കൺസർവേറ്റിവ് സമ്മേളന വേദിയിൽ താരമായി അക്ഷത മൂർത്തി; ചിത്രങ്ങൾ വൈറൽ
Mail This Article
മാഞ്ചസ്റ്റർ ∙ ഒക്ടോബർ 1 മുതൽ 4 വരെ മാഞ്ചസ്റ്ററിൽ നടന്ന ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ വാർഷിക സമ്മേളന വേദിയിൽ താരമായി ബ്രിട്ടന്റെ ഇന്ത്യന്‍ മരുമകള്‍. ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വേരുകൾ ഉള്ള ഏഷ്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയാണ് താരമായത്. സമ്മേളന വേദിയിൽ അവതാരികയായി അക്ഷത മൂര്‍ത്തി എത്തിയത് തന്റെ 'ഏറ്റവും അടുത്ത സുഹൃത്തിനെ' പിന്തുണയ്ക്കാനാണ്.
സമ്മേളനത്തിന്റെ അവസാന ദിവസം ഏവരും കാത്തിരുന്ന പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രസംഗത്തിന് മുന്നോടിയായാണ് അക്ഷത മൂര്‍ത്തി വേദിയിലെത്തി ഭര്‍ത്താവിന്റെ സത്യസന്ധതയും ആത്മാർഥതയും, തെറ്റും ശരിയും തിരിച്ചറിയാനുള്ള കഴിവ് വിശദീകരിച്ച് അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിന്റെ ചിത്രങ്ങൾ അക്ഷതയുടെ ഓഫിഷ്യൽ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചപ്പോൾ നിരവധി പേരാണ് ഏറ്റെടുത്തത്. ചിത്രങ്ങളും പ്രസംഗത്തിന്റെ വിഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
'ഋഷിക്ക് പാര്‍ട്ടിയെ കുറിച്ചും അതിന്റെ അടിസ്ഥാന മൂല്യങ്ങളെ കുറിച്ചും ഏറെ കരുതലുണ്ട്. നിങ്ങള്‍ ഇതിനകം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. രാജ്യത്തിന് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഋഷി കഠിനാധ്വാനം ചെയ്യുകയാണ്. ഇത് തല്‍ക്കാലത്തേക്കല്ല, ദീര്‍ഘ കാലത്തേക്കാണ്. ഞാന്‍ ഇവിടെ എത്തിയതിന് കാരണം വളരെ ലളിതമാണ്. ഞാനും ഋഷിയും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരു ടീമാണ്. ഈ ദിവസം മറ്റൊരിടത്തും നില്‍ക്കുന്നത് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിനും പാര്‍ട്ടിയോടുമുള്ള പിന്തുണ പ്രകടിപ്പിക്കുകയാണ്...' ഇങ്ങനെ ആയിരുന്നു അക്ഷതയുടെ പാർട്ടി സമ്മേളന വേദിയിലെ സ്വാഗത പ്രസംഗത്തിലെ വാക്കുകൾ.
ഇൻഫോസിസ് സ്ഥാപകൻ എൻ. അർ നാരായണമൂര്‍ത്തിയുടെയും സുധ മൂർത്തിയുടെയും മകളായ അക്ഷത പൊതുവെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന പതിവ് ഇല്ലങ്കിലും മാഞ്ചസ്റ്റർ സമ്മേളനത്തിൽ സജീവമായി ഭർത്താവിനോപ്പം പാർട്ടി വേദികൾ പങ്കിട്ടു. ഇരുവരും കലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നതും പിന്നീട് വിവാഹിതർ ആകുന്നതും. ഇന്ത്യയിൽനിന്നും ഈസ്റ്റ് ആഫ്രിക്ക വഴി ബ്രിട്ടനിലേക്കു കുടിയേറിയ പഞ്ചാബി കുടുംബത്തിൽ ജനിച്ചയാളാണ് ഋഷി സുനക്. സൗത്താംപ്റ്റണിൽ ബ്രിട്ടിഷ് പൗരനായി ജനിച്ച ഋഷി അക്ഷതയുടെ ഭർത്താവ് എന്ന നിലയിൽ ഇന്ത്യയുടെ മരുമകനാണ്. ബ്രിട്ടിഷ് പ്രധാന മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ അക്ഷത ബ്രിട്ടന്റെ മരുമകളും.