വായിൽ കുടുങ്ങിയ ക്യാനുമായി സഹായം തേടിയെത്തിയ ഹിമക്കരടി; പിന്നീട് സംഭവിച്ചത്?
Mail This Article
വായിൽ കുടുങ്ങിയ ക്യാനുമായി സഹായം തേടി മനുഷ്യരുടെ അരികിലേക്കെത്തിയ ഹിമക്കരടിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആർട്ടിക്ക് മേഖലയിലെ ജനവാസകേന്ദ്രമായ ഡിക്സൺ നിവാസികളുടെ കുടിലുകളിലേക്കാണ് സഹായം തേടി ഹിമക്കരടി അലഞ്ഞത്. പെൺഹിമക്കരടി ജനവാസകേന്ദ്രത്തിലിറങ്ങിയത് അറിയിക്കാനായി അലാം മുഴക്കിയിരുന്നു. എന്നാൽ നാവിൽ കുടുങ്ങിയ ടിൻ ക്യാൻ വേർപെടുത്താൻ സഹായം തേടിയായിരുന്നു ഹിമക്കരടിയുടെ യാത്ര.
വേലിക്കിടയിലൂടെ തലനീട്ടിയ ഹിമക്കരടിയുടെ വായിൽ നിന്ന് ക്യാൻ വേർപെടുത്താൻ പ്രദേശവാസികളിലൊരാൾ ശ്രമിച്ചെങ്കിലും നടന്നില്ല. ക്യാൻ വലിച്ചെടുത്താൽ നാവിൽ ആഴത്തിൽ മുറിവുണ്ടാകുമെന്നു തിരിച്ചറിഞ്ഞ ഇയാൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഒടുവിൽ പ്രദേശവാസികൾ അറിയിച്ചതനുസരിച്ച് കരടിയെ രക്ഷിക്കാനായി മോസ്ക്കോയിൽ നിന്ന് വെറ്ററിനറി വിദഗ്ധരടക്കമുള്ള സംഘം ഇവിടേക്കത്തുകയായിരുന്നു.
പുൽമേട്ടിൽ അലഞ്ഞുനടന്ന കരടി കണ്ടെത്തി ഉടൻതന്നെ സംഘം അതിനെ മയക്കുവെടിവച്ചു വീഴ്ത്തി. മയങ്ങിവീണ കരടിയുടെ നാവിൽ നിന്ന് ക്യാൻ വേർപെടുത്തിയെടുത്തു. വേണ്ട മരുന്നുകൾ നൽകിയ ശേഷം കരടി മയക്കം വിട്ടുണരാൻ കാത്തിരുന്നു. മോസ്ക്കോ മൃഗശാല ഡയറക്ടർ സ്വെറ്റ്ലാന അക്യുലോവയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരടിയെ രക്ഷിക്കാനെത്തിയത്. ദിവസങ്ങളായി പട്ടിണിയിലായിരുന്നു കരടി. നിർജലീകരണവും സംഭവിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കരടിക്ക് ഭക്ഷിക്കാനായി അതിനരികിലായി ഇവർ കുറച്ച് മത്സ്യങ്ങളും കരുതിയിരുന്നു. വായിലെ മുറിവുകൾ ഭേദമായ ശേഷം കരടിയെ സ്വാഭാവിക ആവാസവ്യസ്ഥയിലേക്ക് തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം.
English Summary: Polar Bear That Sought Help From Humans After Getting Tin Can Stuck In Mouth Rescued