മകന് കഴിക്കാൻ ചിപ്സ് എടുക്കുന്നതിനിടെ കണ്ടത് പഴയ ലോട്ടറി ടിക്കറ്റ്; ഞെട്ടിച്ച് ഫലം, തേടിയെത്തിയത് 11 കോടി രൂപ!

Mail This Article
ലണ്ടന്‍∙ലോട്ടറി എടുക്കുന്നതും ഫലം ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്നതും സാധാരണ സംഭവമാണ്. എന്നാൽ മാസങ്ങൾക്ക് മുൻപ് അശ്രദ്ധമായി കാറിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് ഒരു മില്യൻ പൗണ്ട് (ഏകദേശം 11 കോടി ഇന്ത്യൻ രൂപ) സമ്മാനം ലഭിച്ചാലോ. അത്തരം ഒരു വാർത്തയാണ് യുകെയിലെ നാഷനൽ ലോട്ടറി പുറത്തുവിട്ടത്.
വെയിൽസിലെ സ്വാൻസിയയിൽ നിന്നുള്ള ഡാരൻ ബർഫിറ്റാണ് ഈ അവിശ്വസനീയ ഭാഗ്യശാലി. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലമുണ്ടായിരുന്നെങ്കിലും ഫലം നോക്കാൻ ബർഫിറ്റിന് മടിയായിരുന്നു. 2024 ഒക്ടോബർ 18ന് രണ്ടര പൗണ്ട് വിലയ്ക്ക് എടുത്ത യൂറോ മില്യൻസ് ലോട്ടറി ടിക്കറ്റാണ് ബർഫിറ്റ് കാറിൽ ഉപേക്ഷിച്ചത്.

ഫലം വന്ന് മാസങ്ങൾക്ക് ശേഷം യാതൊരു പ്രതീക്ഷയുമില്ലാതെ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് താൻ കോടീശ്വരനായ വിവരം ബർഫിറ്റ് അറിയുന്നത്. ടിക്കറ്റിന്റെ ഫലം പ്രഖ്യാപിച്ചിട്ട് നാല് മാസത്തോളം കഴിഞ്ഞിരുന്നു. കാറിലെ സെൻട്രൽ കൺസോളിൽ കൂട്ടിയിട്ടിരുന്ന ലോട്ടറി ടിക്കറ്റുകൾക്കിടയിൽ ചുരുണ്ടുകൂടിയ നിലയിലുള്ള ടിക്കറ്റാണ് 44 വയസ്സുകാരനായ ബർഫിറ്റിനെ ഭാഗ്യവാനാക്കിയത്.

നാല് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുമ്പോൾ മകന് കഴിക്കാൻ ചിപ്സ് എടുക്കുന്നതിനിടയിലാണ് ഡാരന് പഴയ ടിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മൊബൈലിൽ സ്കാൻ ചെയ്ത് നോക്കിയപ്പോൾ യുകെ മില്യനയർ കോഡിലൂടെ ഒരു മില്യൻ പൗണ്ട് ലഭിച്ചതായി അദ്ദേഹം മനസ്സിലാക്കി.
"കാറിലാണെങ്കിൽ ടിക്കറ്റ് സുരക്ഷിതമായിരിക്കുമല്ലോ എന്ന് കരുതിയാണ് വച്ചത്. പക്ഷേ കൃത്യമായി അത് പരിശോധിക്കാറൊന്നുമില്ല. ടിക്കറ്റുകൾ കയ്യിൽ കിട്ടിയപ്പോൾ ഫലം നോക്കി. കൂട്ടത്തിൽ ഏറ്റവും മുഷിഞ്ഞിരുന്ന ടിക്കറ്റ് അവസാനം നോക്കാമെന്ന് പറഞ്ഞ് മാറ്റി വച്ചു. ഓരോ ടിക്കറ്റുകൾ വീതം എടുത്ത് നാഷനൽ ലോട്ടറി മൊബൈലിൽ ഫലം സ്കാൻ ചെയ്ത് നോക്കി. അവസാനം ആ മുഷിഞ്ഞ ടിക്കറ്റ് സ്കാൻ ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി" എന്ന് ബർഫിറ്റ് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ലാങ്‌ലാന്റ് ബേ ഗോൾഫ് ക്ലബ്ബിലെ ഗ്രീൻ കീപ്പറാണ് ബർഫിറ്റ്. ഭാര്യ ഗെമ്മ (34) സ്കൂളിൽ ടീച്ചിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിലേക്ക് യാത്ര പോകുക, സാഹസിക യാത്രകൾക്കായി ഒരു പിക്ക് അപ്പ് കാർ വാങ്ങുക, സ്വന്തമായി ഒരു വീട് വാങ്ങുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സമ്മാനം ഏറ്റുവാങ്ങിയ ശേഷം ഇരുവരും പറഞ്ഞു. ഇവർക്ക് മകനെ കൂടാതെ 11 വയസ്സുള്ള ഒരു മകളുമുണ്ട്.