നാലമ്പലങ്ങളിലേക്ക് ഇക്കുറി യാത്ര മനസ്സു കൊണ്ട്
Mail This Article
തൃശൂർ ∙ ഇന്ന് കർക്കിടകം ഒന്ന്. നാലമ്പലങ്ങളിലേക്ക് ഇക്കുറി യാത്ര മനസ്സു കൊണ്ട്. ക്ഷേത്രങ്ങളിലെ ദർശനത്തിന് ഇക്കുറി ഏകോപിപ്പിച്ച സംവിധാനങ്ങളില്ല. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലും പായമ്മൽ ശത്രുഘ്ന ക്ഷേത്രത്തിലും ചുറ്റമ്പലത്തിന് അകത്തേക്കു പ്രവേശനം തന്നെ അനുവദിക്കുന്നില്ല. 2 ക്ഷേത്രങ്ങളും സി വിഭാഗത്തിൽ പെട്ട തദ്ദേശ സ്ഥാപനങ്ങളിലാണ്.
സോൺ മാറുന്നതിന് അനുസരിച്ച് പ്രവേശനത്തിന്റെ കാര്യത്തിൽ മാറ്റം വന്നേക്കാം. തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ ഒരേ സമയം 5 പേർക്കു മാത്രം പ്രവേശിക്കാം. മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ദർശനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്.
ദർശന സമയം ഇങ്ങനെ:
ഇരിങ്ങാലക്കുട കൂടൽ മാണിക്യക്ഷേത്രം (പുറത്തു നിന്ന് മാത്രം)– രാവിലെ 3.30 മുതൽ 11.30 വരെ, വൈകിട്ട് 5 മുതൽ 8 വരെ. പായമ്മൽ ശത്രുഘ്ന ക്ഷേത്രം (പുറത്തു നിന്ന് മാത്രം)– രാവിലെ 6 മുതൽ 11വരെ, വൈകിട്ട് 5.30 മുതൽ 7.30 വരെ.
തൃപ്രയാർ ശ്രീരാമ ക്ഷേത്രം (ഒരു സമയം 5 പേർക്കു മാത്രം)– രാവിലെ 7 മുതൽ 10 വരെ, വൈകിട്ട് 5 മുതൽ 6.30 വരെ. മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം (കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച്)– രാവിലെ 5 മുതൽ 12 വരെ, വൈകിട്ട് 5 മുതൽ 8 വരെ.
മുടങ്ങാതെ എന്നും രാമായണം
തൃശൂർ∙ എല്ലാ ദിവസവും മണിക്കൂറുകളോളം രാമായണം വായിക്കുന്ന ഇടമാണു തൃപ്രയാർ ശ്രീരാമ ക്ഷേത്രം. ദിവസവും രാവിലെ ആറരയടെ രാമായണം സുന്ദരകാണ്ഡം വായിക്കും. മിക്കവാറും 3 മണിക്കൂർവരെ നീളും. ശ്രീരാമനു മുന്നിലെ മുഖ മണ്ഡപത്തിലിരുന്നാണു വായന.4 തൃക്കൈകളോടു കൂടിയ പൂർണരൂപമാണു ശ്രീരാമ പ്രതിഷ്‌ഠ. ഭൂമിദേവിയും ലക്ഷ്മിദേവിയും ഇരുവശത്തുമുണ്ട്.
ശക്തിയുടെ ഭാവമാണിത്. മുഖമണ്ഡപത്തിൽ വിനീതനായി ഹനുമാന്റെ സാന്നിധ്യം ഉണ്ടെന്നാണു സങ്കൽപ്പം. ഹനുമാൻ ലങ്കയിലേക്കു പുറപ്പെടുന്നതു മുതൽ ലങ്കാഹദനംവരെയാണു വായിക്കുന്നത്. ഓരോ തടസ്സങ്ങളും ശ്രീരാമ ഭക്തിയെന്ന ആയുധംകൊണ്ടു ഹനുമാൻ മറി കടക്കുന്നു. ഭക്തരുടെ ജീവിതത്തിലെ തടസ്സം നീങ്ങാൻ ഇവിടെ വായന വഴിപാടു കഴിക്കുന്ന രീതിയുമുണ്ട്.
കർക്കിടകത്തിൽ രാമായണ വായന വേറെ നടക്കും. എന്നാൽ, ഒരു ദിവസം പോലും സുന്ദരകാണ്ഡം മുടങ്ങില്ല. സൂര്യോദയത്തിനു ശേഷമേ വായിക്കൂ. അസ്തമയത്തിനു മുൻപു നിർത്തും. ഹനുമാൻ സന്ധ്യാവന്ദനം കഴിഞ്ഞ ശേഷമേ രാമായണം കേൾക്കാൻവരൂ എന്നതുകൊണ്ടാണിത്. ഏത് ആഘോഷത്തിനിടയിലും മുടങ്ങാതെ ഇന്നും രാമായണ വായന തുടരുന്നു.
പായ്ക്കാട്ട് മനയ്ക്കലെ ഒരംഗമാണ് ഇതു വായിക്കുക. ഇപ്പോൾ രാമൻ പി. നമ്പൂതിരിക്കാണ് ഈ ചുമതല. എല്ലാ ദിവസവും മൂന്നു നേരം ഹനുമാനു നിവേദ്യവും പൂജയുമുണ്ടെങ്കിലും ഇവിടെ ഹനുമാന്റെ ഉപപ്രതിഷ്‌ഠയില്ല എന്നതാണു പ്രത്യേകത. മുഖമണ്ഡപത്തിലെ സാന്നിധ്യമായി ഹനുമാൻ അദൃശ്യനായി നിൽക്കുന്നു.