ഇറ്റലിയിൽനിന്ന് വന്നു, മാലി മുളക് കൃഷി തുടങ്ങി; ഒന്നര ഏക്കറിൽ മുളകു കൃഷിയുമായി വീട്ടമ്മ

Mail This Article
ചേറ്റുകുഴി കളപ്പുരയ്ക്കൽ മെറീന തോമസ് വിദേശജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോഴാണ് കൃഷിയിലേക്ക് തിരിഞ്ഞത്. 2021 വരെ ഇറ്റലിയിൽ ജോലി ചെയ്ത ശേഷമാണ് നാട്ടിൽ എത്തിയത്. മറ്റു ജോലികൾ തേടി അലയുന്നതിലും നല്ലത് ഭർത്താവിനൊപ്പം കുടുംബവീടിനോട് ചേർന്നുള്ള കൃഷിയുടെ പരിചരണം എന്നതായിരുന്ന മെറീനയുടെ തീരുമാനം.
ഏലവും പച്ചക്കറികളുമെല്ലാം സമൃദ്ധമായി വിളയുന്ന ഇവരുടെ കൃഷിയിടത്തിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നത് ഒന്നര ഏക്കറോളം വിസ്തൃതിയുള്ള മാലി മുളക് കൃഷിയാണ്. മാലി മുളകിന്റെ കൃഷിയിലേക്കു തിരിയുന്നതിന് മുൻപ് പച്ചക്കറി കൃഷിയിലായിരുന്നു പരീക്ഷണം. അത് വിജയകരമായതോടെയാണ് മറ്റ് കൃഷികളിലേക്കും ശ്രദ്ധ തിരിഞ്ഞത്.
ഓപ്പൺ പ്രിസിഷൻ ഫാമിങ് സംവിധാനമാണ് മാലിമുളക് കൃഷിക്ക് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ഇടവേളകളിൽ വിളവെടുപ്പ് നടത്താം എന്നതാണ് ഇതിലേക്ക് ആകർഷിച്ചത്. ഭർത്താവ് ഉല്ലാസും പൂർണ സമയവും കൃഷിയിൽ സഹായത്തിനുണ്ട്. വണ്ടൻമേട് കൃഷിഭവനിലെ ഉദ്യോഗസ്ഥരുടെ പിന്തുണയും നല്ല രീതിയിൽ ഇവർക്ക് ലഭിക്കുന്നുണ്ട്.