ADVERTISEMENT

മാതാപിതാക്കള്‍, പങ്കാളി, സഹോദരങ്ങള്‍, മക്കള്‍ എന്നിവരുടെയെല്ലാം മരണം വലിയ ആഘാതമാണ്‌ ജീവിതത്തില്‍ നല്‍കുക. ഇത്‌ മൂലമുണ്ടാകുന്ന ദുഖഭാരം വര്‍ഷങ്ങളോളം നമ്മെ വേട്ടയാകും. എന്നാല്‍ ഇത്തരം വിയോഗങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ അനുഭവിക്കേണ്ട വരുന്നത്‌ നാം പ്രായമാകുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തുമെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

വേഗത്തില്‍ പ്രായമാകുന്നതുമായി ബന്ധപ്പെട്ട ബയോളജിക്കല്‍ മാര്‍ക്കറുകള്‍ ഉറ്റവരെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെടുന്നവരില്‍ അധികമായി കണ്ടെത്തിയതായി കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. വളരെ അടുത്ത വ്യക്തികളുടെ മരണം നമ്മുടെ ശരീരത്തിലെ കോശങ്ങളില്‍ മാറ്റം വരുത്തുമെന്നും ഭാവിയില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Representative Image. Photo Credit: fizkes/istockphoto.com
Representative Image. Photo Credit: fizkes/istockphoto.com

മോശം മാനസികാരോഗ്യം, ധാരണശേഷി പ്രശ്‌നങ്ങള്‍, ഹൃദയവും ചയാപചയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഇത് മൂലം ഉണ്ടാകാം. കോശങ്ങളിലും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതം പെട്ടെന്ന് ശരീരം പ്രായമാകാനും അകാല മരണമുണ്ടാക്കാനും സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

18 വയസ്സിന് മുന്‍പ് ഉറ്റവരെ നഷ്ടപ്പെട്ടവര്‍, 19നും 43നും ഇടയ്ക്ക് ഉറ്റവരെ നഷ്ടമായവര്‍ എന്നിങ്ങനെ പല പ്രായവിഭാഗത്തിലുള്ളവരുടെ വിവരങ്ങള്‍ പഠനത്തിനായി പരിശോധിച്ചു. ഡിഎന്‍എയിലെ രാസമാറ്റങ്ങള്‍ വിലയിരുത്തിയാണ് ഇവരുടെ ബയോളജിക്കല്‍ പ്രായം നിര്‍ണ്ണയിച്ചത്. ശരിയായ പ്രായത്തിലും കൂടുതലാണോ കുറവാണോ കോശങ്ങളുടെ ബയോളജിക്കല്‍ പ്രായമെന്ന് ഗവേഷകര്‍ പരിശോധനയിലൂടെ മനസ്സിലാക്കി.

പഠനത്തിനായി നിരീക്ഷിച്ച 3963 പേരില്‍ 40 ശതമാനത്തിനും പ്രിയപ്പെട്ട ആരെയെങ്കിലുമൊക്കെ പ്രായപൂര്‍ത്തിയാകും മുന്‍പ് നഷ്ടമായിരുന്നു. കൂടുതല്‍ മരണങ്ങളും വിയോഗങ്ങളും നേരിടേണ്ടി വന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ബയോളജിക്കല്‍ പ്രായം കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി. ഉറ്റപ്പെട്ടവരുടെ വിയോഗം സൃഷ്ടിക്കുന്ന ആഘാതത്തില്‍ നിന്ന് കരകയറാന്‍ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പിന്തുണ നല്‍കുന്നത് ഈ അകാല വാര്‍ദ്ധക്യത്തെ തടുക്കാന്‍ സഹായിക്കുമെന്നും ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
 

English Summary:

The Hidden Link Between Childhood Bereavement and Accelerated Aging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com