ഇത് കൊള്ളാം! 5 സെന്റിൽ കീശ ചോരാതെ ഉയർന്ന വീട്

Mail This Article
നാലു കിടപ്പുമുറികളുള്ള കിടിലൻ വീടൊരുക്കാൻ ആകാശം മുട്ടുന്ന ബജറ്റൊന്നും വേണ്ടെന്ന് തെളിയിക്കുകയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള രഞ്ജിത്തിന്റെ വീട്. മിതമായ ചെലവിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒത്തിണങ്ങിയ വീടിന് പിന്നിൽ ഒരു കഥയുണ്ട്.

ഏറെ ഗൃഹാതുരത്വം ഉണർത്തുന്ന തറവാട് വീട്ടിലായിരുന്നു ഗൃഹനാഥൻ രഞ്ജിത്തിന്റെ ബാല്യകാലം. ആ വീടിനോടുള്ള ഇഷ്ടമാണ് പുതുക്കി പണിയാനുള്ള തീരുമാനത്തിലെത്തിച്ചത്. എന്നാൽ കാലപ്പഴക്കം മൂലം ബലക്ഷയം സംഭവിച്ച വീടിനെ പുതുക്കിയെടുക്കുന്നത് ഏറെ ബുദ്ധിമുട്ടും ചെലവേറിയതുമാണെന്ന് ഡിസൈനറും സുഹൃത്തുമായ മുഖിൽ വ്യക്തമാക്കിയതോടെ പുതിയ വീട് എന്ന ആശയത്തിന് ചിറക് മുളച്ചു. അങ്ങനെ പഴയ വീട് പൊളിച്ച് കളഞ്ഞ് ആ തറ ഉപയോഗിച്ച് തന്നെ പുതിയ വീട് നിർമ്മിച്ചു.

നാല് കിടപ്പുമുറികളോട് കൂടിയ ഇൗ ഭവനത്തിന്റെ ചെലവ് 22 ലക്ഷം രൂപയാണ്. 1640 SFT വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന വീടിന്റെ പ്രധാന സവിശേഷത രണ്ടു ശൈലികളുടെ സമ്മേളനമാണ്. അകവും പുറവും വ്യത്യസ്ത ശൈലികളിലാണ് നിറഞ്ഞു നിൽക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള ക്ലാഡിങ്ങ് പുറം ചുമരുകളെ മനോഹരമാക്കുന്നുണ്ട്. കൂടാതെ ചരിഞ്ഞ മേൽക്കൂരയും പോർച്ചിൽ നൽകിയ തൂവാനവും വീടിനൊരു പരമ്പരാഗത രീതി കൊണ്ടുവരുന്നുണ്ട്.

ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം, അപ്പർ ലിവിങ്, നാല് അറ്റാച്ച്ഡ് ബെഡ്റൂമുകൾ എന്നിവയാണ് അകത്തള സജ്ജീകരണങ്ങൾ. താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ. തുറസ്സായി ക്രമീകരിച്ച അകത്തളത്തിൽ ഇളംനിറത്തിന് പ്രാധാന്യം നൽകി. ഒാരോ ഭാഗത്തിനും വ്യത്യസ്ത നിറങ്ങൾ നൽകി ഇടങ്ങളെ വേർതിരിച്ചു. എല്ലായിടത്തും ക്രോസ് വെന്റിലേഷൻ ഉറപ്പാക്കി. സ്റ്റെയർ ഏരിയയിൽ സ്കൈലൈറ്റ് ഉള്ളിലേക്കെത്തുവാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ട്.

വീട്ടിലേക്കാവശ്യമായ കട്ടിൽ, വാർഡ്രോബ്, ഡൈനിങ് ടേബിൾ, ലിവിങ് സെറ്റി തുടങ്ങിയവയെല്ലാം റെഡിമെയ്ഡുകളാണ്. പഴയ വീട്ടിൽ നിന്ന് ഉപയോഗിക്കാവുന്ന ഒരുവിധം നിർമ്മാണസാമഗ്രികളും ഉപയോഗപ്പെടുത്തിയതാണ് നിർമാണച്ചെലവ് 22* ലക്ഷം രൂപയിൽ ഒതുക്കാനായത്.
* നിലവിൽ നിർമാണസാമഗ്രികളുടെ വിലക്കയറ്റത്തിന് അനുസരിച്ചുള്ള വർധന പ്രതീക്ഷിക്കാം.
ചെലവ് ചുരുക്കിയതിങ്ങനെ
- വിവിധ പ്രോജക്ടുകൾക്കായി നിർമാണസാമഗ്രികൾ മൊത്തമായി വാങ്ങിയതു കൊണ്ട് ലാഭമുണ്ടായി.
- തറവാട് വീടിന്റെ അവശിഷ്ടങ്ങൾ കളയാതെ മരങ്ങളെല്ലാം പുനരുപയോഗിച്ചു. അവയാണ് വാതിലും ജനാലകളുമായി രൂപാന്തരപ്പെട്ടത്. പഴയ തറയിൽ നിന്ന് ലഭിച്ച മണലാണ് പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചത്.
Project Facts
Location: Eranjippalam, Calicut
Area: 1640 Sqft
Plot: 4.9 Cents
Owner: Renjith
Designers: Mukhil, Dijesh, Ragesh, Babith
Concern Architectural Consultants
Ph: 0495 2767030, 9895773322
Cost: 22 Lakhs