കുവൈത്തില്‍ തൊഴിലാളി ക്ഷാമം: വേതനം 40% വര്‍ധിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിലെ നിർമാണ മേഖലയിൽ പ്രവാസി തൊഴിലാളികളുടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്ന് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കെട്ടിട നിർമാണ രംഗത്താണ് ഈ പ്രതിസന്ധി കൂടുതൽ അനുഭവപ്പെടുന്നത്. താമസ-കുടിയേറ്റ നിയമ ലംഘകർക്കെതിരായ കർശന നടപടികളും മൂന്നര മാസത്തെ പൊതുമാപ്പ് കാലയളവിൽ തൊഴിലാളികൾ നാട് വിട്ട പോയതും ഇതിന് പ്രധാന കാരണങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.
തൊഴിലാളി ക്ഷാമം മൂലം നിർമാണ പ്രവർത്തനങ്ങൾ വൈകുകയും പല പദ്ധതികളും ഉപേക്ഷിക്കപ്പെടാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വേതനം 40 ശതമാനം വരെ വർധിച്ചു. തൊഴിലാളി ക്ഷാമം മൂലം അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നു.
അധിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് പുതിയ വീസകൾ തുറക്കണമെന്ന ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതായി താമസ-കുടിയേറ്റ നിയമ ലംഘനങ്ങൾക്കെതിരായ നടപടികളിൽ ചെറിയ ഇളവുകൾ അനുവദിക്കുമെന്ന് സൂചനയുണ്ട്. തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കുന്നതിലൂടെ അവരെ ആകർഷിക്കുന്നതിനും വിദേശത്തെ തൊഴിലാളി ഏജൻസികളുമായി സഹകരിച്ച് തൊഴിലാളികളെ കൊണ്ടുവരുന്നതിനും സർക്കാർ നടപടിയെടുക്കമെന്ന ആവശ്യവും ശക്തമാണ്.