ഡീസലിന് പകരം ഹൈബ്രിഡ്; പുതിയ ഡസ്റ്ററിനെപ്പറ്റി അറിയാം 5 കാര്യങ്ങള്‍
Mail This Article
ഇന്ത്യയിലെ കാര്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് ഡസ്റ്റര്‍. മൂന്നാം തലമുറ റെനോ ഡസ്റ്റര്‍ 2025ല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഡസ്റ്റര്‍ രാജ്യാന്തര വിപണിയില്‍ ഡാസിയ പുതിയ പ്ലാറ്റ്‌ഫോമിലും പരിഷ്കരിച്ച രൂപത്തിലും കരുത്തിലും പുറത്തിറക്കിയിട്ടുണ്ട്. എന്തൊക്കെയാണ് അടിമുടി മാറിയെത്തുന്ന ഡസ്റ്ററിന്റെ വിശേഷങ്ങളെന്നു നോക്കാം.
പുതിയ പ്ലാറ്റ്ഫോം
റെനോയും നിസാനും ചേര്‍ന്നു നിര്‍മിച്ച സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമാണ് പുതിയ ഡസ്റ്ററിലുള്ളത്. റെനോയുടെ സഹോദര സ്ഥാപനമായ ഡാസിയയും ചില വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്നുണ്ട്. ഡസ്റ്ററിന്റെ പഴയ എഒ പ്ലാറ്റ്‌ഫോമിനേക്കാള്‍ ആധുനികമാണ് പുതിയ പ്ലാറ്റ്‌ഫോം. ഇന്ത്യന്‍ വിപണിക്കു വേണ്ടി റെനോയും നിസാനും 5,300 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പ്രധാനമായും രണ്ടു ബ്രാന്‍ഡുകളും ചേര്‍ന്ന് പുതിയതായി നിര്‍മിക്കുന്ന ആറ് മോഡലുകള്‍ക്കു വേണ്ടിയാണ്. ഈ മോഡലുകളില്‍ സിഎംഎഫ്-ബി പ്ലാറ്റ്‌ഫോമും വൈദ്യുത മോഡലുകളില്‍ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമുമാണ് ഉപയോഗിക്കുക.
മസ്കുലർ രൂപം
വലിയ 18 ഇഞ്ച് വീലുകളും മസിലുകള്‍ പോലെ എടുത്തുകാണിക്കുന്ന ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിങും കൂര്‍ത്ത വീല്‍ ആര്‍ക് ഡിസൈനുമെല്ലാം ചേര്‍ന്ന് കൂടുതല്‍ റഫ് ലുക്ക് നല്‍കുന്നുണ്ട് പുതിയ ഡസ്റ്ററിന്. Y ആകൃതിയിലുള്ള ഡിആര്‍എല്ലുകളാണ് ഹെഡ് ലൈറ്റുകളില്‍ നല്‍കിയിരിക്കുന്നത്. ലൈറ്റുകള്‍ ഗ്രില്ലുമായി ചേര്‍ന്നു പോവുന്നു. ഡാസിയയുടെ ഡസ്റ്റര്‍ രൂപമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റെനോയുടെ കയ്യിലൂടെ ഇന്ത്യയിലേക്കെത്തുമ്പോള്‍ ഈ ഡസ്റ്ററിന്റെ രൂപത്തില്‍ മാറ്റങ്ങളുണ്ടാവും. പഴയ ഡസ്റ്ററിലേതുപോലെ 4.34 മീറ്ററാണ് പുതുഡസ്റ്ററിന്റേയും നീളം. എങ്കിലും ഡസ്റ്ററിന്റെ മൂന്നു നിരകളുള്ള ഏഴു സീറ്റ് എസ് യു വിയും വില്‍പനക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റൈലിഷ് ഇന്റീരിയർ
സെന്റര്‍ കണ്‍സോളിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡാഷ്‌ബോര്‍ഡാണ് ഡസ്റ്ററില്‍. വൈ രൂപത്തിലുള്ള എ സി വെന്റുകളും ക്ലൈമറ്റ് കണ്‍ട്രോളിന് പ്രത്യേകം ബട്ടണുകളുമുണ്ട്. 10.1 ഇഞ്ച് ടച്ച് സ്‌ക്രീനാണ് നടുവിലായുള്ളത്. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, 6 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക് എന്നിവയും ഡസ്റ്ററിലുണ്ട്. രണ്ട് യുഎസ്ബി സി പോട്ടുകളും ഒരു 12വി ഔട്ട്‌ലറ്റും മുന്നിലേയും പിന്നിലേയും യാത്രികര്‍ക്ക് ലഭിക്കും. ഓട്ടോ എമര്‍ജന്‍സി ബ്രേക്ക്, ലൈന്‍ കീപ്പ് അസിസ്റ്റ് എന്നിങ്ങനെ നിരവധി സുരക്ഷാ സൗകര്യങ്ങളുള്ള അഡാസും ഡസ്റ്ററിലുണ്ടാവും.
പെട്രോൾ, ഹൈബ്രിഡ്
മൂന്ന് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ഡസ്റ്ററില്‍ പ്രതീക്ഷിക്കാം. ഹൈബ്രിഡ് 140 എന്ന പേരിലാണ് ഹൈബ്രിഡ് രൂപത്തില്‍ ഡസ്റ്റര്‍ എത്തുക. 94 എച്ച്പി, 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 49 എച്ച്പി ഇലക്ട്രിക് മോട്ടോറുമാണ് ഹൈബ്രിഡിലുണ്ടാവുക. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും റീജനറേറ്റീവ് ബ്രേക്കിങും 1.2kWh ബാറ്ററിയുമുള്ള ഹൈബ്രിഡ് മോഡലിന് സിറ്റി ഡ്രൈവിന്റെ 80 ശതമാനം ഇന്ധനം നല്‍കാനാവും. ത്രീ സിലിണ്ടര്‍, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും ചേര്‍ന്ന് 130എച്ച്പി കരുത്ത് പുറത്തെടുക്കുന്ന TCe 130 എന്‍ജിനാണ് അടുത്തത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും ഫ്രണ്ട് വീല്‍ ഡ്രൈവുമാണ് സ്റ്റാന്‍ഡേഡായി എത്തുക. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷണലായി ലഭിക്കും. ഡീസല്‍ മോഡല്‍ ഇല്ലെങ്കിലും ചില വിപണികളിലെങ്കിലും പെട്രോള്‍ -എല്‍പിജി മോഡല്‍ ലഭ്യമാണ്.
ഓട്ടോ മോഡില്‍ മുന്നിലേയും പിന്നിലേയും ആക്‌സിലിലേക്ക് ആവശ്യത്തിന് അനുസരിച്ച് കരുത്ത് വീതിച്ചു നല്‍കും. സ്‌നോ, മഡ്/സാന്‍ഡ്, ഓഫ് റോഡ്, ഇക്കോ എന്നിങ്ങനെ വിവിധ ഡ്രൈവിങ് മോഡുകളുണ്ട്. ഓള്‍ വീല്‍ ഡ്രൈവില്‍ ഹില്‍ ഡിസെന്റ് കണ്‍ട്രോളും ഓഫ് റോഡ് സ്‌ക്രീനില്‍ ടില്‍റ്റ് ആംഗിളും ആക്‌സിലുകള്‍ക്കിടയിലെ പിച്ച് ആന്റ് ടോര്‍ക് ഡിസ്ട്രിബ്യൂഷനുമെല്ലാം തെളിയും.
ഇന്ത്യയിൽ എന്ന്?
2025 അവസാനത്തോടെ ഡസ്റ്ററിനെ റെനോ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെല്‍റ്റോസ്, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, സ്‌കോഡ കുഷാക്, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, എംജി അസ്റ്റര്‍... ഇവരൊക്കെയായിരിക്കും ഡസ്റ്ററിന്റെ പ്രധാന എതിരാളികള്‍. 20 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.