ADVERTISEMENT

ഗാന്ധിജിയുടെ കണ്ണട പോലെ ലളിതമായ ഒരു കണ്ണാടിക്കട. കടയുടെ പൂമുഖത്തെ പരസ്യ ബോർഡി‍ൽ രണ്ടുവരിക്കവിത!  മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം ! കണ്ണു പരിശോധിക്കുന്ന ഡോക്റുടെ മുറിയിൽ കാണാറുള്ള ബോർഡിലെപ്പോലെ പല വലുപ്പത്തിലുള്ള അക്ഷരങ്ങളിലാണ് കവിത എഴുതി വച്ചിരിക്കുന്നത്.  ആ ബോർഡ് കണ്ട് കൗതുകം തോന്നി ഒരു യാത്രക്കാരൻ ഒരിക്കൽ കണ്ണു പരിശോധിക്കാൻ കയറിച്ചെന്നു. ഡോക്ടർ അയാളോട് തന്റെ മുന്നിലെ ബോർഡിലെ അക്ഷരങ്ങൾ വായിക്കാൻ പറഞ്ഞു; കണ്ണിന്റെ പവർ അറിയാനാണ്. 

ആ ബോർഡിലേക്കു നോക്കാതെ, കണ്ണടച്ചു പിടിച്ച് വന്നയാൾ ഉറക്കെച്ചൊല്ലി...  മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തു, കണ്ണടകൾ വേണം, കണ്ണടകൾ വേണം. മുഴക്കമുള്ള ആ ശബ്ദം തിരിച്ചറിഞ്ഞ് ഡോക്ടർ അത്ഭുതത്തോടെ ചോദിച്ചു... കവി മുരുകൻ കാട്ടാക്കട?! താങ്കൾക്കെന്തിനാണ് കണ്ണട! കണ്ണു മാത്രമല്ല, അകക്കണ്ണും നന്നായി തെളിഞ്ഞു കാണാമല്ലോ..! സ്വന്തം കവിതയെപ്പറ്റി കവി മുരുകൻ കാട്ടാക്കടയുടെ റോഡനുഭവങ്ങളിലൊന്നാണിത്.  കേരളത്തിൽ കണ്ണട വിൽക്കുന്ന പല കടകൾക്കും പരസ്യ വാചകം കണ്ണടയെന്ന അദ്ദേഹത്തിന്റെ കവിതയിലെ വരികളാണ്. ഏതു സാധാരണക്കാരനും അവന്റെ നിത്യജീവിതത്തിലെ ഏതു കാര്യത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്നത്ര വഴങ്ങുന്നതാണ് മലയാള ഭാഷയും മലയാള കവിതയും എന്ന് അടയാളപ്പെടുത്താൻ പറ്റുന്നതിൽ കവിയെന്ന നിലയിൽ സന്തോഷമുണ്ടെന്ന് മുരുകൻ പറയുന്നു.

കവിത റോഡിലേക്ക് ഇറങ്ങി വന്ന അനുഭവമാണിതെങ്കിൽ കവിയെ രാത്രിയിൽ റോഡിൽ ഇറക്കിവിട്ട അനുഭവം ആലക്കോട്ടു നിന്നുണ്ട്. കേരള–കർണാടക അതിർത്തിയിലെ ഗ്രാമമായ ആലക്കോട്ട് ഒരു സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് മുരുകൻ. മുൻ എംഎൽഎ കൂടിയായ ടി.വി. രാജേഷാണ് സംഘാടകൻ. പരിപാടി കഴിഞ്ഞപ്പോൾ രാത്രി വൈകി. കവിക്കു തിരുവനന്തപുരത്തേക്കുള്ള തീവണ്ടി പിടിക്കണം. ദൂരെയുള്ള റയിൽവേ സ്റ്റേഷനിലേക്ക് കവിയും രാജേഷുംകൂടി കാറിൽപോവുകയാണ്.

പഴയ കാറാണ്. പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിട്ടും സമയത്തെത്തുമോ എന്ന് ഉറപ്പില്ല. അതിനിടെയാണ് കാറിന്റെ ഹെഡ്‍ലൈറ്റ് കെട്ടത്. ഡ്രൈവർ പുറത്തിറങ്ങി ബോണറ്റ് പൊക്കി. വയർ  ലൂസായതാണ്. അതു മുറുക്കിയതോടെ ലൈറ്റ് കത്തി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ വീണ്ടും കെട്ടു. മുരുകന്റെ കൈയിൽ ടോർച്ചുള്ള ചെറിയ മൊബൈൽ ഫോണുണ്ട്. ഡ്രൈവറെ വെളിച്ചം കാണിക്കാൻ അതുമായി ചാടിയിറങ്ങി. ഇതിങ്ങനെ പലതവണയായപ്പോൾ  മുരുകനു ടെൻഷനായി. ഇന്നു ട്രെയിൻ പോയതു തന്നെ. 

ഒരിക്കൽക്കൂടി ലൈറ്റ് ഓഫായതും പിൻസീറ്റിൽനിന്ന് ഇരുട്ടിലേക്ക് കവി ചാടിയിറങ്ങി. അപ്പോഴേക്കും ഹെഡ്‍ലൈറ്റ് താനെ ഓണായി. ഡ്രൈവർ കാർ വിട്ടു. പിൻസീറ്റിൽ നിന്ന് ആളിറങ്ങിയത് മുൻസീറ്റിലിരുന്ന രാജേഷും ഡ്രൈവറും അറിഞ്ഞില്ല.

മുരുകൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിനു പിന്നാലെ ഓടി. ആരു കേൾക്കാൻ ! ഭയങ്കര ഇരുട്ട്. മൊബൈൽ ഫോണിനു റേഞ്ചുമില്ല.

ഓടിച്ചെന്നു നിന്നത് ഒരു ചെറിയ കടയുടെ മുന്നിൽ. കടയുടമയോട് ഒറ്റ ശ്വാസത്തിൽ പറഞ്ഞു... അനിയാ, ആ പോകുന്ന കാറിൽ നിന്ന് അബദ്ധത്തിൽ ഇറങ്ങിയ ആളാണ് ഞാൻ. എന്നെ ഒന്നു സഹായിക്കണം.

കടയുടമ ടോർച്ചടിച്ചു നോക്കി. വേഷം ജൂബ, ഓടിയണച്ചുള്ള വരവ്. ആകെ പന്തികേട്! സാധനം വാങ്ങാൻ കടയുടെ പുറത്തു നിന്നിരുന്ന ആളെക്കൂടി പെട്ടെന്ന് ഉള്ളിലേക്ക് വലിച്ചു കയറ്റി കടയുടമ ഷട്ടർ വലിച്ചിട്ടു,  ലൈറ്റും അണച്ചു.

പിന്നെ വിജനമായ വഴിയിലൂടെ മൊബൈൽ ഫോണിന്റെ റേഞ്ചും തേടി കവി നടന്നു. കുറെ നടന്നപ്പോൾ ചെരിപ്പിന്റെ രണ്ടു കട്ട തേഞ്ഞു, ഫോണിൽ ഒരു കട്ട തെളിഞ്ഞു! രാജേഷിനെ ഫോണിൽ വിളിച്ചു. കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ആളെന്തിനാ ഫോൺ വിളിക്കുന്നതെന്നു വിചാരിച്ച് രാജേഷ് ഫോണെടുക്കാതെ തിരിഞ്ഞു നോക്കി. കവി കാറിലില്ല. കുറെ ദൂരം കാർ തിരിച്ചോടിയാണ് കവിയെ കണ്ടെത്തിയത്. 

ആ യാത്രയെപ്പറ്റിയായിരുന്നു മുരുകന്റെ അടുത്ത കവിത; പേര് അവസാന വണ്ടി ! ജീവിതമാകുന്ന വണ്ടിയിൽ നിന്ന് അപ്രതീക്ഷിതമായി ഇറങ്ങേണ്ടി വരുമെന്ന ഓർമപ്പെടുത്തലാണ് ആ കവിത. 

ജീവിതത്തിന്റെ അവസാന വണ്ടിയിൽ നിന്ന് ഒരുമിച്ച് ഇറങ്ങിപ്പോയ രണ്ടു ചെറുപ്പക്കാരുടെ ഓർമയും മുരുകന്റെ മനസ്സിലേക്ക് വരുന്നുണ്ട്. ഒരിക്കൽ‌ ഒരു ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുരുകനെ ഫോണിൽ വിളിച്ചു. യുവാക്കളായ രണ്ടു പൊലീസുകാരുടെ മരണത്തെപ്പറ്റി അറിയാനാണ്.  

ആത്മസുഹൃത്തുക്കളായിരുന്നു അവർ. ട്രഷറിക്ക് കാവലായിരുന്നു ജോലി. അവിടെയും ഒരുമിച്ചായിരുന്നു ഡ്യൂട്ടി. ഒരു ദിവസം അവർ ഒരുമിച്ച് മരിച്ചു.  ആത്മഹത്യയ്ക്കു തൊട്ടുമുമ്പ് ഫോൺ വിളിച്ചിരിക്കുന്നത് കവിയെയാണ്. ആ കോൾ കവി എടുത്തിട്ടില്ല, പക്ഷേ. ഓർമിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമിക്കണം എന്ന വാക്കു മാത്രം. എന്നെങ്കിലും വീണ്ടും എവിടെ വച്ചെങ്കിലുംകണ്ടുമുട്ടാമെന്ന വാക്കു മാത്രം

നാളേ പ്രതീക്ഷ തൻ കുങ്കുമപ്പൂവായ്നാം കടം കൊള്ളുന്നതിത്രമാത്രം മുരുകന്റെ രേണുക എന്ന കവിതയിലെ ഈ വരികൾ ആവർത്തിച്ച് ആവർത്തിച്ച് കേട്ടാണ് അവർ ആത്മഹത്യ ചെയ്തത്. 

സ്വവർഗാനുരാഗികളായിരുന്നു അവർ. ഒരാളുടെ വിവാഹം നിശ്ചയിച്ചതിൽ മനം നൊന്ത് ജീവിതത്തിന്റെ അവസാന വണ്ടിയിൽ നിന്ന് അവർ ഒരുമിച്ച് ഇറങ്ങിപ്പോവുകയായിരുന്നു!  ജീവിതത്തിന്റെ നടുറോഡിൽ ഇറക്കി വിടപ്പെട്ടവർക്ക് കയറി വരാനുള്ള ഒരിടമാകണം തന്റെ കവിത എന്നാണ് എന്നും മുരുകന്റെ ആഗ്രഹം.

English Summary:

Murukan Kattakada: When Life Imitaed Art on Kerala Roads

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com