ഷാർജ വിമാനത്താവളം നവീകരണം; തിരക്ക് കുറയ്ക്കാൻ നൂതന സൗകര്യങ്ങൾ
Mail This Article
ഷാർജ ∙ വർഷത്തിൽ 2 കോടി യാത്രക്കാരെ ഉൾക്കൊള്ളുംവിധം ഷാർജ രാജ്യാന്തര വിമാനത്താവളം നവീകരിക്കുന്നു. അറൈവൽ, ഡിപ്പാർച്ചർ മേഖലകൾ 2 ഭാഗങ്ങളായി മാറുന്നതോടെ രണ്ടിടങ്ങളിലെയും തിരക്ക് കുറയും. സെൽഫ് ചെക്ക്–ഇൻ മെഷീനുകളുടെയും ഇ– ബോർഡിങ് ഗേറ്റുകളുടെയും എണ്ണം വർധിപ്പിക്കുന്നത് നടപടികൾ എളുപ്പമാക്കും. കാത്തിരിപ്പു കേന്ദ്രം, റസ്റ്ററന്റ്, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ഹോട്ടൽ സൗകര്യങ്ങളും വിപുലീകരിക്കും. ഏറ്റവും നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സംവിധാനങ്ങളെല്ലാം നവീകരിക്കും.
1.9 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ 240 കോടി ദിർഹം ചെലവിലുള്ള നിർമാണ പ്രവർത്തനങ്ങൾ 2027ൽ പൂർത്തിയാകും. എയർപോർട്ടിലെ ഏറ്റവും വലിയ വികസനമാണിത്. ഇതിന്റെ ശിലാസ്ഥാപനം ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി നിർവഹിച്ചു. ടെർമിനൽ വികസന പ്രവർത്തനങ്ങളുടെ രൂപരേഖ കിരീടാവകാശി വീക്ഷിച്ചു. ഉപഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും ചടങ്ങിൽ പങ്കെടുത്തു. ഷാർജ എയർപോർട്ട് അതോറിറ്റിയും നിർമാണ കമ്പനിയും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിനും കിരീടാവകാശി സാക്ഷ്യം വഹിച്ചു. ഷാർജ സീ പോർട്സ് ആൻഡ് കസ്റ്റംസ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഇന്റർനാഷനൽ എയർപോർട്ട് അതോറിറ്റി ഡയറക്ടർ ഷെയ്ഖ് ഫൈസൽ ബിൻ സൗദ് അൽഖാസിമി, സിവിൽ ഏവിയേഷൻ ഡയറക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ താനി എന്നിവരും സന്നിഹിതരായിരുന്നു.