ADVERTISEMENT

ലണ്ടൻ ∙ ശുദ്ധമല്ലാത്ത രക്തം 30,000 പേർക്ക് നൽകുകയും അതിന്റെ പേരിൽ മൂവായിരത്തോളം പേർ രോഗികളായി മരിക്കുകയും ചെയ്ത സംഭവത്തിൽ വൻതുക നഷ്ടപരിഹാരം പ്രഖ്യാപിച്ച് ബ്രിട്ടീഷ് സർക്കാർ. 2.7 മില്യൺ പൗണ്ടിന്റെ നഷ്ടപരിഹാര പാക്കേജാണ് സർക്കാർ ഓരോരുത്തർക്കും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കി തുക കൈമാറാൻ 100 കേസ് വർക്കർമാരെ പുതുതായി നിയമിക്കും. ഇടക്കാല ആശ്വാസമായി ഇരകളായ എല്ലാവർക്കും 210,000 പൗണ്ട് 90 ദിവസത്തിനകം നൽകും. രോഗം ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ഈ തുക ലഭിക്കും. ക്യാബിനറ്റ് മിനിസ്റ്റർ ജോൺ ഗ്ലെന്നാണ് ഇന്നലെ പാർലമെന്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

അണുബാധയുള്ള രക്തം സ്വീകരിച്ചതിന്റെ പേരിൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചവർക്ക് ചുരുങ്ങിയത് 35,000 പൗണ്ടാണ് നഷ്ടപരിഹാരം ലഭിക്കുക. രോഗത്തിന്റെ ഗൗരവം അനുസരിച്ച് ഇത് 1,557,000 പൗണ്ടുവരെയാകാം. രക്തം സ്വീകരിച്ചതിലൂടെ എച്ച്ഐവി ബാധിതരായവർക്ക് 2,615,000 പൗണ്ടാണ് കുറഞ്ഞ നഷ്ടപരിഹാരം. ഇതു രണ്ടും ബാധിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് 2,735,000 പൗണ്ടുവരെ നഷ്ടപരിഹാരം നൽകും. മരണപ്പെട്ടവരുടെ ആശ്രിതർക്കും സമാനമായ തുക ലഭിക്കും. ഇത്തരത്തിൽ മൾട്ടിബില്യൻ നഷ്ടപരിഹാര പാക്കേജാണ് ഇന്ന് സർക്കാർ പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞത് 10 ബില്യൻ പൗണ്ടെങ്കിലും ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

നാലു പതിറ്റാണ്ടു മുമ്പ് സംഭവിച്ച ഈ തെറ്റിന് കഴിഞ്ഞദിവസം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പാർലമെന്റിൽ രാജ്യത്തോട് മാപ്പു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ സംഭവത്തിന് ഇരയായവർക്ക് വൻതുക നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 1970-1991 കാലഘട്ടത്തിൽ സംഭവിച്ച തെറ്റിനാണ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞദിവസം പാർലമെന്റിൽ രാജ്യത്തോട് മാപ്പു പറഞ്ഞത്. ഈ കാലയളവിൽ കൃത്യമായ പരിശോധനയില്ലാതെ ശേഖരിച്ച ശുദ്ധമല്ലാത്ത രക്തം മുപ്പതിനായിരത്തോളം രോഗികൾക്ക് നൽകുകയും അതിന്റെ പേരിൽ അവരിൽ ഭൂരിഭാഗം പേരും രോഗികളായി മാറുകയും ചെയ്തു എന്നാണ് സ്വതന്ത്ര അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. സർ ബ്രയാൻ ലാങ്സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്റെ റിപ്പോർട്ടിൽ ഇതിൽ മൂവായിരത്തോളം പേർ കാൻസറും ഹെപ്പറ്റൈറ്റിസും ഉൾപ്പടെയുള്ള രോഗങ്ങൾ വന്നു മരിക്കാൻ കാരണമായത് രക്തം സ്വീകരിച്ചതു മൂലമാണെന്നും വെളിപ്പെടുത്തുന്നു. അഞ്ചു വർഷം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച റിപ്പോർട്ട് കമ്മിഷൻ പുറത്തുവിട്ടത്. 

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത രക്തശേഖരത്തിലാണ് ഇത്തരം ശുദ്ധമല്ലാത്ത രക്തം കണ്ടെത്തിയത്. ജയിൽപുള്ളികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആയ ദാദാക്കളിൽനിന്നും ശേഖരിച്ച രക്തമാണ് ഇത്തരത്തിൽ എൻഎച്ച്എസിൽ ചികിൽസയ്ക്കായി ഉപയോഗിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 1986 വരെ ബ്രിട്ടനിലെ ജയിൽ പുള്ളികളിൽനിന്നും ഇത്തരത്തിൽ രക്തം ശേഖരിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇത്തരത്തിൽ ശേഖരിക്കുന്ന രക്തം കൃത്യമായ പരിശോധനകൾ ഇല്ലാതെയാണ് രോഗികൾക്ക് നൽകിയിരുന്നതെന്നും റിപ്പോർട്ട് പറയുന്നു. 

ഇത് യാദൃശ്ചികമായി സംഭവിച്ച തെറ്റല്ലെന്നും ഡോക്ടർമാരും ബ്ലഡ് സർവീസും കാലാകാലങ്ങളിൽ ഭരണത്തിലിരുന്ന സർക്കാരുകളും രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മിഷൻ വ്യക്തമാക്കുന്നത്. രോഗികളുടെ സുരക്ഷയ്ക്കായിരിക്കണം ഏറ്റവും വലിയ പ്രാധാന്യം നൽകേണ്ടത് എന്ന തത്വം ഇക്കാര്യത്തിൽ വിസ്മരിക്കപ്പെട്ടു. 

ഇത്തരത്തിൽ ശേഖരിച്ച രക്തം നൽകുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അപകടത്തെക്കുറിച്ചും രോഗികളെ ബോധവാന്മാരാക്കിയിരുന്നില്ല. അതിനാൽതന്നെ ഇതുമൂലമുള്ള അപകടം രോഗികൾ തിരിച്ചറിഞ്ഞിരുന്നില്ല എന്നാണ് അന്വേഷണം തുറന്നുകാട്ടുന്നത്. ഏറ്റവും മികച്ച ചികിൽസയാണ് രോഗികൾക്ക് നൽകുന്നതെന്ന് മാറിവന്ന സർക്കാരുകളും ആവർത്തിച്ചു. വിദേശത്തുനിന്നും രക്തം ഇറക്കുമതി ചെയ്യുന്നതിന്റെ അപകട സാധ്യത പലരും ചൂണ്ടിക്കാട്ടിയിട്ടും 1983ൽ ഇറക്കുമതി നിയന്ത്രിക്കുന്നതിൽ സർക്കാർ വിഴ്ച വരുത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തൽ. രക്തം പരിശോധിക്കുന്നതിൽ യുകെ ബ്ലഡ് സർവീസ് വരുത്തിയ വീഴ്ചയെയും അന്വേഷണ റിപ്പോർട്ട് നിശിതമായി വിമർശിക്കുന്നുണ്ട്. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയും അന്നത്തെ ഹെൽത്ത് മിനിസ്റ്ററെയുമെല്ലാം നിശിതമായി വിമർശിക്കുന്നതാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ. 

English Summary:

Victims of UK Blood Scandal to Start Receiving Final Compensation this Year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com