ആൻ, 'പാട്ടിലെ തിങ്കൾപ്പൂവ്'; യാഹുവിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്, 15 നായികമാർക്ക് ശബ്ദം നൽകി
Mail This Article
ദുബായ്/ തൃശൂർ ∙ ദുബായിൽ നിന്നു കൊച്ചിയിലേക്കും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമൊക്കെ നിരന്തരം പറന്ന് പാടുന്നതാണ് ആനിന്റെ ജീവിതചര്യ. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ‘തിങ്കൾ പൂവിൻ ഇതളിവൾ’ എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയെന്ന വിവരം ആൻ അറിയുന്നതും ദുബായിലെ വീട്ടിലിരിക്കുമ്പോഴാണ്.
തൃശൂർ അരണാട്ടുകരയാണു സ്വദേശമെങ്കിലും ജനിച്ചതും വളർന്നതും ദുബായിലാണ്. ഇടയ്ക്ക് 2 വർഷം തൃശൂർ ഭാരതീയ വിദ്യാഭവനിൽ പഠിച്ചത് ഒഴിച്ചാൽ സ്കൂൾ കാലവും ബിരുദാനന്തര ബിരുദ പഠനവും ദുബായിൽ തന്നെയായിരുന്നു.
കൊച്ചിൻ കലാഭവന്റെ ദുബായിലെ ബ്രാഞ്ചിലാണ് ആദ്യം സംഗീതം പഠിച്ചു തുടങ്ങിയത്. ഇവിടെ അധ്യാപികയായിരുന്ന ബീനയാണ് ആദ്യ ഗുരു. തൃശൂരിൽ ശോഭ എന്ന അധ്യാപികയുടെ കീഴിലായിരുന്നു സംഗീത പഠനം. ശോഭയുടെ ചെറുമകൻ അവ്യുക്ത് മേനോൻ ‘പാച്ചുവും അദ്ഭുത വിളക്കും’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച ബാലതാരമായി എന്നതും സന്തോഷം ഇരട്ടിയാക്കുന്നു.
പഠനത്തിലും പ്രതിഭ തെളിയിച്ച ആൻ, യാഹുവിലെ ജോലി ഉപേക്ഷിച്ചാണ് സിനിമയും സംഗീതവും ജീവിതമാക്കിയത്. പാട്ടിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും ആൻ പ്രതിഭ തെളിയിച്ചു. 15 സിനിമകളിൽ നായികമാർക്ക് ശബ്ദം നൽകി. ദുബായിൽ ട്രാവൽ ഏജൻസി ഉടമയായ ജോയ് തോമസിന്റെയും റിട്ട. അധ്യാപിക ബെറ്റിയുടെയും മകളാണ് ആൻ. സഹോദരൻ കെവിൻ കാനഡയിലാണ്.