ഫുൾ–ടൈം എംടെക് പ്രോഗ്രാം ചെയ്യാം പുണെയിൽ; അപേക്ഷിക്കാം മേയ് 17 വരെ

Mail This Article
പ്രതിരോധവകുപ്പിന്റെ ഭാഗമായ പുണെ ഡിഫൻസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (DIAT) സ്വാശ്രയശൈലിയിലുള്ള ഫുൾ–ടൈം എംടെക് പ്രോഗ്രാമുകളിലേക്കു മേയ് 17 വരെ അപേക്ഷിക്കാം. വെബ്: www.diat.ac.in സർവകലാശാലാ പദവിയുള്ള സ്വയംഭരണസ്‌ഥാപനമാണിത്. സ്വാശ്രയമെങ്കിലും ഫീസ് കുറവ്. പ്രതിരോധ ആവശ്യങ്ങൾക്കു മുൻതൂക്കമുള്ള പഠനഗവേഷണങ്ങളാണു നടത്തുന്നത്. ജൂൺ 13ന് ആണു പ്രവേശനപരീക്ഷ. അർഹതയുള്ളവരെ മേയ് 25നു വിവരമറിയിക്കും. മെറിറ്റ് ലിസ്റ്റ് ജൂൺ 16നു സൈറ്റിൽ വരും. ബന്ധപ്പെട്ട ബിടെക് / എംഎസ്‌സി / മറ്റു ബാച്‌ലർ / മാസ്റ്റർ ബിരുദത്തിന് 55% മാർക്ക് അല്ലെങ്കിൽ 6.0/10 ഗ്രേഡ് പോയിന്റ് ആവറേജ് വേണം. ഓരോ സ്പെഷലൈസേഷനിലെയും പ്രവേശനത്തിന് ഏതേതു ബിരുദമാണു വേണ്ടതെന്നു വിജ്ഞാപനത്തിലുണ്ട്.
Read Also : ഐഎംയു എൻട്രൻസ്, ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി
∙ എംടെക് (15 ശാഖകൾ): കംപ്യൂട്ടർ സയൻസ്, എയ്റോസ്പേസ് എൻജിനീയറിങ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ് എൻജിനീയറിങ്, സെൻസർ ടെക്നോളജി, മോഡലിങ് & സിമുലേഷൻ, മെറ്റീരിയൽസ്, ഡേറ്റാ സയൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ടെക്നോളജി മാനേജ്മെന്റ്, ഓട്ടമേഷൻ & റോബട്ടിക്സ്, നാനോസയൻസ് & ടെക്നോളജി, സൈബർ സെക്യൂരിറ്റി, റിന്യൂവബിൾ എനർജി, ഗ്രീൻ ടെക്നോളജി. ഓരോ ശാഖയിലും വെവ്വേറെ സ്പെഷലൈസേഷനുകളുണ്ട്. അപേക്ഷാഫീ 600 രൂപ; പട്ടികവിഭാഗം 200 രൂപ. അപേക്ഷാസമർപ്പണത്തിന്റെ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രവേശനപരീക്ഷയിൽ 60 മിനിറ്റിൽ 60 മൾട്ടിപ്പിൾ–ചോയ്സ് ചോദ്യങ്ങൾ. ഒറ്റത്തവണ ഫീസ് തുടക്കത്തിൽ 4000 രൂപ. ഡെപ്പോസിറ്റ് 10,000 രൂപ. ഓരോ സെമസ്റ്ററിലും 44,000 രൂപ. വിഎൽഎസ്ഐ & എംബഡഡ് സിസ്റ്റം സ്പെഷലൈസേഷനുള്ള ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിടെക്കിനു മാത്രം സെമസ്റ്റർ ഫീ 70,500 രൂപയാണ്; പട്ടികവിഭാഗക്കാർക്കു 16,500 രൂപയും. ഇതിന്റെ പഠനം കോഴിക്കോട് നീലിറ്റിൽ (NIELIT). സ്കോളർഷിപ് കാറ്റഗറിയിലുള്ള എംടെക് പ്രവേശനം ദേശീയതലത്തിൽ നടത്തുന്ന CCMT-2023 വഴിയായിരിക്കും. വിജ്ഞാപനം പിന്നീടു വരും.
(ഗേറ്റ് സ്കോർ നോക്കി എൻഐടികൾ, ഐഐടികൾ തുടങ്ങിയ ദേശീയസ്ഥാപനങ്ങളിൽ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനം നടത്തുന്ന സംവിധാനമാണ് CCMT – https://ccmt.nic.in). inset പിഎച്ച്ഡി: അപേക്ഷ മേയ് 10 വരെ എയ്റോസ്പേസ് എൻജിനീയറിങ്, മെറ്റലർജിക്കൽ & മെറ്റീരിയൽസ് എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ്, അപ്ലൈഡ് ഫിസിക്സ് / കെമിസ്ട്രി, ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ, റോബട്ടിക്സ്, ടെക്നോളജി മാനേജ്മെന്റ്, ക്വാണ്ടം ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ പിഎച്ച്ഡി പഠനസൗകര്യമുണ്ട്.
യോഗ്യതാപരീക്ഷയിൽ 55% മാർക്ക് / തുല്യഗ്രേഡ് വേണം; പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്കു 5% മാർക്കിളവുണ്ട്. ഓരോ വിഷയവിഭാഗത്തിലും പരിഗണിക്കുന്ന യോഗ്യതാപരീക്ഷകൾ വെബ്സൈറ്റിലുണ്ട്. അതതു ഡിപ്പാർട്മെന്റ് ജൂൺ മധ്യത്തോടെ നടത്തുന്ന എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആധാരമാക്കിയാണു സിലക്‌ഷൻ. സായുധസേനാവിഭാഗങ്ങൾ സ്പോൺസർ ചെയ്ത ഡിആർഡിഒ / സർവീസ് ഓഫിസർമാർ 50,000 രൂപ സെമസ്റ്റർഫീയും 10,000 രൂപ ഡെപ്പോസിറ്റും അടയ്ക്കണം. മറ്റു സ്ഥാപനങ്ങൾ സ്പോൺസർ ചെയ്തവർ 65,000 രൂപ സെമസ്റ്റർഫീ, 10,000 രൂപ ഡെപ്പോസിറ്റ്, 4000 രൂപ ഒറ്റത്തവണ ഫീ എന്നിവയടയ്ക്കണം.
Content Summary : M.Tech Technology Management Course at DIAT Pune