കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയത് അപൂർവ നാണയം; ലേലത്തിൽ വിറ്റു പോയത് 5000 പൗണ്ടിന്

Mail This Article
ലണ്ടൻ ∙ കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ അപൂർവ നാണയത്തിന് യുകെയിൽ ലേലത്തിലൂടെ ലഭ്യമായത് 5000 പൗണ്ട്. ഏകദേശം 1900 ലേറെ വർഷം പഴക്കം കണക്കാക്കുന്ന റോമൻ കാലത്തെ ഈ നാണയം വെസ്റ്റ് മിഡ്‌ലാൻഡിലെ കിങ്സ്വിൻഫോർഡിൽ നിന്നുള്ള റോൺ വാൾട്ടേഴ്‌സ് (76) എന്നയാൾക്ക് കഴിഞ്ഞ വർഷം ഡഡ്‌ലിക്ക് സമീപമുള്ള വാൾ ഹീത്തിൽ നിന്നാണ് ലഭിച്ചത്.
മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നാണയം കണ്ടെത്തുകയായിരുന്നു. യുകെയിൽ ഈ ഗണത്തിൽപ്പെട്ട ഒരു നാണയം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ നാണയം വളരെ കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയത് എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞവർഷം സ്വിറ്റ്‌സർലൻഡിൽ ഏകദേശം 50,000 പൗണ്ടിനാണ് സമാനമായ കാലപഴക്കമുള്ള നാണയം വിറ്റു പോയത്. ആഭ്യന്തരയുദ്ധകാലത്ത് വെറും എട്ട് മാസം ഭരിച്ചിരുന്ന ഓലസ് വിറ്റെലിയസ് ചക്രവർത്തിയെയാണ് നാണയത്തിൽ ചിത്രീകരിക്കുന്നത്. ആരുടെ ഭൂമിയിൽ നാണയം കണ്ടെത്തിയോ ആ കർഷകന് വിൽപനയിൽ നിന്നുള്ള വരുമാനത്തിന്റെ പകുതി ലഭിക്കും എന്നതാണ് യുകെയിലെ നിയമം. അതിനാൽ നാണയം കണ്ടെത്തിയ റോൺ വാൾട്ടേഴ്സിന് ബാക്കി തുകയായ 2500 പൗണ്ടാണ് ലഭിക്കുക. യുകെയിൽ അതിപുരാതന കാലത്തെയെന്ന് കരുതുന്ന അമൂല്യമായ വസ്തുക്കൾ നിരവധി സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.