അബ്ദുൽ റഹീമിന്‍റെ മോചനം: ദയാധനം കൈമാറുക ഔദ്യോഗിക അക്കൗണ്ട് വഴി
Mail This Article
ജിദ്ദ ∙ സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനത്തിന് ദയാധനം ഇന്ത്യൻ എംബസി വഴി സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയോടെ പ്രത്യേകം അക്കൗണ്ടുണ്ടാക്കി കൈമാറും. ആവശ്യപ്പെട്ട ദയാധനം ഔദ്യോഗികമായി കൈമാറിയാൽ മോചനത്തിന് പിന്നീട് തടസങ്ങളില്ലെന്ന് റഹീം സഹായ സമതിക്ക് നേതൃത്വം നൽകുന്ന അഷ്റഫ് വേങ്ങാട്ട് അറിയിച്ചു.
ഫണ്ട് സ്വരൂപിക്കുന്നതിനായി രൂപപ്പെടുത്തിയ ആപ്പ് വഴി 34 കോടി രൂപയാണ് പിരിച്ചെടുത്തത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇനിയും തുക ലഭിക്കാനുണ്ട്. എല്ലാം ഓഡിറ്റ് ചെയ്യുന്നതിനും റഹീമിന്‍റെ മോചനത്തിന് ആവശ്യമായ തുക മാത്രം സ്വരൂപിച്ചാൽ മതിയെന്നുമുള്ള കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് ആപ്പിന്‍റെ പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചത്. ഓഡിറ്റ് ചെയ്തതിന് ശേഷം ഇനിയും തുക ആവശ്യമുണ്ടെങ്കിൽ മാത്രമേ ആപ്പ് വഴി വീണ്ടും സംഭാവന സ്വീകരിക്കൽ തുടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.