ADVERTISEMENT

ഇന്ത്യന്‍ മഹാസാമുദ്രത്തിന്‍റെ ഭാഗമായ, എന്നാല്‍ ഏഷ്യയുടെയും ആഫ്രിക്കയുടെയും മധ്യത്തിലായുള്ള ഇടുങ്ങിയ ഇടനാഴിയില്‍ സ്ഥിതി ചെയ്യുന്ന കടലാണ് ചെങ്കടല്‍. ചരിത്രപരമായും പാരിസ്ഥിതികമായും ഏറെ നിര്‍ണായകമായ ഭൂപ്രദേശം. ഈ ചെങ്കടലിന്‍റെ ഭാഗമായുള്ള യെമന്‍റെ തീരത്തുള്ള ഒരു എണ്ണക്കപ്പലാണ് മേഖലയിലാകെ കടുത്ത പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കാന്‍ തക്ക ഭീഷണി ഉയര്‍ത്തുന്നത്. 10 ലക്ഷം ബാരല്‍ എണ്ണയുള്ള ഈ ഉപേക്ഷിക്കപ്പെട്ട കപ്പല്‍ പാരിസ്ഥിതിക ഭീഷണിക്കു പുറമെ സാമ്പത്തിക, മാനവിക പ്രതിസന്ധികള്‍ക്കു കൂടി വഴിവയ്ക്കുമെന്നാണ് ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക ഏജന്‍സിയായ യുഎന്‍ഇപി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

എഫ്എസ്ഒ സേഫര്‍  

യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷം മുന്‍പാണ് ഈ കപ്പല്‍ ഉപേക്ഷിക്കപ്പെട്ടത്. എഫ്എസ്ഒ സേഫര്‍ എന്ന് പേരുള്ള ഈ കപ്പലില്‍ 10 ലക്ഷത്തിലധികം ബാരല്‍ ലൈറ്റ് ക്രൂഡ് ഓയില്‍ ആണുള്ളത്. കൃത്യമായി പറഞ്ഞാല്‍ 1.148 മില്യണ്‍ ബാരല്‍ എണ്ണ. 2015 മുതല്‍ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നതിനാല്‍ ഇതിനകം കപ്പലിന്‍റെ പല ഭാഗങ്ങളും തകര്‍ന്നു കഴിഞ്ഞു. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി ഈ കപ്പല്‍ യെമനിലെ തീരമേഖലയ്ക്കു ഭീഷണിയുയര്‍ത്തുന്നുണ്ട്.എന്നാല്‍ മെയ് 2020 ന് ഈ കപ്പലിന്‍റെ എഞ്ചിന്‍ റൂമിലേക്ക് തന്നെ കടല്‍ വെള്ളമെത്തി. ഇതോടെ വൈകാതെ തന്നെ കപ്പലിന്‍റെ ടാങ്കര്‍ സംവിധാനവും തകരുമെന്നും ഇതോടെ എണ്ണ കടലിലേക്ക് ചോര്‍ന്ന് വലിയ പാരിസ്ഥിതിക നാശത്തിന് കാരണമാകുമെന്നുമാണ് ഭയപ്പെടുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണചോര്‍ച്ച പടിവാതില്‍ക്കല്‍

1989 ല്‍ ഉണ്ടായ എക്സോണ്‍ വാള്‍ഡസ് ദുരന്തമാണ് ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ എണ്ണചോര്‍ച്ചയുണ്ടായ കപ്പലപകടം. എഫ്എസ്ഒ സഫറില്‍ നിന്ന് ചോര്‍ച്ചയുണ്ടായാല്‍ അന്നത്തേതിന്‍റെ നാലിരട്ടി എണ്ണ കടലിലേക്കെത്തുമെന്നാണ് കണക്കുകൂട്ടുന്നത്. സമയം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സമാനതകളില്ലാത്ത ദുരന്തം ഒഴിവാക്കാന്‍ രാജ്യാന്തര തലത്തില്‍ കൂട്ടായ പരിശ്രമം വേണമെന്നുമാണ് യുഎന്‍ഇപി ഡയറക്ടര്‍ ജൂലൈ 15 ന് ഐക്യരാഷ്ട്രസംഘടന സെക്യൂരിറ്റി കൗണ്‍സിലിനെ അറിയിച്ചത്. ഇത് അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഡയറക്ടര്‍ ഇന്‍ഗര്‍ ആന്‍ഡേഴ്സണ്‍ സെക്യൂരിറ്റി കൗണ്‍സിലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ജൂലൈയ്ക്കും സെപ്റ്റംബറിനും ഇടയില്‍ ചോര്‍ച്ചയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യെമന്‍റെ സമുദ്ര തീരപ്രദേശത്താകെ എണ്ണയെത്തുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് ഈ മേഖലയിലെ ആകെ ജൈവസമ്പത്തിനെ തകര്‍ത്തെറിയും. ജീവികള്‍ വ്യാപകമായി ചത്തൊടുങ്ങും. വൈകാതെ സൗദി അറേബ്യന്‍ തീരത്തേക്കും ചെങ്കടലുമായി അതിര്‍ത്തിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ തീരത്തേക്കും വ്യാപിക്കും. ഇവിടങ്ങളിലും സമാനമായ ആഘാതമാകും ചോര്‍ച്ച മൂലമുണ്ടായ എണ്ണപ്പാടകള്‍ സൃഷ്ടിക്കുക. ഇതാകട്ടെ ഈ രാജ്യങ്ങളുടെ മത്സ്യബംന്ധന സംവിധാനങ്ങളെയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളെയും തകര്‍ക്കും. കൂടാതെ എണ്ണ ചോര്‍ച്ച മൂലം ഓക്സിജന്‍ കിട്ടാതെ ജീവികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങത് ഗൗരവതരമായ ആരോഗ്യ പ്രതിസന്ധിയും മേഖലയിലുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

പട്ടിണിമരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന പ്രതിസന്ധി

മറ്റ് ചില സാമ്പത്തിക ആഘാതങ്ങള്‍ കൂടി യെമനില്‍ മാത്രം ഈ എണ്ണ ചോര്‍ച്ച മൂലമുണ്ടാകും. ആഭ്യന്തര യുദ്ധം മൂലം യെമനിലെ വലിയൊരു വിഭാഗം ഇപ്പോള്‍ തന്നെ പട്ടിണിയിലാണ്. ഇതിനു പുറമെ ഈ എണ്ണച്ചോര്‍ച്ച സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധികള്‍ ഈ പട്ടിണി കൂടുതല്‍ കഠിനമാക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ചും ഈ എണ്ണചോര്‍ച്ച ഉണ്ടായാല്‍ അല്‍ ഹൊദിയാ തുറമുഖം ആറുമാസത്തിലധികം അടച്ചിടേണ്ടി വരും. ഇത് രാജ്യത്ത് നിന്നുള്ള എണ്ണ ഉള്‍പ്പടെയുള്ള വസ്തുക്കളുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ഇതിപ്പോള്‍ ഭേദപ്പെട്ട നിലയില്‍ സാമ്പത്തിക സ്ഥിതി യുള്ളവരെക്കൂടി തകര്‍ച്ചയിലേക്കു നയിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. 

English Summary: A Huge Environmental And Humanitarian Disaster Is Looming In The Red Sea

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com