ADVERTISEMENT

കഥാകൃത്ത്, നിരൂപകൻ, ബാലസാഹിത്യകാരൻ, അധ്യാപകൻ എന്നിങ്ങനെ വിശേഷണങ്ങൾ പലതുണ്ടെങ്കിലും വി.ആർ. സുധീഷിനെ മലയാളി വായനക്കാർ ചേർത്തുപിടിക്കുന്നത് പ്രണയത്തിന്റെ ഹൃദയമിടിപ്പുകൾ കോറിയിട്ട എഴുത്തുകാരൻ എന്ന സ്നേഹത്താലാണ്.   

 

കുട്ടികൾക്കു വായിക്കാൻ ബാലരമയും അമ്പിളി അമ്മാവനും, എഴുതാൻ ബാലയുഗവും ഉണ്ടായിരുന്ന കാലഘട്ടത്തിലാണ് വി.ആർ. സുധീഷിന്റെ രചനാജീവിതം ആരംഭിക്കുന്നത്. കേട്ടതും വായിച്ചതുമായ കഥകളെ നോട്ടുപുസ്തകത്തിൽ സ്വന്തം ശൈലിയിൽ പകർത്തിയെഴുതിക്കൊണ്ടായിരുന്നു എഴുത്തിന്റെ ആദ്യ ചുവടുകൾ. പത്രമൊഴികെ മറ്റു പ്രസിദ്ധീകരണങ്ങളൊന്നും വീട്ടിൽ വാങ്ങിയിരുന്നില്ല. അയൽപക്കങ്ങളിൽ പോയിരുന്നാണ് വാരികകളും മാസികകളുമൊക്ക വായിച്ചാസ്വദിച്ചിരുന്നത്. ആറാം ക്ലാസ്സിൽ വച്ച് വായിച്ച കാരൂർ നീലകണ്‌ഠപ്പിള്ളയുടെ ‘കുട നന്നാക്കാനുണ്ടോ’ എന്ന കഥയായിരുന്നു മനസ്സിനെ ഏറ്റവും അധികം സ്പർശിച്ചത്. അധ്യാപന ജീവിതത്തിൽനിന്നു വിരമിച്ച ഈ സമയത്തും ആ കഥയിലെ വാചകങ്ങൾ അദ്ദേഹത്തിന് മനഃപാഠമാണ്. ഓരോ കഥ എഴുതിക്കഴിയുമ്പോഴും ‘കഥ നന്നാക്കാനുണ്ടോ’ എന്ന് ആരോ മനസ്സിൽനിന്നു വിളിച്ചു ചോദിക്കുന്നതായി തനിക്കു തോന്നുന്നത് കാരൂരിന്റെ കഥ വായിച്ചതിന്റെ സ്വാധീനത്തിലാകാമെന്നാണ് അദ്ദേഹം പറയുന്നത്. 

indian-wrtier-v-r-sudheesh-article-image

 

വായനയോ എഴുത്തോ പ്രോത്സാഹിപ്പിക്കാൻ വീട്ടിലോ ചുറ്റുവട്ടത്തോ ആരും ഇല്ലാതിരുന്ന ആ  സമയത്ത്, ക്ലാസിൽ എല്ലാ വെള്ളിയാഴ്ചയും നടന്നിരുന്ന സാഹിത്യ സമാജത്തിലാണ് കഥയോ നാടകമോ പ്രസംഗമോ ഒക്കെയായി താൻ എഴുതിയ രചനകൾ സുധീഷ് അവതരിപ്പിച്ചിരുന്നത്. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആശ്രാമം ഭാസിയുടെ പ്രസാധനത്തിലിറങ്ങിയിരുന്ന ബാലയുഗത്തിലേക്ക് ആദ്യമായി ഒരു കഥയെഴുതി അയച്ചത്. അന്ന് ബാലയുഗത്തിന്റെ സ്ഥിരം വായനക്കാരനുമായിരുന്നു. ബാലയുഗത്തിലേക്ക് അയച്ച കഥകളെല്ലാം സുധീഷ് വടകര എന്ന പേരിൽ പ്രസിദ്ധീകരിച്ചതോടെ തുടർന്ന് എഴുതാനും ആവേശമായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ബാലരമയുടെ ‘വിടരുന്ന മൊട്ടുകളി’ൽ ‘തൃഷ്ണ’ എന്ന കഥ അച്ചടിച്ചു വന്നതും പ്രതിഫലമായി പത്തു രൂപ ലഭിച്ചതും. തച്ചോളി മാണിക്കോത്ത് അമ്പലത്തിൽ തിറയ്ക്ക് പോയ ഒരു ബാലൻ കൈയിലുള്ള പൈസ പണയം വച്ചുള്ള കളിയിൽ നഷ്ടപ്പെടുത്തി നിരാശനാകുന്നതായിരുന്നു പ്രമേയം. ആ കഥയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് പലരും കത്തുകളയച്ചു. പയ്യോളി സ്‌കൂളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ കുഞ്ഞുണ്ണിമാഷ് ആദ്യ കാഴ്ചയിൽത്തന്നെ സുധീഷ് എന്ന വിദ്യാർഥിക്ക് കൗതുകമായി. മീഞ്ചന്ത രാമകൃഷ്ണാശ്രമത്തിൽ ചെന്ന് കുഞ്ഞുണ്ണി മാഷിനെ കാണുന്നതും എഴുതിയ രചനകൾ കാണിച്ച് അഭിപ്രായം സ്വീകരിക്കുന്നതുമൊക്കെ പിന്നെ പതിവായി. അങ്ങനെ സുധീഷ് വടകരയെന്ന കുട്ടിയെഴുത്തുകാരനും കുഞ്ഞുണ്ണി മാഷും നല്ല ചങ്ങാതിമാരായി. 

 

malayalam-writer-v-r-sudheesh-article-image

ആർത്തി പിടിച്ച വായനയ്ക്ക് അവസരം നൽകിയത് മടപ്പള്ളി കോളജ് ലൈബ്രറിയിൽ ചെലവഴിച്ച പ്രീഡിഗ്രിക്കാലമായിരുന്നു. പഠിച്ചിറങ്ങിയവരുടെ കൈയെഴുത്തു മാസികകളൊക്കെ, അതുവരെ പരിചിതമല്ലാതിരുന്ന ഭാഷാപ്രയോഗങ്ങളും പ്രമേയങ്ങളുമൊക്കെ പരിചയപ്പെടുത്തി നല്ല വായനാനുഭവം നൽകുകയായിരുന്നു ലൈബ്രറി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലേക്ക് എഴുതിത്തുടങ്ങിയതോടെ, വായന മാത്രം വിനോദമായി ഉണ്ടായിരുന്ന ആ തലമുറ സുധീഷ് വടകര എന്ന എഴുത്തുകാരനെ ക്യാംപസിലും പുറത്തുമൊക്കെയായി ശ്രദ്ധിക്കാൻ തുടങ്ങി. ആ സമയത്ത് ക്യാംപസിലുണ്ടായിരുന്ന മറ്റ് എഴുത്തുകാർ എം. സുധാകരൻ, സൂര്യഗോപൻ, രാജൻ സി.എച്ച്. എന്നിവരായിരുന്നു. രചനകളൊക്കെ ആ സുഹൃദ് വലയത്തിലാണ് ആദ്യം ചർച്ച ചെയ്തിരുന്നത്. ആഴ്ചപ്പതിപ്പിൽ സ്ഥാനം പിടിച്ച കഥാകാരന് പെൺകുട്ടികളുടെ ഇടയിലൊക്കെ ഗ്ലാമർ പരിവേഷം ലഭിച്ചു. ആ ആരാധികവൃന്ദത്തെ നിലനിർത്താനായി എഴുത്തും തുടരുകയായിരുന്നുവെന്ന് തമാശ മട്ടിൽ പറഞ്ഞു ചിരിക്കുന്നു സുധീഷ് മാഷ്. 

 

‘അതുവരെ എഴുതിയതിനേക്കാൾ ദീർഘമായ ഒരു കഥ ദേശാഭിമാനി വാരികയ്ക്ക് അയച്ചുകൊടുത്തപ്പോളാണ് പേരൊന്നു മാറ്റിയാലോ എന്ന ചിന്ത വന്നത്. സ്വന്തം നാടിന്റെ പേരായ വടകര പേരിനൊപ്പം ചേർക്കുന്നത് ശരിയല്ല എന്നു തോന്നി’ എന്ന്  മാഷ് പറഞ്ഞപ്പോൾ, ‘അതെന്തേ, ചന്ദ്രികാ ചർച്ചിതങ്ങൾ മാത്രമേ അന്ന് പേരിന്റെയൊപ്പം സ്ഥലപ്പേര് ചേർത്തിരുന്നുള്ളൂ?’ എന്ന് പുതിയതായി സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ച കഥയെ പരാമർശിച്ചുകൊണ്ട് ഞാൻ ചോദിച്ചപ്പോൾ നിലയ്ക്കാത്ത പൊട്ടിച്ചിരിയായിരുന്നു മറുപടി. ചിരിയുടെ ആക്കം ഒന്ന് കുറഞ്ഞപ്പോൾ മാഷ് തുടർന്നു .‘വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള തുടങ്ങിയ കഥാകാരന്മാരുടെ പേരിലൂടെ നാട് പ്രശസ്‌തമായ ഉദാഹരണങ്ങൾ മുന്നിൽ ഉണ്ടായിരുന്നപ്പോഴും, എം.ടി. വാസുദേവൻ നായർ, ഒ.എൻ.വി.കുറുപ്പ്, ടി.പദ്മനാഭൻ തുടങ്ങിയ ഇനീഷ്യൽ വച്ചുള്ള പേരുകളോട് തോന്നിയ താൽപര്യത്താൽ വി.ആർ. സുധീഷ് എന്ന പേരിൽ കഥ അയയ്ക്കുകയും അച്ചടിച്ചു വരികയും ചെയ്‌തു. പിന്നീട് ആ പേര് ഇങ്ങനെ തുടരുന്നു.’ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയച്ച കഥ മുതിർന്ന എഴുത്തുകാരുടെ കഥകൾക്കൊപ്പം അച്ചടിച്ചു വന്നതോടെ അക്കാലത്ത് എഴുതിയിരുന്ന എഴുത്തുകാരെല്ലാം വി.ആർ. സുധീഷ് എന്ന പേരിനെ ശ്രദ്ധിക്കാൻ തുടങ്ങി. ‘വർണ്ണപ്പൊട്ടുകൾ’ എന്ന ആ കഥയെക്കുറിച്ച് പിന്നീട് പ്രഫ. എം.എൻ. വിജയൻ മാഷ് പരാമർശിച്ച കാര്യം അഭിമാനത്തോടെയാണ് വി. ആർ. സുധീഷ് ഓർമിക്കുന്നത്. 

 

തലശ്ശേരി ബ്രണ്ണൻ കോളജിലെ ഡിഗ്രി പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബി സോൺ, ഇന്റർസോൺ മത്സരങ്ങളിൽ രണ്ടു തവണ മികച്ച കഥാകൃത്തിനുള്ള സമ്മാനം നേടി. അന്ന് മുതലാണ് ഗൗരവമുള്ള രചനകളിലേക്കു ശ്രദ്ധിച്ചു തുടങ്ങിയത്. ഡിഗ്രി പഠനം പൂർത്തിയാകും മുൻപേ ക്രൂരഫലിതക്കാരൻ ദൈവം, ദൈവത്തിനൊരു പൂവ് തുടങ്ങി കഥാസമാഹാരങ്ങളും പുറത്തിറങ്ങി. സാഹിത്യ ചർച്ചാ ഇടങ്ങളെ തേടിപ്പിടിച്ചുള്ള യാത്രകളും, പ്രസംഗിക്കുമ്പോൾ ആരെയും പ്രീതിപ്പെടുത്താതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ശൈലിയിലൂടെ പ്രസംഗ രംഗത്ത് സ്വന്തമായൊരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞതും സാഹിത്യ വേദികളിൽ വി.ആർ. സുധീഷിനും സ്ഥാനം നൽകി. അങ്ങനെ യുവ കഥാകൃത്തിന് എം.ടി. വാസുദേവൻ നായരും പ്രഫ. എം. എൻ. വിജയനും വൈക്കം മുഹമ്മദ് ബഷീറും ഒക്കെ സുഹൃത്തുക്കളായി.

 

മൊബൈൽ ഫോൺ ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഓരോ കഥയ്ക്കും ഇടമുറിയാതെ വന്നുകൊണ്ടിരുന്ന വായനക്കാരുടെ കത്തുകളിലൂടെയുള്ള പ്രതികരണങ്ങളായിരുന്നു പുതിയ പ്രമേയങ്ങൾ കണ്ടെത്താനുള്ള ഊർജം. സുഹൃത്ത് സതീഷ് ബാബു പയ്യന്നൂരിന്റെ അനുജത്തിയുടെ കോളജ് ഹോസ്റ്റലിൽ, അതുവരെ അവർ നേരിൽ കണ്ടിട്ടില്ലാത്ത തന്റെ ഒരു ജന്മദിനം ആരാധികമാരായ അജ്ഞാത കാമിനിമാർ ചേർന്ന് മെഴുകുതിരി തെളിച്ചു കേക്ക്  മുറിച്ച് ആഘോഷിച്ച രസകരമായ സംഭവം ഓർത്ത് ഇന്നും ചിരിക്കാറുണ്ട് സുധീഷ്. ബാലസാഹിത്യവും എഴുതണം എന്ന പ്രസാധകരുടെ നിർബന്ധം മൂലമാണ് അമ്പിളിപ്പൂതവും കുറുക്കൻ മാഷിന്റെ സ്‌കൂളും എഴുതിയത്. കേരള സാഹിത്യ അക്കാദമിയുടെ 2017 ലെ ബാലസാഹിത്യ പുരസ്‌കാരവും അദ്ദേഹത്തിനു ലഭിച്ചു.

 

വായനകൊണ്ടു മാത്രം ഒരാളുടെ സാഹിത്യരചനാ വാസനയെ വികസിപ്പിച്ചെടുക്കാനാകുമോ എന്ന ചോദ്യത്തിന്, ഗൗരവപൂർണമായ കാഴ്‌ചപ്പാടുകളാണ് സുധീഷ് പങ്കുവച്ചത്. 

 

‘വായന കൊണ്ടു മാത്രം ഒരാൾ എഴുത്തുകാരനാകണമെന്നില്ല. നിരീക്ഷണശക്തിയാണ് പ്രധാനം. ഭാഷയും നിരീക്ഷണശക്തിയും ഉള്ള ഒരാൾക്കു മാത്രമേ എഴുത്തിൽ ശോഭിക്കാനാകൂ. ഈ ലോകത്തെ ഏതു കണ്ണിലൂടെ കാണുന്നു എന്നതാണ് എഴുത്തിന്റെ സവിശേഷതയായി കാണേണ്ടത്. ഒരു വസ്തുവിനെ പലതരത്തിൽ നമുക്കു നോക്കിക്കാണാൻ പറ്റും. മുകളിൽനിന്നും താഴെനിന്നും കാഴ്ചയുടെ മാനങ്ങൾ വ്യത്യസ്‌തമായിരിക്കും. അതുപോലെ ഒരു പ്രമേയത്തെ എങ്ങനെ നോക്കിക്കാണുന്നു, എങ്ങനെ പരിചരിച്ച് അവതരിപ്പിക്കുന്നു എന്നതിലാണ് കാര്യം. അതിന് ഭാഷ വേണം, നിരീക്ഷണശക്തി വേണം, ആഖ്യാനത്തിന്റെ വിവിധ മാതൃകകളെക്കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടാകണം. 

 

വായനയിലൂടെയാണ് ആഖ്യാന മാതൃകകളെ നമ്മൾ തിരിച്ചറിയുന്നത്. നിരീക്ഷണ ശക്തിയിലൂടെയാണ് ഈ ആഖ്യാന മാതൃകകൾക്ക് പുതിയ തലങ്ങൾ നൽകുന്നത്. ഭാഷ കൈവശമുണ്ടെങ്കിൽ മാത്രമേ ഭാഷയുടെ സൗന്ദര്യാത്മകതയെക്കുറിച്ചുള്ള അറിവ് നമുക്ക് ഉണ്ടാകൂ. അതെല്ലാം ചേർന്നാണ് ഒരു കഥാകൃത്തോ കവിയോ ഒക്കെ ഉണ്ടാകുന്നത്. ഒരു നല്ല കഥയെന്നു പറഞ്ഞാൽ സാമ്പ്രദായിക കഥന പാരമ്പര്യത്തെ അനുകൂലിക്കുന്നതോ, ആ  പാരമ്പര്യത്തെ നിലനിർത്തിക്കൊണ്ടുതന്നെ അതിനെ നിഷേധിക്കുന്നതോ ആയിരിക്കണം. അതിന് അനുയോജ്യമായ, ചിലപ്പോൾ അതിശക്തമെന്നു തോന്നുന്ന, അതിലളിതമായ, അതിഗഹനമായ ഒരു ഭാഷ കണ്ടെത്തുക എന്നതാണ് മുഖ്യം.’ ഭാഷ, നിരീക്ഷണം, ആഖ്യാനം, കഥയെ അല്ലെങ്കിൽ നമ്മൾ വ്യവഹരിക്കുന്ന മാധ്യമത്തെക്കുറിച്ചുള്ള ചരിത്ര ബോധം ഇതൊക്കെയാണ് എഴുതിത്തുടങ്ങുന്ന ഒരാൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതന്നും വി. ആർ. സുധീഷ് വ്യക്തമാക്കുന്നു.

 

തനിക്കു ചുറ്റുമുള്ള ജീവിതത്തെ നോക്കിക്കാണാനുള്ള വ്യത്യസ്‌തമായ നിരീക്ഷണ ശക്തിയും, എഴുതിയതിൽ ഏറെയും പ്രണയ പ്രമേയങ്ങളെങ്കിലും അതിന്റെ ആഖ്യാനത്തിൽ പാലിച്ച വ്യത്യസ്‌തതയും അനുഭവത്തിന്റെ സാക്ഷ്യം പറഞ്ഞു കൊണ്ടവതരിപ്പിച്ച ലളിതമായ ഭാഷയുമൊക്കെയാണ് വായനക്കാർക്ക് വി. ആർ. സുധീഷിനെ അഭിമതനാക്കിയത്. കാൽപനികതയെ ചേർത്തു പിടിച്ചുള്ള രചനകളാൽ ഈ പ്രണയകഥാകാരൻ വായനക്കാർക്കിടയിൽ പ്രിയങ്കരനാവുന്നതും അതുകൊണ്ടുതന്നെ.

 

English Summary: Malayalam writer V R Sudheesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com