നൊമ്പരമായി അനി: അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ അവസാന നിദ്ര സ്വന്തം മണ്ണിൽ; സങ്കടക്കടലിൽ നാട്

Mail This Article
കഴക്കൂട്ടം (തിരുവനന്തപുരം) ∙ ജോർദാൻ സൈനികരുടെ വെടിയേറ്റു മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ ഗബ്രിയേൽ പെരേരയ്ക്ക് (അനി തോമസ്–45) നാടിന്റെ വിട. മരണം നടന്ന് ഒരു മാസത്തിനു ശേഷം നാട്ടിലെത്തിച്ച മൃതദേഹം തുമ്പ സെന്റ് ജോൺസ് ദേവാലയത്തിൽ സംസ്കരിച്ചു.
ജോർദാനിൽ നിന്ന് ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിക്കവേ ഫെബ്രുവരി 10നാണ് അനി തോമസിനും ബന്ധുവായ എഡിസൺ ചാൾസിനും വെടിയേറ്റത്. അനി തോമസ് തൽക്ഷണം മരിച്ചു. കാലിനു വെടിയേറ്റ എഡിസൺ ചാൾസ് പരുക്കു ഭേദമായ ശേഷം നാട്ടിൽ എത്തി.
വിമാനക്കൂലി ഉൾപ്പെടെ വഹിച്ചാൽ മൃതദേഹം നാട്ടിൽ എത്തിക്കാമെന്നായിരുന്നു ആദ്യം ഇന്ത്യൻ എംബസിയുടെ നിലപാട്. പണം കണ്ടെത്താൻ കുടുംബത്തിനു കഴിയാത്തതിനെത്തുടർന്ന് അനിശ്ചിതത്വം നീണ്ടു. ഒടുവിൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുടെ നിവേദനത്തിന്റെ തുടർച്ചയായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇടപെട്ടതോടെയാണ് മൃതദേഹം പണച്ചെലവില്ലാതെ എത്തിക്കാനായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ 3.30 ന് കൊണ്ടു വന്ന മൃതദേഹം 6 മണിയോടെ വീട്ടിലെത്തിച്ചു. മന്ത്രി ജി.ആർ. അനിൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ തുടങ്ങി ഒട്ടേറെപ്പേർ വീട്ടിലും പള്ളിയിലും അന്ത്യാഞ്ജലി അർപ്പിച്ചു. വീടിന്റെ അത്താണി ആയിരുന്ന അനി തോമസ് മരിച്ചതോടെ കുടുംബത്തിന്റെ ജീവിതം പ്രതിസന്ധിയിലായി.

ജോലിക്കായി നൽകിയ പണം അടക്കം കടവുമുണ്ട്. മരണത്തിലെ ദുരൂഹത മാറ്റാനും കുടുംബത്തെ സഹായിക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടക്കം വിവിധ കേന്ദ്രങ്ങളുടെ ഇടപെടൽ പ്രതീക്ഷിക്കുകയാണ് ഭാര്യ ക്രിസ്റ്റീന അടക്കമുള്ള കുടുംബാംഗങ്ങൾ.