ഐസിഎസ്ഇ പരീക്ഷ: 10–ാം ക്ലാസിൽ മാത്സിന് അര മണിക്കൂർ അധികം
Mail This Article
ന്യൂഡൽഹി ∙ ഐസിഎസ്ഇ 10–ാം ക്ലാസ് വിദ്യാർഥികൾക്കു മാത്‌സ് പരീക്ഷയ്ക്ക് അര മണിക്കൂർ അധികമായി ലഭിക്കും. നിലവിൽ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ 3 മണിക്കൂറായി വർധിപ്പിക്കാനാണു സിഐഎസ്‌സിഇ ബോർഡിന്റെ തീരുമാനം. മാർച്ചിലെ പൊതുപരീക്ഷ മുതൽ പ്രാബല്യത്തിൽ വരും. ചോദ്യങ്ങളുടെ എണ്ണത്തിലോ പരീക്ഷയുടെ ഘടനയിലോ മാറ്റമില്ല. 2025 ലെ പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഎസ്‌സി (12–ാം ക്ലാസ്) 2 ഇംഗ്ലിഷ് കോഴ്സുകൾ ക്രമീകരിക്കുന്നതും ബോർഡിന്റെ പരിഗണനയിലുണ്ട്. ഉപരിപഠനത്തിനു ഇംഗ്ലിഷ് തിരഞ്ഞെടുക്കാത്തവർക്കു വേണ്ടി കാഠിന്യം കുറഞ്ഞ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ഉൾപ്പെടുത്താനാണ് ആലോചന. 2025–26 വർഷം ഇതും പ്രാബല്യത്തിൽ വന്നേക്കും.
എൻജിനീയറിങ്: ക്രമക്കേട് തിരുത്തി, നൂറുകണക്കിന് വിദ്യാർഥികൾക്ക് പ്രവേശനം
തിരുവനന്തപുരം ∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് പട്ടികയിലെ ക്രമക്കേട് തിരുത്തിയതിലൂടെ സംവരണ വിഭാഗത്തിലെ നൂറു കണക്കിന് വിദ്യാർഥികൾക്കാണ് അധികമായി അലോട്മെന്റ് ലഭിച്ചത്. സംവരണ വിഭാഗങ്ങളിൽ പ്രവേശനം നേടിയ അർഹരായ വിദ്യാർഥികൾക്ക് മെറിറ്റ് സീറ്റിലേക്കു മാറ്റം ലഭിച്ചപ്പോൾ അത്രയേറെ വിദ്യാർഥികൾക്ക് കൂടി സംവരണ ക്വോട്ടകളിൽ അലോട്മെന്റ് ലഭിക്കുകയായിരുന്നു. 9 സർക്കാർ കോളജുകളിൽ മാത്രം മുന്നൂറോളം സംവരണ വിഭാഗക്കാർക്ക് അലോട്മെന്റ് ലഭിച്ചു. സംവരണ വിഭാഗത്തിലുള്ളവർക്ക് മെറിറ്റ് സീറ്റിലേക്കു മാറാനുള്ള അവസരം നിഷേധിച്ചുകൊണ്ടായിരുന്നു പട്ടിക പുറത്തിറക്കിയത്. 10ന് ഉച്ചയ്ക്കു 3 വരെയാണ് കോളജുകളിൽ പ്രവേശനം നേടാൻ അവസരം.
ബിടെക് ഇൻഡക്‌ഷൻ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 142 എൻജിനീയറിങ് കോളജുകളിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥികളുടെ ഇൻഡക്‌ഷൻ പരിപാടി നാളെ മുതൽ 13 വരെ നടക്കും.സാങ്കേതിക സർവകലാശാല നടപ്പാക്കുന്ന പരിഷ്‌കരിച്ച ബിടെക് പാഠ്യപദ്ധതിയിലെ ആദ്യ ബാച്ചാണിത്. നാളത്തെ പരിപാടി അതതു കോളജുകൾ തന്നെയാണു സംഘടിപ്പിക്കുന്നത്.
ചരിത്രഗവേഷണത്തിന് അവാർഡ്
കേരളത്തിന്റെ, വിശേഷിച്ച് കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും സംബന്ധിച്ച് മൗലിക ഗവേഷണം നടത്തുന്ന എംഫിൽ / പിഎച്ച്ഡി വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാലിക്കറ്റ് ഹെറിറ്റേജ് ഫോറം വർഷംതോറും കാൽ ലക്ഷം രൂപ അവാർഡും പ്രശസ്തിപത്രവും നൽകുന്നു. ഗവേഷണ മേഖലയെ സംബന്ധിച്ച സൂചന സഹിതം 30ന് അകം ഇ–മെയിലിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക് www.calicutheritage.com (ലേറ്റസ്റ്റ് ന്യൂസ് ലിങ്ക്). ഫോൺ: 9447170828.