കരാമയിൽ റമസാൻ രുചി ഉത്സവത്തിന് തുടക്കം
Mail This Article
ദുബായ് ∙ രാജ്യത്തിന്റെ ഭക്ഷണ തലസ്ഥാനമായ കരാമയിൽ റമസാൻ ഫൂഡ് സ്ട്രീറ്റ് ഫെസ്റ്റിവലിനു കൊടിയേറി. ഇനിയുള്ള 14 ദിവസങ്ങൾ കരാമയുടെ മുക്കിനും മൂലയിലും രാവുറങ്ങാത്ത ആഘോഷങ്ങളായിരിക്കും. തറാവീഹ് നമസ്കാരത്തിനു ശേഷം ഷെയ്ഖ് ഹംദാൻ കോളനിയിലെ തുറന്ന വേദിയിൽ പുലർച്ച വരെ നീളുന്ന കലാപരിപാടികൾ.
ഓരോ ദിവസവും ഓരോ രാജ്യങ്ങളുടെ പരിപാടികളാണ് നടക്കുക. തുറന്ന വേദിക്കു മുന്നിലായി നിരന്നിരിക്കുന്ന തട്ടുകടകളിൽ പല ദേശങ്ങളുടെ ഭക്ഷ്യ വിഭവങ്ങൾ ആസ്വദിക്കാം. സ്റ്റേജിലെ കലാപരിപാടികൾക്കു പുറമേ പൊയ്ക്കാലിൽ നടന്നു നീങ്ങുന്ന കോമാളി വേഷക്കാരും പറക്കും പരവതാനിയിൽ നീങ്ങുന്ന മായാജാലക്കാരും നർത്തകരും കരാമയുടെ ഓരോ വഴികളിലും ആവേശം നിറയ്ക്കും. സ്റ്റേജിലെ പരിപാടികൾ കേൾക്കാൻ ഓരോ റോഡിലും ശബ്ദ സംവിധാനം ഒരുക്കിയിട്ടുണ്ട്.
റസ്റ്ററന്റുകൾക്കു പേരു കേട്ട കരാമയിൽ വാരാന്ത്യങ്ങൾ സൂചി കുത്താൻ ഇടയില്ലാത്ത വിധം തിരക്കാണ്. അതിന്റെ കൂടെ ഫൂഡ് സ്ട്രീറ്റുകൂടി തുടങ്ങിയതോടെ പ്രദേശം ജന സാഗരമായി. റസ്റ്ററന്റുകളെല്ലാം പുറത്തേക്ക് തട്ടുകളിറക്കി രംഗം കൊഴുപ്പിക്കുന്നു. ഭൂരിപക്ഷം റസ്റ്ററന്റുകളും വിളമ്പുന്നത് കേരളത്തിന്റെ രുചികളാണെന്നതിനാൽ, മലയാളികൾക്ക് കുശാലാണ് കാര്യങ്ങൾ. ചായക്കടയിലെ എല്ലാ നാലു മണി പലഹാരങ്ങളും ഇവിടെ ലഭിക്കും.
ഇതിനു പുറമേ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ഐസ് ഉരതി, മിൽക് സർബത്ത്, ഉപ്പിലിട്ടത്, വത്തക്കാവെള്ളം എന്നു വേണ്ട മനസിലാഗ്രഹിച്ചു പോകുന്ന എല്ലാ വിഭവങ്ങളും ഇവിടെ ലഭിക്കും. ഫൂഡ് സ്ട്രീറ്റിലെ ഓരോ റസ്റ്ററന്റുകളുടെയും വിവരങ്ങളും അവിടേക്കുള്ള വഴിയും ‘വിസിറ്റ് ദുബായ്’ ക്യൂആർ കോഡ് സഹിതം വിവിധ ജംക്‌ഷനുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 22 മുതൽ ഏപ്രിൽ 7 വരെയാണ് പരിപാടികൾ നടക്കുക.