളക്കും പുന്നെല്ലരിയുമുൾപ്പെടെ ഒരുക്കിവച്ചു കാണിക്കസമർപ്പണം നടത്തുന്നതും സന്തുഷ്ടയായ ദേവി അനുഗ്രഹം ചൊരിയുന്നതുമാണു ഐതീഹ്യം.
വടക്കു ദേശത്തേക്കു ദുർഗാദേവിയും തെക്കു ദേശത്തു ഭദ്രകാളീദേവിയുമാണ് എഴുന്നള്ളുന്നത്. തെക്കേമുടി വലിയകുറുപ്പിന്റെ ആൽത്തറമൂടിനടുത്തുള്ള കോലോത്തും വടക്കൻമുടി കൊച്ചുവീട്ടുവാതിൽക്കലിനു സമീപം കുന്നക്കരിപ്പുമുക്കിലും ഇറക്കും. വരവേൽപ്പുകൾ പൂർത്തീകരിച്ചു പുലർച്ചെയോടെ ദേവീതിരുമുടികൾ തിരിച്ചെഴുന്നള്ളും.