അടുക്കളയുടെ മുകളിൽ വാട്ടർ ടാങ്ക് വന്നാൽ ദോഷമോ?
Mail This Article
ഭവനനിർമാണത്തിൽ വാസ്തുസംബന്ധമായി ഉയർന്നുവരുന്ന ചില സംശയങ്ങളും അതിനുള്ള ഉത്തരങ്ങളും.
1. മുകൾനിലയിൽ മുറികൾ എടുക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?
അടുക്കളയുടെയും പൂജാമുറിയുടെയും മുകളിൽ ഒരു മുറിയും വരാൻ പാടില്ല. പൂജാമുറിയുടെ മുകളിൽ വരാന്ത ആകാം. എന്നാൽ ബെഡ്റൂമോ ബാത്റൂമോ വരാൻ പാടില്ല. താഴെ നിലയിലെ െബഡ്റൂമിന്റെ മുകളിൽത്തന്നെ വരത്തക്കവിധം മുകൾനിലയിലും ബെഡ്റും പണിയുക.
2. ശാസ്ത്രപ്രകാരം വാട്ടർ ടാങ്കിന്റെ സ്ഥാനം അടുക്കളയ്ക്കു മുകളിൽ വരാൻ പാടില്ല എന്നുണ്ടോ?
പണ്ടു കാലത്തു വീടുകളിലെല്ലാം ചിമ്മിനിയുടെ മുകളിലാണ് വാട്ടർ ടാങ്ക് വച്ചിരുന്നത്. എന്നാൽ വീടിന്റെ വടക്കു കിഴക്കേ മൂല ഉയർന്നു നിൽക്കുന്നതു നല്ലതല്ല. അതു കൊണ്ടാണ് അടുക്കളയ്ക്കു മുകളിൽ വാട്ടർ ടാങ്ക് പാടില്ല എന്നു പറയുന്നത്. നാലു മൂലകൾ ഒഴിവാക്കി വാട്ടർടാങ്ക് എവിടെ വേണമെങ്കിലും വയ്ക്കാം.
3. വീട്ടിലെ പഠനമുറിക്ക് വാസ്തു ശാസ്ത്രം പ്രത്യേക സ്ഥാനം പറയുന്നുണ്ടോ?
കന്നിമൂലയ്ക്ക് വടക്കുവശം മകരം രാശിയിൽ പഠനമുറി വരുന്നത് ഉത്തമമായി ശാസ്ത്രം കണക്കാക്കുന്നു. കുട്ടികൾ കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി ഇരുന്നു പഠിക്കുകയാണ് വേണ്ടത്.
4. സെപ്റ്റിക് ടാങ്കിന്റെ സ്ഥാനം ഏതു വശത്തായിരിക്കണം?
സാധാരണഗതിയിൽ ഭൂമിക്കടിയിൽ വാസ്തു നോക്കാറില്ല എന്നാണു പറയുന്നത്. സെപ്റ്റിക് ടാങ്ക് സ്ഥിരമായി വെള്ളം കെട്ടി നിൽക്കുന്ന സംവിധാനമായതിനാൽ തെക്കുവശത്ത് വയ്ക്കാറില്ല. വീടിന്റെ നാലു കോണുകളും മധ്യഭാഗവും ഒഴിവാക്കിയൊരു സ്ഥാനം സെപ്റ്റിക് ടാങ്കിനു നൽകാവുന്നതാണ്.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. മനോജ് എസ്. നായര്‍