നീറ്റ് – യുജി: ഗൾഫിലും പരീക്ഷാകേന്ദ്രം
Mail This Article
ന്യൂഡൽഹി :പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു (നീറ്റ്–യുജി) ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പരീക്ഷാകേന്ദ്രം അനുവദിച്ചു. ഈ മാസം ഒൻപതിനു നീറ്റ്–യുജിയുടെ അപേക്ഷാ നടപടികൾ ആരംഭിച്ച ഘട്ടത്തിൽ ഇന്ത്യയിൽ മാത്രമായിരുന്നു പരീക്ഷാകേന്ദ്രം പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ വർഷം പരീക്ഷ നടന്ന കുവൈത്ത് സിറ്റി, ദുബായ്, അബുദാബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവയുൾപ്പെടെ 14 കേന്ദ്രങ്ങളാണ് ഇക്കുറിയും വിദേശത്ത് അനുവദിച്ചത്. ഇതോടെ വിദേശത്തു പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാർഥികളുടെ ആശങ്കയ്ക്ക് പരിഹാരമായി. നേരത്തെ പരീക്ഷാകേന്ദ്രങ്ങൾ 499 ൽ നിന്ന് 554 ആയി ഉയർത്തിയെങ്കിലും വിദേശ കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല.
∙നിലവിൽ ഇന്ത്യയിലെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തു ഫീസ് അടച്ചവർക്കു വിദേശത്തെ കേന്ദ്രം തിരഞ്ഞെടുക്കാൻ പിന്നീട് അവസരം ലഭിക്കും. റജിസ്ട്രേഷൻ അവസാനിച്ചു കറക്‌ഷൻ വിൻഡോ അനുവദിക്കുന്ന ഘട്ടത്തിൽ ഇതു ചെയ്യാം. വിദേശത്ത് പരീക്ഷ എഴുതാനുള്ള അധിക തുക ഇവർ അടയ്ക്കണം. കഴിഞ്ഞ വർഷം 9500 രൂപയാണ് യുഎഇയിലെ കുട്ടികളിൽനിന്ന് ഈടാക്കിയത്.
∙ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് റജിസ്ട്രേഷൻ സമയത്തുതന്നെ വിദേശത്തെ കേന്ദ്രം തിരഞ്ഞെടുക്കാം.
∙മാർച്ച് 9വരെയാണു നീറ്റ്–യുജി റജിസ്ട്രേഷനുള്ള സമയം. അതിനു ശേഷമാകും കറക്‌ഷൻ വിൻഡോ അനുവദിക്കുക.