കാസർകോട്ടുകാർ സാക്ഷി; കേരളം പ്രിയ ദേശമെന്ന് ചാൾസ് രാജാവ്
Mail This Article
കാസർകോട് ∙ നിങ്ങൾ കേരളത്തിൽ നിന്നാണോ? ചാൾസ് രാജാവിന്റെ ആ ചോദ്യം കേട്ട് ഡോ. ഉണ്ണിക്കൃഷ്ണൻ ആദ്യം ഒന്ന് അമ്പരന്നു. ഇന്ത്യ എന്നു പോലും പറയാതെ ഇത്ര കൃത്യമായി ബ്രിട്ടിഷ് രാജാവ് കേരളത്തെക്കുറിച്ച് ചോദിച്ചതെന്താകും?
യുക്രെയ്ൻ, ഗാസ, ലബനൻ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച് എൻജിഒ പ്രതിനിധികൾക്കായി രാജാവ് വിളിച്ച യോഗത്തിനെത്തിയതായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയും പ്ലാൻ ഇന്റർനാഷനൽ എന്ന സംഘടനയുടെ ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഡയറക്ടറുമായ ഡോ. ഉണ്ണിക്കൃഷ്ണൻ.
കേരളത്തെപ്പറ്റി ആദ്യ ചോദ്യത്തിൽ രാജാവ് നിർത്തിയില്ല. ‘കേരളവുമായി എനിക്ക് വളരെ നല്ല ഓർമകളുണ്ട്. ഞാൻ ഒരു പുതുവത്സരം അവിടെ ചെലവഴിച്ചിട്ടുണ്ട്.’- ചാൾസ് രാജാവ് തുടർന്നു.
രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീൻ തന്റെ നാട്ടുകാരിയാണെന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞതോടെ അവരെ അരികിലേക്കു വിളിപ്പിക്കുകയും ചെയ്തു. കാസർകോട് തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശി പരേതനായ ഡോ. പുതിയപുര ഷംസുദ്ദീന്റെയും ഹൈദരാബാദ് സ്വദേശിനി ഷഹനാസിന്റെയും മകളാണ് മുന ഷംസുദ്ദീൻ. കാഞ്ഞങ്ങാട് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ അമ്മ പി.വി. സരള, മലയാള മനോരമ പത്രത്തിൽ വന്ന മുന ഷംസുദ്ദീനെക്കുറിച്ചുള്ള വാർത്ത നാട്ടിൽനിന്ന് അയച്ചുകൊടുത്തിരുന്നു. ഇതിന്റെ പ്രിന്റ് ഉണ്ണിക്കൃഷ്ണൻ മുനയ്ക്ക് കൈമാറി.