ലക്ഷണമൊത്ത വീട് വാസ്തുവിലൂടെ; സംശയങ്ങൾ ഉത്തരങ്ങൾ
Mail This Article
ശാസ്ത്രത്തിനനുസൃതമായും പ്രകൃതിക്കു യോജിച്ച വിധത്തിലുമുള്ള കണക്കുകളുണ്ടാക്കി വീടു പണിയുന്നത് കൂടുതൽ സുരക്ഷിതമാണ് എന്ന തത്ത്വം പൊതുവായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. അതിനുള്ള ഉപാധിയാണ് വാസ്തു. വാസ്തു അടിസ്ഥാനസങ്കല്പമായി പരിഗണിച്ച് വീടു പണിയുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? വീടു വയ്ക്കുന്നവർ സാധാരണ ഉന്നയിക്കാറുള്ള ചില പൊതുവായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
കല്ലിടാനുള്ള സമയം
∙വാസ്തുപുരുഷൻ കിടക്കുന്നതനുസരിച്ച് അടിത്തറയുടെ കല്ലിടുമ്പോൾ ഏതു ദിശയിലാണ് കല്ലിടേണ്ടത്?
ചലം എന്നും അചലം എന്നും രണ്ട് അവസ്ഥകളുണ്ട് വാസ്തുപരുഷന് എന്നാണ് സങ്കല്പം. ചലാവസ്ഥയിൽ അഥവാ ചലിക്കുന്ന അവസ്ഥയിൽ വാസ്തുപുരുഷന്റെ ശിരസ്സ് വരുന്ന ഭാഗത്താണ് ശിലാസ്ഥാപനം നടത്തുന്നത്, അതിന്റെ പത്താംരാശിയിലാണ് വാസ്തു പുരുഷന്റെ ശിരസ്സ് വരിക. അതുകൊണ്ട് പത്താംരാശിയിൽ കല്ലിടൽ നടത്തണം എന്നു പറയും. ഉദാഹരണത്തിന് ചിങ്ങമാസത്തിലാണ് കല്ലിടുന്നതെങ്കിൽ ഗൃഹത്തിനെ ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കിയാൽ കിഴക്കുവശത്ത് ഇടവം രാശി വരുന്ന സ്ഥാനത്താണ് ശില സ്ഥാപിക്കേണ്ടത്.
സ്ഥലത്തിന്റെ ആകൃതി
∙വീടുവയ്ക്കുന്ന സ്ഥലം സമചതുരമാണ് നല്ലതെന്നു ശാസ്ത്രം ദീർഘചതുരമായാൽ വിരോധമുണ്ടോ?
ദീർഘചതുരമാണെങ്കിൽ സ്ഥലത്തിന്റെ വിസ്താരത്തിന് തുല്യമായ സമചതുരം കണക്കാക്കി കൂടുതലുള്ളത് തെക്കും വടക്കും മാറ്റി പണിചെയ്യണമെന്നാണ് ശാസ്ത്രം അനുശാസിക്കുന്നത്. എന്നാൽ ദീർഘചതുരത്വമുള്ള ഭൂമിയെ ശാസത്രപ്രകാരം പദങ്ങളായി തിരിക്കുമ്പോൾ, പദങ്ങൾ സമചതുരമായി വരുന്നതിന് പകരം ദീർഘചതുരമായി കണക്കാക്കണം എന്നു മാത്രം.
∙L ആകൃതിയിൽ കിടക്കുന്ന ഒരു വസ്തുവിന്റെ സർവ്വേ നമ്പർ രണ്ടായിട്ടാണ്. ഈ രണ്ടു വസ്തുവിലും ചേർത്ത് വീടുവയ്ക്കാൻ പറ്റുമോ?
ശാസ്ത്രമനുസരിച്ച് L ആകൃതിയിലുള്ള വസ്തുവിൽ വീടുവയ്ക്കാൻ പറ്റില്ല. സമചതുരമല്ലെങ്കിൽപോലും ദീർഘചതുരമാക്കി വസ്തു തിരിച്ച് അതിനുള്ളിൽ ഒതുക്കിക്കൊണ്ട് വീടുപണിയുന്നതാണുത്തമം. എന്നാൽ രണ്ടു സർവേ നമ്പർ ആയതുകൊണ്ട് ദോഷമില്ല.
∙മുപ്പതു സെന്റിൽ വാസ്തുപ്രകാരം വീടു പണിതതിനു ശേഷം പിന്നീട് പതിനഞ്ചു സെന്റ് വിറ്റാൽ വാസ്തുവിനു വ്യത്യാസമുണ്ടാകുമോ?
വ്യത്യാസമുണ്ടാകും. സ്ഥാനമനുസരിച്ച് തെക്കുപടിഞ്ഞാറു ഭാഗത്താണ് പുര പണിതിരുന്നതെങ്കിൽ വടക്കുവശത്തുനിന്ന് മുറിഞ്ഞുപോയ ഭാഗം നോക്കുമ്പോൾ ആ പുര വടക്കു പടിഞ്ഞാറായി മാറിയെന്നു വരും. അതിന് മറ്റേ ഭാഗത്തു കൂടി കുറച്ചു സ്ഥലം ഒഴിവാക്കി അതിർത്തിയിട്ട് ആ കെട്ടിടം വേണ്ടവിധത്തിൽ തെക്കുപടിഞ്ഞാറോ വടക്കു കിഴക്കോ വരുന്ന വിധത്തിലുള്ള ഒരു സംവിധാനമുണ്ടാക്കുകയാണു വേണ്ടത്. അതിനുശേഷം ബാക്കി വരുന്ന വസ്തു വിൽക്കുന്നതിൽ തെറ്റില്ല.
ചെരിവ് നികത്തൽ
∙ഭൂമിയുടെ ചെരിവിന്റെ ദോഷം മണ്ണിട്ട് ഉയർത്തിയാൽ പരിഹരിക്കാൻ സാധിക്കുമോ?
ഒരുപരിധിവരെ. വെള്ളത്തിന്റെ നീരൊഴുക്ക് വടക്കോട്ടോ കിഴക്കോട്ടോ ആവുംവിധം ചെയ്താൽ അതിനു വേണമെങ്കിൽ ഒരു തത്ത്വവും പറയാം. ഉദാഹരണമായി ഒരു ഭൂമി, തെക്കോട്ട് ചെരിവുള്ള മലയാണെന്ന് വിചാരിക്കുക. തെക്കോട്ടു ചെരിവിലാണ് പണിയുന്നതെങ്കിൽ അതു നമ്മൾ നിരപ്പാക്കുകയാണെങ്കിൽ നമുക്ക് അതിന്റെ ചെരിവ് എങ്ങോട്ടൊക്കെ ആക്കാൻ പറ്റും? കിഴക്കോട്ടും ആക്കാം, പടിഞ്ഞാറോട്ടും ആക്കാം. അപ്പോൾ അവിടെ കുറച്ച് കിഴക്കോട്ട് ചെരിവ് കിട്ടുകയാണെങ്കിൽ നന്നായി എന്നർഥം.
∙തെക്കുവശവും പടിഞ്ഞാറുവശവും താഴ്ചയാണ്. എന്നാൽ പറമ്പ് സമചതുരമാണ്. ഇതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ?
തെക്കോട്ടും പടിഞ്ഞാറോട്ടും ചായ്‌വ് എന്നുള്ളത് നല്ലതല്ല. പക്ഷേ നേരത്തെ പറഞ്ഞപോലെ ഉദയസൂര്യന്റെ രശ്മി പതിക്കുമെങ്കിൽ വിരോധമില്ല. ഒരു കണക്കിനു പറഞ്ഞാൽ തെക്കോട്ടുമാത്രം ചായ്‌വാണെങ്കിൽ അവിടം നിരപ്പാക്കിയാൽ കിഴക്കോട്ടു വെള്ളമൊഴുകിപ്പോകാറാക്കാം. അതുപോലെ പടിഞ്ഞാട്ട് ചായ്‌വാണെങ്കിൽ ചെരിവ് കിട്ടാൻ സാധ്യതയുണ്ട്. ആ തരത്തിലാക്കി ഉപയോഗിക്കുന്നതാണുത്തമം.