അര്‍ബുദബാധിതനായ മകന് ദയാവധം നല്‍കി; 43 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തലുമായി അമ്മ
Mail This Article
കാന്‍സര്‍ ബാധിതനായി കടുത്ത വേദന അനുഭവിച്ച ഏഴ് വയസ്സുകാരന്‍ മകന് മോര്‍ഫിന്‍ കുത്തിവയ്‌പ്പിലൂടെ ദയാവധം നല്‍കിയെന്ന വെളിപ്പെടുത്തലുമായി യുകെയില്‍ ഒരമ്മ. 77 വയസ്സുകാരി അന്തോണിയ കൂപ്പറാണ് 43 വര്‍ഷം മുന്‍പ് നടത്തിയ ദയാവധത്തെ കുറിച്ച് ബിബിസി റേഡിയോ ഓക്‌സ്‌ഫഡിന് നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നത്.
അഞ്ചാം വയസ്സിലാണ് അന്തോണിയയുടെ മകന്‍ ഹാമിഷിന് അപൂര്‍വ കാന്‍സറായ ന്യൂറോബ്ലാസ്‌റ്റോമ നിര്‍ണ്ണയിക്കുന്നത്. അര്‍ബുദം നാലാം ഘട്ടതിലായതിനാല്‍ മൂന്ന് മാസമേ കുട്ടി ജീവിക്കൂ എന്ന് ഡോക്ടര്‍മാര്‍ ആദ്യം വിധിയെഴുതി. ഗ്രേറ്റ് ഓര്‍മണ്ട് സ്‌ട്രീറ്റ് ഹോസ്‌പിറ്റലിലെ 16 മാസം നീണ്ട ചികിത്സയിലൂടെ ആയുസ്സ് നീട്ടിക്കിട്ടിയെങ്കിലും അത്യധികമായ വേദനയിലൂടെയാണ് ഹാമിഷ് കടന്നു പോയതെന്ന് അന്തോണിയ റേഡിയോ അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ വേദന മാറ്റാന്‍ കരഞ്ഞപേക്ഷിക്കുന്ന മകന്റെ അവസ്ഥ കണ്ട് സഹിക്കാതായപ്പോഴാണ് ഹിക്‌മാന്‍ കത്തീറ്ററിലൂടെ ഉയര്‍ന്ന അളവില്‍ മോര്‍ഫിന്‍ നല്‍കി മകനെ ദയാവധത്തിന് വിട്ടു നല്‍കിയതെന്ന് അന്തോണിയ വെളിപ്പെടുത്തി. ദയാവധം നിയമവിധേയമാക്കുന്നതിനെ സംബന്ധിച്ച് യുകെയില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നതിന്റെ ഇടയിലാണ് അന്തോണിയയുടെ വെളിപ്പെടുത്തല്‍.
മകന് വേണ്ടി താന്‍ ചെയ്‌തത് ശരിയെന്ന് വിശ്വസിക്കുന്ന അന്തോണിയ ഇതിന്റെ പേരില്‍ നിയമനടപടികള്‍ വന്നാല്‍ നേരിടുമെന്നും അഭിമുഖത്തില്‍ പറഞ്ഞു. എന്ത് നിയമനടപടിയാണെങ്കിലും അതും വേഗത്തില്‍ വേണമെന്നും താനും മരിച്ചു കൊണ്ടിരിക്കുകയാണെന്നും അന്തോണിയ കൂട്ടിച്ചേര്‍ത്തു.
പുതിയ പ്രധാനമന്ത്രി കെയ് ര്‍ സ്റ്റാര്‍മറും മുന്‍ പ്രധാനമന്ത്രി ഋഷി സുനകും ദയാവധം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് വാഗ്‌ദാനം നല്‍കിയിരുന്നു. 2015ല്‍ ദയാവധം അനുവദിക്കുന്നതിനുള്ള ബില്‍ 118നെതിരെ 330 വോട്ടിന് ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ പൊതുജനങ്ങളില്‍ 75 ശതമാനവും ദയാവധത്തെ അനുകൂലിക്കുന്നതായി അഭിപ്രായ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. യുകെയിലും ബ്രിട്ടീഷ് ദ്വീപുകളില്‍ ചിലയിടങ്ങളിലും ദയാവധം നിയമവിധേയമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്തോണിയയുടെ വെളിപ്പെടുത്തലുകള്‍ ഇത് സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളിലേക്ക് വഴി തെളിക്കും.