മകന്റെ വിവാഹം: ശ്രദ്ധാകേന്ദ്രമായി വിവാദവ്യവസായി വിജയ് മല്യയുടെ യുകെയിലെ ആഡംബരബംഗ്ലാവ്
Mail This Article
ഒളിവിൽ പോയ വിവാദ വ്യവസായി വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ മല്യയുടെ വിവാഹം ലണ്ടനിലെ ആഡംബര വസതിയിൽ വച്ച് നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് സിദ്ധാർത്ഥ ജാസ്മിനെ വധുവാക്കിയത്.
റിപ്പോർട്ടുകൾ പ്രകാരം വിജയ് മല്യയുടെ ഹെർട്ട്ഫോർഡ്ഷയറിലെ 14 മില്യൻ ഡോളർ (116.84 കോടി രൂപ) വിലമതിപ്പുള്ള ലേഡിവോക്ക് എസ്റ്റേറ്റ് ആയിരുന്നു വിവാഹ വേദി. ആഘോഷങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
2015 ൽ ഇന്ത്യ വിടുന്നതിന് ഏതാനും മാസങ്ങൾക്കു മുൻപാണ് വിജയ് മല്യ ലേഡിവോക്ക് എസ്റ്റേറ്റ് സ്വന്തമാക്കിയത്. ഫോർമുല വൺ ചാമ്പ്യനായ ലൂയിസ് ഹാമിൽട്ടന്റെ പിതാവ് ആന്തണി ഹാമിൽട്ടനാണ് എസ്റ്റേറ്റിന്റെ മുൻ ഉടമ. 30 ഏക്കർ വിസ്തൃതമായ എസ്റ്റേറ്റിലാണ് ബംഗ്ലാവ് നിർമിച്ചിരിക്കുന്നത്. ഇതിനുപുറമേ ഒന്നിലധികം ഔട്ട് ഹൗസുകളും കാണാം. സ്വിമ്മിങ് പൂൾ, വാട്ടർ ഫൗണ്ടനുകൾ, ടെന്നീസ് കോർട്ടുകൾ എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.
സിദ്ധാർത്ഥയുടെയും ജാസ്മിന്റെയും സുഹൃത്തും അമേരിക്കൻ അഭിനേത്രിയുമായ ഇംകെ ഹാർട്ടും വ്യവസായി ഹർഷ് ഗോയങ്കയും വിവാഹ വേദിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്. അതിമനോഹരമായി അണിയിച്ചൊരുക്കിയ പുൽത്തകിടിയാണ് എസ്റ്റേറ്റിലെ പ്രധാന ആകർഷണം. ആനകളുടെ രൂപമടക്കം വ്യത്യസ്ത ആകൃതികളിൽ ചെടികൾ വെട്ടിയൊതുക്കി മനോഹരമാക്കി നിലനിർത്തിയിരിക്കുന്നു.
2015 ൽ എസ്റ്റേറ്റ് സ്വന്തമാക്കിയതിനുശേഷം രണ്ടുവർഷം നീണ്ട നവീകരണ പ്രവർത്തനങ്ങളാണ് വിജയ് മല്യ ഇവിടെ നടത്തിയത്. അസംഖ്യം ആർക്കിടെക്ടുമാരും ബിൽഡർമാരും ലാൻഡ്സ്കേപ്പ് ആർട്ടിസ്റ്റുകളും ഡെക്കറേറ്റർമാരും അക്കാലത്ത് ഇവിടെ പതിവായി എത്തിയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ബംഗ്ലാവിനുള്ളിലെ കാഴ്ചകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിസിടിവി കാമറകളും ഇരുമ്പ് ഗേറ്റുകളും ധാരാളം സെക്യൂരിറ്റി സ്റ്റാഫുകളുമടക്കം കനത്ത സുരക്ഷ ബംഗ്ലാവിന് ഒരുക്കിയിട്ടുണ്ട്.
ലണ്ടൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഇതിനുപുറമെ കേപ് ടൗൺ, കലിഫോർണിയ, ഫ്രാൻസ്, ന്യൂയോർക്ക്, പെർത്ഷയർ, കോൺവാൾ എന്നിവിടങ്ങളിലും ഇന്ത്യയിൽ ന്യൂഡൽഹി, മുംബൈ, ഗോവ എന്നിവിടങ്ങളിലും കോടികൾ വിലമതിക്കുന്ന ആഡംബര ബംഗ്ലാവുകൾ വിജയ് മല്യ സ്വന്തമാക്കിയിട്ടുണ്ട്.