വൃഷണത്തിലെ അര്‍ബുദം: ലക്ഷണങ്ങളും അപകട സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളും

Mail This Article
പുരുഷന്മാരുടെ ലൈംഗിക അവയവയമായ വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ കാന്‍സര്‍. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ ഒന്നെന്ന കണക്കില്‍ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ അര്‍ബുദം പക്ഷേ പാശ്ചാത്യ രാജ്യങ്ങളിലെ യുവാക്കളില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ മാസം വൃഷണ അര്‍ബുദ ബോധവത്ക്കരണ മാസമായി ആചരിക്കുന്നു.
18നും 50നും ഇടയിലുള്ള പുരുഷന്മാരിലാണ് ഈ അര്‍ബുദം സാധാരണ ഗതിയില്‍ കാണപ്പെടുന്നത്. വൃഷണ അര്‍ബുദത്തിന്‍റെ കുടുംബചരിത്രം, എച്ച്ഐവി അണുബാധ, ക്രിപ്റ്റോര്‍കിഡിസം(ജനനത്തിന് മുന്‍പ് വൃഷണങ്ങള്‍ കൃത്യമായി വൃഷണസഞ്ചിയിലേക്ക് എത്താത്ത അവസ്ഥ), ബീജങ്ങള്‍ ഉൽപാദിപ്പിക്കപ്പെടുന്ന ഇടത്ത് കാണപ്പെടുന്ന അസ്വാഭാവിക കോശങ്ങള്‍ എന്നിവയാണ് വൃഷണ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍.
ഇതില്‍ ക്രിപ്റ്റോര്‍കിഡിസം വൃഷണ അര്‍ബുദമുള്ള ഭൂരിപക്ഷം പേരിലും കാണപ്പെടുന്നു. ഗര്‍ഭധാരണത്തിന്‍റെ എട്ടാം മാസത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൃഷണങ്ങള്‍ ശരീരം വിട്ട് സാധാരണ ഗതിയിൽ വൃഷണസഞ്ചിയിലെത്തേണ്ടതാണ്. എന്നാല്‍ മൂന്ന് ശതമാനം ആണ്‍കുട്ടികളില്‍ ഒരു വൃഷണമോ അല്ലെങ്കിൽ വൃഷണങ്ങളോ ഇത്തരത്തില്‍ സഞ്ചിയിലെത്താത്ത സ്ഥിതിയുണ്ടാകുന്നു. ഇതിനെയാണ് ക്രിപ്റ്റോര്‍കിഡിസം എന്ന് വിളിക്കുന്നത്. വൃഷണ അര്‍ബുദത്തില്‍ പ്രായവും ഒരു പ്രധാനപ്പെട്ട ഘടകമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
വൃഷണത്തില്‍ ഉണ്ടാകുന്ന മുഴ, വേദന, നീര്‍ക്കെട്ട്, അടിവയറ്റിലുണ്ടാകുന്ന അകാരണമായ വേദന, പുറം വേദന, അടിവയറ്റില്‍ ഭാരം, ശബ്ദത്തിലെ വ്യതിയാനം എന്നിവ വൃഷണ അര്‍ബുദത്തിന്‍റെ പ്രാഥമിക ലക്ഷണങ്ങളാണ്. വൃഷണത്തിലോ വൃഷണ സഞ്ചിയിലോ അടിവയറ്റിലോ ഉണ്ടാകുന്ന വേദന ദിവസങ്ങള്‍ നീണ്ടു നിന്നാല്‍ ഉടനെ ഡോക്ടറെ കാണേണ്ടതാണ്. അര്‍ബുദം പുരോഗമിക്കുന്നതോടെ പുറം വേദന, ശ്വാസംമുട്ടല്‍, നെഞ്ച് വേദന, ആശയക്കുഴപ്പം, അസഹനീയ തലവേദന, വയര്‍വേദന തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാം. വൃഷണ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടുന്നതിന് പുരുഷന്മാര്‍ ഇടയ്ക്കിടെ വൃഷണങ്ങള്‍ സ്വയം തൊട്ട് നോക്കി പരിശോധിക്കേണ്ടതാണ്. ഒരു അരിമണിയുടെ വലുപ്പത്തിലുള്ള മുഴ ശ്രദ്ധയില്‍പ്പെട്ടാലും അത് അവഗണിക്കരുതെന്ന് അര്‍ബുദരോഗ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Content Summary: Testicular Cancer: Risk Factors and Symptoms