ADVERTISEMENT

തള്ള ഉപേക്ഷിച്ച കീരി കുഞ്ഞുങ്ങൾക്കു വിദ്യാർഥികൾ രക്ഷകരായി. 4 മാസം പോറ്റിവളർത്തിയവരെ വിട്ടകലാതെ കീരി വീട്ടുകാർക്കൊപ്പം. മങ്കൊമ്പ് രാരീരം വീട്ടിൽ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥൻ രാജശേഖരൻനായരുടെയും അജിതയുടെയും മക്കളായ ശാന്തിനിയും ശാമിനിയുമാണ് കീരിക്കുഞ്ഞുങ്ങൾക്കു രക്ഷകരായത്.

 

മൃഗസ്നേഹികളായ ശാന്തിനിയും ശാമിനിയും വഴിയിൽ ഉപേക്ഷിക്കുന്ന പൂച്ചകുഞ്ഞുങ്ങളെയും മറ്റും വീട്ടിലെടുത്തുകൊണ്ടു വളർത്താറുണ്ട്. 4 മാസം മുൻപു വീടിനു പരിസരത്ത് ഏതോ ജീവികളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ടു നോക്കിയപ്പോൾ കണ്ടത് കണ്ണുപോലും തുറക്കാത്ത പ്രായത്തിലുള്ള 2 കീരിക്കുഞ്ഞുങ്ങൾ.

 

ആദ്യം അവയെ എടുക്കാൻ പേടിച്ചെങ്കിലും കീരികുഞ്ഞുങ്ങളുടെ നിസഹായവസ്ഥ ഇരുവരുടെയും കരളലിയിപ്പിച്ചു. വീട്ടിൽ കൊണ്ടുവന്ന് ഫീഡ്ങ് ബോട്ടിലിൽ പാലു കൊടുത്തതോടെയാണു കീരി കുഞ്ഞുങ്ങൾ കരച്ചിൽ നിർത്തിയത്. കണ്ണു തുറന്നു സ്വന്തം കാലിൽ നിൽക്കാറായപ്പോൾ 1 കീരിക്കുഞ്ഞ് എവിടേയ്ക്കോ പോയി. ഒരാൾ വീട്ടുകാർക്കൊപ്പം കൂടി.

 

ഏലിക്കുട്ടിയെന്ന് ഓമനപ്പേരിൽ വിളിക്കുന്ന കീരി ഇപ്പോൾ വീട്ടിൽ ഒരു അംഗത്തെ പോലെയാണ്. രാവിലെ ചായയോ കാപ്പിയോ കുടിക്കും. അതു താഴെയോ മറ്റേതെങ്കിലും പാത്രത്തിലോ ഒഴിച്ചുകൊടുത്താൽ കുടിക്കില്ല. ശാന്തിനിയും ശാമിനിയും കാപ്പി കുടിക്കുന്നതുപോലെ ഗ്ലാസിൽ തന്നെ കിട്ടണമെന്നു നിർബന്ധമാണ്. ഹോർലിക്സോ, ബൂസ്റ്റോ ഇട്ടുകൊടുത്താലെ ഇപ്പോൾ പാലു കുടിക്കാറുള്ളു. 

 

ജീവനുള്ള പച്ച മീനാണ് ഇഷ്ട വിഭവം. ഇല്ലെങ്കിൽ രക്തമയമുള്ള പച്ചമീൻ. വേവിച്ച മീൻ കഴിക്കില്ലെങ്കിലും പുഴുങ്ങിയ മുട്ട ഇഷ്ടമാണ്. 

ജീവനുള്ള മീനിനെ വീടിനു മുന്നിലുള്ള തോട്ടിൽ നിന്ന് ചൂണ്ടെയിട്ടോ കൂട്ടിലോ പിടിക്കും. അച്ഛനാണു മീൻ പിടിച്ചു നൽകുന്നത്. കൂട്ടിൽ കുടുങ്ങുന്ന മീനിനെ കുട്ടിൽ കയറി ‘ഏലിക്കുട്ടി’ തന്നെയാണു പിടിച്ചുകൊണ്ടുപോകുന്നത്. തോട്ടിൽ നിന്നു മീൻ ലഭിക്കാത്ത അവസരങ്ങളിൽ വിലയ്ക്കുവാങ്ങി മീൻ നൽകും. 

 

ആഹാരം കഴിച്ചശേഷം വീടിനു പരിസരത്തുള്ള കുറ്റികാടുകളിലേക്കു പോയി മറ്റു കീരികൾക്കൊപ്പമാണു വാസം. എത്ര അകലെയാണെങ്കിലും വീട്ടുകാർ ‘ഏലിക്കുട്ടി’ എന്നു നീട്ടിവിളിച്ചാൽ കീരി വീട്ടുകാരുടെ അടുക്കലേക്ക് ഓടിയെത്തും. വീട്ടിലുള്ളവർ കടയിലോ പരിസരപ്രദേശങ്ങളിലോ പോയാൽ ഏലിക്കുട്ടിയും ഒപ്പമുണ്ടാകും. വീടിന്റെ രണ്ടാമത്തെ നിലയിൽ പ്രത്യേക കിടപ്പുമുറി തന്നെ കീരിക്കായി സജ്ജീകരിച്ചിട്ടുണ്ട്.

 

English Summary: Rare friendship between Mongoose and Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com