ADVERTISEMENT

ജീവിതത്തിൽ ഒരിക്കലെങ്കിലും ‍ഡോക്ടറെ ആശ്രയിച്ചിട്ടില്ലാത്തവർ ഉണ്ടാകുമോ? ഓരോ നിമിഷവും ജീവന്റെ കാവൽക്കാരായി മാറുന്നവരാണ് ഡോക്ടേഴ്സ്. കോവിഡ് മഹാമാരി ലോകം മുഴുവൻ സംഹാരതാണ്ഡവമാടുന്ന ഈ കാലഘട്ടത്തിൽ കരുതലിന്റെ കരം വിരിച്ച് നമ്മെ കാക്കുന്നവരെ ഓർക്കാതിരിക്കുന്നതെങ്ങനെ? ‍ഡോക്ടേഴ്സ് ദിനത്തിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുകയാണ് മലയാളത്തിലെ പ്രമുഖ എഴുത്തുകാർ–

 

author-shihabudeen-poithumkadavu
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

ജീവന്റെ കാവൽക്കാർ – ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്

 

സമൂഹത്തിൽ ഏറ്റവുമധികം മാനിക്കപ്പെടേണ്ട വ്യക്തികൾ ആണ് ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും. എവിടെ ഡോക്‌ടർമാരും ആരോഗ്യപ്രവർത്തകരും അപമാനിക്കപ്പെടുന്നോ  അതല്ലെങ്കിൽ അവമതിക്കപ്പെടുന്നോ അത് മോശമായ ഒരു സംസ്‌കാരത്തിന്റെ സ്ഥലമാണ് എന്ന് അനുമാനിക്കാം. ഡോക്‌ടർമാർ ഏറ്റവുമധികം പിരിമുറുക്കങ്ങളിലൂടെ കടന്നു പോകുന്ന ഒരു സമയം കൂടിയാണ് ഈ കോവിഡ് കാലം. ഞാനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുകയുണ്ടായി. ഐസിയുവിൽ ആയിരുന്നു. അന്നാണ് ആഗോഗ്യപ്രവർത്തകർ നേരിടുന്ന പ്രശ്‌നങ്ങൾ ഞാൻ സസൂക്ഷ്‌മം കാണുന്നത്. കാരണം ഞാൻ ഹോസ്‌പിറ്റലിൽ അധികം കിടന്നിട്ടുള്ള ആളല്ല.  

 

എന്തു മാത്രം അപകടങ്ങളിൽ കൂടിയാണ് അവരുടെ ജീവിതം കടന്നു പോകുന്നത് എന്ന സത്യം ഒരുനിലയ്ക്ക് വളരെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. അത്രയധികം പിരിമുറുക്കങ്ങളിലൂടെ, അന്തർസംഘർഷങ്ങളിലൂടെയാണ് അവർ കടന്നു പോകുന്നത്. അപ്പോൾ അവരെ ഏറ്റവുമധികം ആദരിക്കേണ്ട സമയമാണിത്. 

writer-thanuja-bhattari
തനൂജ ഭട്ടതിരി

 

ഡോ. രാകേഷ് പാറക്കടവത്ത് ആണ് കോവിഡ് സമയത്ത് എന്നെ ചികിത്സിച്ചത്. ഈ മനുഷ്യൻ ഓരോ സെക്കന്റും രോഗികളുടെ അടുത്ത് എത്തുകയും സ്വന്തം കുടുംബത്തിൽ ഉള്ള ഒരാൾക്ക് അസുഖം വന്നപോലെയുള്ള അവസ്ഥയിലും പിരിമുറുക്കത്തിലും ആയിരുന്നു എങ്കിലും അദ്ദേഹമത് പുറത്ത് കാണിക്കാതെ വളരെ ഭംഗിയായി കൊണ്ട് പോകുന്നത് ഞാൻ വളരെ സാകൂതം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഈയടുത്തു കാണുന്ന ഒരു പ്രവണതയാണ് ഡോക്ടർമാരെ അനാദരിക്കുക എന്നത് ഈ മാറ്റങ്ങൾ വളരെ ദുഃഖകരമാണ്. കാരണം നമ്മൾ അഭയം പ്രാപിക്കുന്ന ഒരു സ്ഥലം കൂടിയാണത്. 

 

ഡോക്ടർമാരെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള അവരുടെ സേവനം എന്നു പറയുന്നത് പട്ടാളക്കാർ യുദ്ധമുഖത്ത് അനുഷ്ഠിക്കുന്ന സേവനത്തിന് സമമാണ്. ആ നിലയ്ക്ക് ഡോക്ടർമാർ എന്ന് പറയുന്നത് നമ്മൾ ഏറ്റവുമധികം ആദരിക്കേണ്ടവരാണ്. അവരുടെ ക്ഷമ ഇൻവോൾവ്മെന്റ് എന്നൊക്കെ പറയുന്നത് ഒരു നിലയ്ക്കും അതിന് ഒരു തുലനമില്ലാത്ത ഒരു സർവീസ് ആണ്. വലിയ ത്യാഗിവര്യന്മാരായ ഡോക്ടർമാര് നമുക്ക് ചുറ്റും ഉണ്ട് എന്ന കാര്യം ഒട്ടും മറക്കാൻ പാടില്ലാത്തതാണ്. അത് സമൂഹത്തിന്റെ നല്ല സംസ്‌കാരത്തിന്റെ നിലനിൽപിന് ആരോഗ്യസംസ്കാരത്തിന്റെയടക്കമുള്ള എല്ലാ സംസ്‌കാരത്തിന്റെയും നിലനിൽപിന് വളരെ വളരെ അത്യന്താപേക്ഷിതമാണ്.

jacob-abraham
ജേക്കബ് എബ്രഹാം

 

ജീവൻ രക്ഷിക്കുന്ന മനുഷ്യർ – തനൂജ ഭട്ടതിരി

 

 

വളരെ ദുർഘടം പിടിച്ച ഒരു കാലഘട്ടത്തിൽ  കൂടെയാണ് നാം കടന്നു പോകുന്നത്. തീരെ പരിചയമില്ലാത്ത ഒരു ലോകമാണ് നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യപരമായും ആരോഗ്യപരമായും ഒക്കെ പ്രശ്നങ്ങൾ നിരവധി ഉണ്ട്. പിടിച്ചു നിൽക്കാൻ താങ്ങായും തണലായും നമ്മുടെ ഒപ്പം നിൽക്കാൻ ഏറ്റവും കൂടുതൽ നമ്മളെ ഈ കാലഘട്ടത്തിൽ സഹായിച്ചത് ആരോഗ്യപ്രവർത്തകരാണ്. പ്രത്യേകിച്ചും ഡോക്‌ടർമാർ. ഈ കോവിഡ് കാലത്തു തന്നെ എത്രയോ ഡോക്‌ടർമാർ കോവിഡിനു കീഴടങ്ങി എങ്കിലും അതിനു തൊട്ടു മുൻപ് എത്രയോ മനുഷ്യരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണ് അവർ അവരുടെ ജീവൻ വെടിഞ്ഞത്. 

 

അതിനെല്ലാമുപരി ഈ കാലത്തും ജീവനെകുറിച്ചുള്ള ഒരു പ്രതീക്ഷ നമുക്കു നൽകാൻ ഡോക്ടർമാർക്ക് സാധിച്ചു. അവർ പ്രയത്നിച്ചതിന്റെ ഫലമാണ് ഇന്ന് നമ്മൾ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വാക്‌സിനേഷൻ എങ്കിലും. എന്താണ് ഈ രോഗമെന്ന് മനസ്സിലാക്കുന്നതിനു മുൻപ് അതിനെക്കുറിച്ചു പഠിക്കാനും അതിനെതിരെ മനുഷ്യ രാശിയെ സജ്ജരാക്കാനും ഒക്കെ സഹായിച്ചത് ഡോക്‌ടർമാർ എന്ന വിഭാഗമാണ്. അസുഖം വന്നവരെ ചികിത്സിച്ച്  തിരികെ അവരുടെ ജീവിതത്തിലേക്കും ജീവനിലേക്കു കൊണ്ടുവരുവാൻ സഹായിച്ചതും ഡോക്ടർമാരാണ്. 

 

ഇപ്പോഴല്ലെങ്കിൽ എപ്പോഴാണ് ഡോക്ടർമാരെ നന്ദിയോടെ ഓർക്കുക. ദൈവത്തെപ്പോലെ ഓർക്കുക. തീർച്ചയായും ഈ കാലത്ത് ജീവൻ രക്ഷിക്കുന്ന മനുഷ്യർ എന്ന വിഭാഗമായ ഡോക്ടർമാരെ എത്രയും നന്ദി പൂർവം സ്‌മരിക്കേണ്ടതുണ്ട്. എനിക്ക് നേരിട്ടറിയാവുന്നതും അല്ലാത്തതുമായ ഈ ലോകം മുഴുവനുമുള്ള എല്ലാ ഡോക്ടർമാർക്കും എന്റെ ആശംസകൾ.

 

ഞണ്ടുകളുടെ നാട്ടിൽ പ്രകാശം പരത്തുന്ന ഡോക്ടർ - ജേക്കബ് ഏബ്രഹാം

suresh-narayanan
സുരേഷ് നാരായണൻ

 

ബുദ്ധന്റെ ഹിതോപദേശ കഥകളിലെ മരണമില്ലാത്ത വീടു തേടി നടക്കുന്ന ശിഷ്യന്റെ പോലെയാണ് കാൻസറില്ലാത്ത വീടു തേടുന്നത്. കുടുംബാംഗങ്ങൾക്ക്, അടുത്ത ബന്ധുക്കൾക്ക്, സുഹൃത്തുക്കൾക്ക് .... അങ്ങനെ സർവവ്യാപിയാണ് ഈ ഞണ്ടുകൾ

 

അങ്ങനെ ഞണ്ടുകളുടെ ആക്രമണം തളർത്തിയവർക്ക് ആശ്വാസമാകുന്ന ഒരു ഡോക്ടർ എന്റെ കൺമുന്നിൽ ഈ ഡോക്ടേഴ്സ് ഡേയിൽ പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്നു. തിരുവനന്തപുരം ആർ.സി.സി യിലെ ഡോ. ശ്രീജിത്ത്. ജി.നായർ, മെഡിക്കൽ ഓങ്കോളജി പ്രഫസർ.

 

ഒരു ദിവസം രാവിലെ ഓഫിസിലേക്ക് പോകാൻ തുടങ്ങുമ്പോഴാണ് ഖത്തറിൽ ജോലി ചെയ്യുന്ന എന്റെ ചേട്ടന് മുട്ടിന് പതിവില്ലാത്ത വേദന തോന്നിയത്. വേദന സാരമാക്കാതെ അദ്ദേഹം ഓഫീസിൽ പോയി. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വേദന രൂക്ഷമായി. ഖത്തറിലെ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തോട് ഡോക്ടർ ആ ഞെട്ടിപ്പിക്കുന്ന വാർത്ത പറഞ്ഞു. കാലിന്റെ അസ്ഥിയിൽ കാൻസറാണ്.. ചേച്ചി ഈ വിവരം എന്നോടു പറയുമ്പോൾ ഞാൻ തകർന്നു പോയി.  ഒട്ടും വൈകാതെ തിരുവനന്തപുരം ആർ.സി.സിയിലേക്ക് ഉടൻ തിരിയ്ക്കാൻ ഞാൻ പറഞ്ഞു. ജീവിതം സ്തംഭിച്ചു പോയ ദിവസങ്ങൾ.

 

vinod-krishna
വിനോദ് കൃഷ്ണ

എയർപോർട്ടിൽ നിന്നും ആർ.സി.സിയിലേക്ക് എത്തിയപ്പോൾ ഈ രോഗം തകർത്ത മനുഷ്യരുടെ കുട്ടികളുടെ നീണ്ട കണ്ണികളിലേക്ക് ഞങ്ങളും ചേർന്നു. വലിയ പ്രോസസാണ് ചികിത്സയ്ക്ക്. നീണ്ട കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ മുമ്പിൽ ഡോക്ടറുടെ മുറിയുടെ വാതിൽ തുറന്നു. അദ്ദേഹം ഒരു പുഞ്ചിരിയോടെയാണ് സ്വാഗതം ചെയ്തത്. വിശദമായ രോഗ വിവരങ്ങൾ കേട്ടു. പരിശോധിച്ചു. ചേച്ചിയോടും എന്നോടും ഡോ. ശ്രീജിത്ത് വിശദമായി തന്നെ സംസാരിച്ചു. ആംപ്യൂട്ടേഷൻ അല്ലാതെ മറ്റൊരു മാർഗമില്ല. ഡോക്ടറുടെ നേതൃത്വത്തിൽ അതിവേഗം ഓപ്പറേഷനുള്ള നടപടികൾ തന്നെ തുടർന്നു. ചികിത്സ തുടങ്ങി.

 

കൃത്യമായ പരിശോധന, വേഗതയാർന്ന തീരുമാനം. മനുഷ്യത്വമുള്ള ഇടപെടൽ ഡോ. ശ്രീജിത്ത് ഞങ്ങളോട് മാത്രമല്ല ഓരോ മനുഷ്യരോടും പുലർത്തുന്ന ഭിഷഗ്വരന്റെ മഹനീയമായ ആ സമീപനം കാണുമ്പോൾ ഇന്ത്യൻ സാഹിത്യത്തിലെ ക്ലാസിക്കായ താരാശങ്കർ ബാനർജിയുടെ ഡോ. ജീവൻ മശായിയെ ഓർമ്മ വരും. ജനകീയനായ ഡോക്ടർ

 

ചികിത്സയ്ക്കിടയിൽ ഒരു ദിവസം ഡോ. ശ്രീജിത്ത് ഞങ്ങളോട് പറഞ്ഞു.

writer-manoj-vengola
മനോജ് വെങ്ങോല

 

- തോമസ് ... നിങ്ങൾ മടങ്ങിപ്പോയി ജോലിയ്ക്ക് ചേർന്നോളു.. ബി ഹാപ്പി ... ജീവിതത്തെ ധൈര്യപൂർവം നേരിടൂ ...

 

ഡോക്ടർ ചുമലിൽ തട്ടി അങ്ങനെ പറഞ്ഞപ്പോൾ ഞങ്ങളുടെ കണ്ണുകൾ തിളക്കി. പിന്നീട് ഇ- മെയ്​ലിലൂടെ നൽകുന്ന സംശയങ്ങൾക്കും അദ്ദേഹം മറുപടി നൽകി.

 

ഞങ്ങൾക്ക് മാത്രമല്ല അനേകായിരം കാൻസർ രോഗികൾക്ക് പ്രത്യാശ പകർന്നു നൽകുന്ന ഡോ. ശ്രീജിത്ത് ജി. നായർ സാറിനെ ഈ ദിനത്തിൽ സ്നേഹത്തോടെ ഓർക്കുന്നു.

 

ആർ.സി.സിയിലെ റേഡിയേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന കവി ശാന്തനുമായി സംസാരിച്ചപ്പോഴാണ് ഡോ. ശ്രീജിത്ത് നല്ലൊരു സാഹിത്യാസ്വാദകനും വായനക്കാരനുമാണെന്ന് തിരിച്ചറിഞ്ഞത്. ചില ഡോക്ടർമാർ സാധാരണത്വം വെടിഞ്ഞ് ജീവൻ മശായിയെപ്പോലെ പിംഗളകേശിനിയായ മൃത്യുവിന്റെ പിടിയിൽ നിന്നും ജീവനെ രക്ഷിക്കുന്നതിൽ പോരാട്ടം തുടരുന്നതാണ് മനുഷ്യരാശിയുടെ പ്രതീക്ഷ. അത്തരം ജീവൻ മശായിമാരുടെ കൂട്ടത്തിൽ ഡോ. ശ്രീജിത്ത് ജി. നായരും ഉറപ്പായും ഉൾപ്പെടും.

 

ആഗ്നസ് എന്ന അമ്മ– സുരേഷ് നാരായണൻ 

 

സിനിമകളിൽ കണ്ടുകണ്ട് മനസ്സിലുറച്ചു പോയ ഒരു രംഗമുണ്ട്. ലേബർറൂം ഇടനാഴികളിൽക്കൂടി കൈയും കെട്ടിയുള്ള നടത്തം! ‘അത് നിർബന്ധാ’ എന്നുപറഞ്ഞ പാട്രിയാർക്കിയെ ‘പോടാ പൈത്യക്കാരാ, പോയി തൂങ്കടാ’ എന്നടിച്ചോടിച്ചയാളാണ് ആഗ്നസ് ഡോക്ടർ. കൊടുങ്ങല്ലൂർക്കാരി ഗൈനക്കോളജിസ്റ്റ്. ഞങ്ങളുടെ സാവരിയക്കുട്ടിയുടെ ഡോക്ടറമ്മ.

 

കട്ട് ചെയ്ത് 2010ലേക്ക് പോകാം. ആദ്യത്തെ കല്യാണം, ആദ്യത്തെ കൺസീവീങ്; ഒടുക്കത്തെ കൺഫ്യൂഷൻസും! അതുമാറ്റാൻ കൂട്ടുകാരൻ ടോണി സജസ്റ്റ് ചെയ്ത ടോണിക് ആയിരുന്നു ആഗ്നസ് ഡോക്ടർ; അവന്റെ സ്വന്തം വല്യമ്മച്ചി! സ്പെഷലിസ്റ്റു കുപ്പായങ്ങൾ എല്ലാം ഊരിമാറ്റിവെച്ച് ഞങ്ങൾക്കു മുൻപിൽ അവർ തനി കുടുംബ ഡോക്ടറായി. എന്റെ കീർത്തിക്ക് കൊടുങ്ങല്ലൂരമ്മയായി! ഫോളിക് ആസിഡിനൊപ്പം ആയുർവേദ മരുന്നുകളും എഴുതി. രോഗീബാഹുല്യങ്ങളാൽ വലിഞ്ഞുമുറുകിയിരുന്ന ഡോക്ടറുടെ വൈകുന്നേരങ്ങൾ ഞങ്ങളുടെ സന്ദർശനത്താൽ ആറിത്തണുത്തു.

 

കീർത്തിയുടെ ഇഞ്ചക്ഷൻ സൂചിപ്പേടി അവർ മാറ്റിയെടുത്തു. ചില മരുന്നുകൾ കുറിക്കുമ്പോൾ ‘ഇതു നിന്റെ അന്ധവിശ്വാസങ്ങൾ മാറാനുള്ളതാണ്’ എന്നു കളിയാക്കി. 300 കിലോമീറ്റർ ദൂരെ താമസിക്കുന്ന അവളുടെ അമ്മൂമ്മയ്ക്കും അവർ മരുന്നുകളെഴുതി. തിരുവയറിലേക്ക് നോക്കി എന്റെ കെയറിങ് പോരാ എന്നു കണ്ണുരുട്ടി. രണ്ടുപേരും കൂടിയന്ന് എന്നെ അക്ഷരാർത്ഥത്തിൽ പോസ്റ്റുമോർട്ടം ചെയ്തു! 

 

അടുത്ത ഏപ്രിൽ 27 രാത്രി 10:30. സന്തോഷാധിക്യത്താൽ ആദ്യം വിളിച്ചത് ഡോക്ടറെ.

കാര്യം പറയുന്നതിനു മുമ്പ് ‘പെൺകുഞ്ഞാ അല്യോ, എനിക്കറിയാമായിരുന്നു!’ എന്ന് അവർ.

 

മോളുടെ നിറചിരികളിൽ ഞങ്ങൾ കാണുന്നു, അവർ കൊളുത്തിവച്ച ആർദ്രതയുടെ പ്രകാശം.. അന്നും ഇന്നും എന്നും!

 

മൂക്കിന്റെ ഷട്ടർ തുറപ്പിച്ച മരുന്ന് – വിനോദ് കൃഷ്ണ

 

നോസ് ബ്ലൈൻഡ്നെസ് വിചിത്രമായ ഒരു അവസ്ഥയാണ്. ഒന്നിന്റെയും ഗന്ധം ലഭിക്കാതിരിക്കുക. ആർക്കും ശല്യമില്ലാത്ത, മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത രോഗം എന്ന് പറയാം. മൂന്നുവർഷക്കാലം എനിക്കീ അവസ്ഥ ഉണ്ടായിരുന്നു. ഞാനിതു തിരിച്ചറിഞ്ഞത് തന്നെ വളരെ വൈകിയാണ്. ഹോമിയോ മരുന്ന് ആണ് സ്വീകരിച്ചത്. ആദ്യം രണ്ട് മൂന്ന് ഹോമിയോ ഡോക്ടർമാരെ കണ്ടു. ഏതാനും ദിവസങ്ങൾ മരുന്ന് കഴിച്ചാൽ ഒന്നോ രണ്ടോ ദിവസം മണം പിടിക്കാനുള്ള കഴിവ് കിട്ടും. പിന്നെ എപ്പോഴാണ് മൂക്ക് പണിമുടക്കുന്നതെന്നു തിരിച്ചറിയാൻ ഒക്കില്ല. മോൾ മടിയിൽ വന്നിരിക്കുമ്പോൾ ഞാൻ സങ്കൽപ്പിക്കും, അവൾക്കിപ്പോഴും ആ പാൽ മണമാണെന്ന്! 

 

ഞാൻ പിന്നെ എല്ലാവസ്തുക്കളുടെയും ഗന്ധം ഓർമ്മയിൽ നിന്നാണ് പിടിച്ചെടുത്തിരുന്നത്. പക്ഷേ, അത് എത്രനാൾ തുടരാനവും. പക്ഷേ, അങ്ങനെ പ്രത്യേകിച്ചൊരു പ്രശ്നവും ഇല്ലാത്തതു കൊണ്ട് പിന്നെ വേറെ ഡോക്ടറെ കാണാനും മിനക്കെട്ടില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു അടുത്ത ചങ്ങാതിയുടെ വീട്ടിൽ പോകുന്നത്. അവിടെ നല്ല പഴുത്ത ചക്ക വെട്ടിവെച്ചിരുന്നു. എല്ലാവരും അതിന്റെ മണം പിടിച്ച് ആസ്വദിക്കുന്നു. ചക്ക പ്രാന്തനായ എനിക്ക് മാത്രം മണം അടിക്കുന്നില്ല. കുടുംബ സൂഹൃത്തായ ബിനോയ് അങ്ങനെയാണ് എന്റെ പ്രശ്നം അറിയുന്നത്. അവന്റെ ഭാര്യ ഹോമിയോ ഡോക്ടർ ആണ്. ഡോ. ധന്യ. അവൻ കാരണമാണ് എനിക്ക് മണം തിരിച്ചു കിട്ടിയത്.

 

‘‘ഗ്യാസ് ലീക്ക് അയാൽ അറിയാതിരിക്കുക, തീയും പുകയും, പഴകിയ ഭക്ഷണവും മണക്കാതിരിക്കുക. ഇതൊക്കെ അപകടം ക്ഷണിച്ചു വരുത്തും. അതുകൊണ്ട് ഇത് നിസാരമായി കാണരുത്’’ ഡോ.ധന്യ പറഞ്ഞു. അപ്പോഴാണ് ഞാൻ ശരിക്കും നോസ് ബ്ലൈൻഡ്നസിന്റെ അപകടം മണത്തറിഞ്ഞത്. അതുവരെ നഗരത്തിലെ മാലിന്യദുർഗന്ധത്തിൽ നിന്നു രക്ഷപെടാനുള്ള അനുഗ്രഹമായാണ് ഞാൻ ഈ പ്രശ്നത്തെ കണ്ടിരുന്നത്. ‘‘മുമ്പ് തലയ്ക്കു വല്ല പരുക്കും പറ്റിയിരുന്നോ?’’ ഡോ.ധന്യയുടെ അടുത്ത ചോദ്യം എന്നെ ഞെട്ടിച്ചു. ‘‘ഇല്ല’’. ഞാൻ ബേജാറായി. ‘‘പെർമനെന്റ് നോസ് ബ്ലൈൻഡ്നെസ്സ് തലക്കേറ്റ പരുക്ക് കാരണമാക്കാം’’. കാര്യങ്ങൾ വിശദമായി ചോദിച്ചു മനസിലാക്കിയ ഡോക്ടർ ഒരു ആഴ്ചത്തേക്കുള്ള മരുന്ന് തന്നു. അത് കഴിച്ചു തീരും മുമ്പേ മണം കിട്ടിത്തുടങ്ങി. 

 

ആ അനുഭവം വിചിത്രവും രസകരവുമാണ്. രാവിലെ ഉണർന്നു വെള്ളം കുടിക്കാൻ അടുക്കളയിൽ കയറിയപ്പോൾ ജനൽ വഴി അടുക്കളത്തോട്ടത്തിലെ കറിവേപ്പിലയുടെ മണം. വളരെക്കാലം ഷട്ടർ ഇട്ട മൂക്കിലേക്ക് പ്രകൃതി നല്ല ഗന്ധം തന്നെ തുളച്ചു കയറ്റി! ഈയടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷം അതാണ്‌. ഡോ. ധന്യയ്ക്ക് നന്ദി. മനസ്സ് വായിച്ചു മരുന്ന് കുറിക്കുന്നവരാണ് രോഗശാന്തി ഉണ്ടാക്കുന്നത്. ഡോ. ധന്യ അവരിൽ ഒരാളാണ്. മരുന്ന് പാതി, മനസ്സ് പതി. പിന്നെ ഒരാഴ്ച കൂടിയേ മരുന്ന് കഴിക്കേണ്ടി വന്നുള്ളു. ഇപ്പോൾ എല്ലാം പെർഫെക്റ്റ് ഓകെയാ!

 

ഡോക്ടര്‍ ആ വാകമരത്തെ കരുണയോടെ  നോക്കുന്നത് ഞാന്‍ കണ്ടു– മനോജ്‌ വെങ്ങോല

 

എന്‍റെ ശരീരം, ഘടികാരത്തിന്‍റെ ചാക്രിക സ്വഭാവത്തെ അനുകരിക്കും വിധം ഓരോകാലങ്ങളില്‍  ഓരോ രോഗങ്ങളെ സ്വാഗതം ചെയ്തിരുന്നു. ഇടര്‍ച്ചകളില്ലാത്ത തുടര്‍ച്ചയായിരുന്നു അത്. ഇടവപ്പാതിയുടെ തുടക്കം മുതല്‍ രണ്ടാഴ്ച നീളുന്ന ജ്വരം കുട്ടിക്കാലത്ത് എന്‍റെ പതിവു സന്ദര്‍ശകനായി. തുലാവര്‍ഷത്തിന്‍റെആദ്യ ഇടിമുഴക്കവും മിന്നലും ആകാശത്തെ നടുക്കുമ്പോള്‍ ഇടതുവശത്തെ കയ്യുംകാലും വേദനകൊണ്ട് കൂഞ്ഞി തുടങ്ങും.     

 

വേനലിന്‍റെ  വരവറിയിച്ച്, അതിരിലെ മുരിക്കുമരങ്ങള്‍ ചുവന്ന പൂക്കളുടെ പതാക വീശുമ്പോള്‍ പൊട്ടിപ്പിളരുന്ന തലവേദനയാല്‍ ഞാന്‍ ആര്‍ത്തുകരയും. മുറ്റത്തെ ചെടികളെയും മരങ്ങളുടെ

ഇലച്ചാര്‍ത്തുകളെയും വയല്‍ച്ചുള്ളികളെയും തണുപ്പിന്‍റെ കച്ചപുതപ്പിക്കുന്ന മഞ്ഞുകാലം എത്തിയാല്‍ എനിയ്ക്ക് ദേഹം മുഴുവന്‍ ചൊറിച്ചില്‍ തുടങ്ങുകയായി. ഞാനപ്പോള്‍ പഴയനിയമത്തിലെ ഇയ്യോബിനെ പോലെ ഓട്ടിന്‍കഷണമോ വാരുചീര്‍പ്പോ ഉപയോഗിച്ച് ഉടലാകെ മാന്തി ഈ രോഗാവസ്ഥയെനിഷ്ഫലമായി ചെറുത്തു.

 

ഇത്തിരിവൈദ്യം വശമുള്ള  അച്ഛന്‍റെ ലൊട്ടുലൊടുക്ക് മരുന്നുകള്‍ ഏല്‍ക്കാതെ ഈ രോഗകാലം  എപ്പോഴും അവസാനിച്ചിരുന്നത് ഹോസ്പിറ്റലിലാണ്. പെരുമ്പാവൂര്‍ സസ്യമാര്‍ക്കറ്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനിലേയ്ക്ക് നീളുന്ന റോഡിലാണ് ഡോ.കെ.എ. ഭാസ്കരന്‍റെ ഈ ആശുപത്രി. ഞാനും ഡോ.കെ.എ. ഭാസ്കരന്‍റെ മുന്നിലെത്തിപ്പെട്ടു എന്നുവേണം പറയാന്‍. 

 

വളരെ സൗമ്യനായ, ശാന്തഭാവമുള്ള, സ്നേഹം സ്ഫുരിക്കുന്ന കണ്ണുകളുള്ള ഒരാളാണ് അദ്ദേഹം. സാഹിത്യത്തിലും രാഷ്ട്രീയത്തിലും തല്‍പ്പരന്‍. വെളുത്ത മുണ്ടും വെളുത്ത ഷര്‍ട്ടും ധരിച്ചേ ഞാന്‍ ഡോക്ടറെ കണ്ടിട്ടുള്ളൂ. മൃദുഭാഷണം. ക്ലിനിക്കിന് മുന്നിലെ റോഡിന്‍റെ അപ്പുറമാണ് അദ്ദേഹത്തിന്‍റെ വീട്. അവിടെ നിന്നും റോഡ്‌ മുറിച്ചുകടന്ന് ഡോക്ടര്‍ നടന്നെത്തുന്നത് കാണുമ്പോള്‍ ആശുപത്രി

കെട്ടിടവും ആളുകളും ആദരവോടെ  മിണ്ടാതെ നില്‍ക്കും. ആരവങ്ങള്‍ അടങ്ങും.

 

റോഡരികില്‍ ആശുപത്രിയുടെ മതിലിനോട് ചേന്ന് ഒരു വലിയ വാകമരം നിന്നിരുന്നു. റോഡ്‌ ക്രോസ് ചെയ്യും മുന്‍പ് ഡോക്ടര്‍ ഒരു നിമിഷം ആ വാകമരത്തെ കരുണയോടെ  നോക്കുന്നത് ഞാന്‍ പലവട്ടം കണ്ടിട്ടുണ്ട്. രോഗികളോട് പരുഷമായും കര്‍ക്കശമായും ശത്രുവിനോടെന്ന പോലെ സംസാരിക്കുന്ന ധാരാളം ഡോക്ടര്‍മാരെ പില്‍ക്കാലം, ഞാന്‍ കാണുകയുണ്ടായി. അപ്പോഴെല്ലാം,

ഡോ.കെ.എ. ഭാസ്കരന്‍റെ നനുത്ത ചിരിയോടെയുള്ള മുഖം ഓര്‍മ്മ വന്നു. ഒരു വേനലില്‍, എല്ലാ വേനല്‍ക്കാലത്തെയും പോലെ ചൊറിഞ്ഞു പൊട്ടിയ ശരീരവുമായി ഞാന്‍ അദ്ദേഹത്തിന് മുന്നിലെത്തിയത് മറക്കാവതല്ല. പ്രാഥമിക ചികിത്സകള്‍ നല്‍കിയ ശേഷം ഇക്കുറി എന്നെയവിടെ അഡ്മിറ്റ്‌ ആക്കുകയായിരുന്നു.

 

ചൊറിഞ്ഞും കരഞ്ഞും  ഒന്നുരണ്ടു ദിവസങ്ങള്‍. മൂന്നാം ദിവസം വാര്‍ഡ്‌ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ എന്‍റെയടുത്ത് കുറച്ചധികനേരം നില്‍ക്കുകയുണ്ടായി.  കണ്ണ്, നാക്ക്, മൂക്ക്, ചെവി, ത്വക്ക് എല്ലാം സസൂക്ഷ്മം നോക്കി. ഇടയ്ക്ക് ചോദിച്ചു:

‘ഏതുക്ലാസിലാണ് പഠിയ്ക്കുന്നത്..’

എന്നോടൊപ്പമുള്ള അച്ഛന്‍ പറഞ്ഞു.

‘ഏഴിലാണ്..’

ഡോക്ടർ ചിരിച്ചു.

‘ഇയാളോടാണ് ചോദ്യം. ഇയാള്‍ പറയട്ടെ..’

മറുപടി പറയാന്‍ അച്ഛനെന്നെ തോണ്ടി.

ഞാന്‍ ആവര്‍ത്തിച്ചു: ‘ഏഴില്‍’

വീണ്ടും ചോദ്യം: ‘നന്നായി പഠിക്കുമോ?’

ഞാന്‍ മിണ്ടിയില്ല. ഓരോ ക്ലാസിലും കഷ്ടിമുഷ്ടി കയറിപറ്റുന്ന ഞാനാണ്. എന്തുപറയാന്‍.

പാട്ട് ഇഷ്ടമാണോ, കഥയും കവിതയും വായിക്കാന്‍ ഇഷ്ടമാണോ, പടം വരയ്ക്കാന്‍

താല്‍പര്യമുണ്ടോ, എന്നൊക്കെ അദ്ദേഹം പിന്നീട് ചോദിച്ചു. എന്‍റെ ഇഷ്ടഭക്ഷണവും കളികളും ചോദിച്ചു മനസിലാക്കി എന്നാണ് ഓര്‍മ്മ.

 

പിന്നെപ്പറഞ്ഞു:

‘പഠിത്തവും കളിയും മാത്രല്ല. മറ്റെന്തെങ്കിലും കൂടെ വേണം. അപ്പഴീ അസുഖങ്ങളൊക്കെ താനേ പൊയ്ക്കൊള്ളും.’

തുടന്ന്, അദ്ദേഹം പോക്കറ്റില്‍ കുത്തിയിരുന്ന പേനയൂരി എനിക്ക് സമ്മാനിച്ചു.

‘ഇതിരിക്കട്ടെ..’

സന്തോഷംകൊണ്ട്  വിടര്‍ന്ന കണ്ണുകളോടെ ഞാനത് ഏറ്റുവാങ്ങി. ഡോക്ടര്‍ പോയ ഉടനേ, അദ്ദേഹം ചോദിച്ചതിന് മറുപടി പറയാന്‍ മടിച്ച എന്നെ അച്ഛന്‍ ശാസിച്ചു. ഞാനാകട്ടെ, അദ്ദേഹം തന്ന പേനയുടെ ഭംഗിയില്‍ ബദ്ധശ്രദ്ധനായി. ഒപ്പം, ആ പേനകൊണ്ട്  ആശുപത്രിക്ക് മുന്നില്‍ പാര്‍ക്ക്

ചെയ്ത ഒരു കാര്‍ വരയ്ക്കാനുള്ള  ശ്രമവും തുടങ്ങി, പരാജയമായിരുന്നു ഫലമെങ്കിലും.

വീടിനു പിന്നിലെ വലിയൊരു മുരിക്കുമരത്തിന്‍റെ ചുവട്ടിലായിരുന്നു ഞങ്ങളുടെ കളിയിടം. അതൊക്കെ അദ്ദേഹത്തോട് വിശദീകരിച്ചു പറയുന്നതെങ്ങനെയാണ്. ഞങ്ങളുടെ വീട്ടിലെന്നും ചാളക്കറിയും അമ്മിണിപ്പശു ഉള്ളതിനാല്‍ മോരുകറിയും മാത്രമാണെന്നും ഞാനെങ്ങനെ പറയും. നാണക്കേടല്ലേ. 

 

പക്ഷേ, അച്ഛനിതെല്ലാം ഞാനറിയാതെ നാണമില്ലാതെ ഡോക്ടര്‍ക്ക് മുന്നില്‍ വിളമ്പിയെന്ന് എനിക്കു തോന്നി. കാരണം, ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ എത്തിയ ഉടന്‍, എനിക്കിനി മോരോ, തൈരോ, മീന്‍കറിയോ കൊടുത്തു പോകരുതെന്ന് അച്ഛന്‍ അമ്മയെ ശഠിച്ചു. മാത്രമല്ല, ആ മുരിക്കുമരവും വെട്ടിക്കളഞ്ഞു. ഇതെല്ലാം ഡോക്ടര്‍ പറഞ്ഞിട്ടാണോ എന്ന് ഞാന്‍ വല്ലാതെ  സംശയിച്ചു. ചിലപ്പോള്‍ ആകാം. കാരണം അദ്ദേഹം അലോപ്പതിയിലെന്ന പോലെ മറ്റിതര വിഷയങ്ങളിലും ജ്ഞാനമുള്ള ആളാണ്‌. സാഹിത്യത്തില്‍ വലിയ അളവിലാണ് താല്‍പര്യം.

 

എന്തായാലും തുടര്‍കാലങ്ങളില്‍ എന്‍റെ ആശുപത്രിവാസങ്ങളുടെ എണ്ണം കുറഞ്ഞുകുറഞ്ഞില്ലാതായി എന്ന് തന്നെ പറയണം. ചിലപ്പോള്‍, അച്ഛന്‍റെ  ആയുര്‍വേദജ്ഞാനവും എന്‍റെ രോഗശമനത്തിന് ഹേതുവായിട്ടുണ്ടാകാം. മുതിര്‍ന്നശേഷം, മുരിക്കുപൂവ് എനിക്ക് അലര്‍ജിയാണ് എന്ന് ഞാന്‍ മനസിലാക്കി. മീൻകറിയും മോരും കാലങ്ങളോളം

എനിക്കന്യമായെന്നും കുറിക്കാതെ വയ്യ.

 

അവ വിരുദ്ധഭക്ഷണമാണെന്നൊക്കെ വായിച്ചറിയാന്‍ പിന്നെയും എത്രകാലമെടുത്തു..! എങ്കിലും ‘ഇയാളോടാണ് ചോദ്യം. ഇയാള്‍ പറയട്ടെ..’ എന്ന ഡോക്ടറുടെ ചോദ്യവും സ്നേഹമൂറുന്ന നോട്ടവും എനിക്കൊരിക്കലും മറക്കാനായിട്ടില്ല. താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം

കയ്യിലെടുത്താല്‍ എനിയ്ക്കപ്പോള്‍ ഡോ.കെ.എ.ഭാസ്കരന്‍ എന്ന മനുഷ്യസ്നേഹിയെ ഓര്‍മവരും.

 

വളരെവളരെ വര്‍ഷങ്ങള്‍ക്ക് ശേഷം, ആശാന്‍ സ്മാരകസാഹിത്യവേദിയുടെ പ്രതിമാസപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍  ഡോക്ടറെ ഞാന്‍ നേരില്‍ കാണുകയുണ്ടായി. അദ്ദേഹത്തിന് ആ പഴയ ഏഴാംക്ലാസുകാരനെ ഓര്‍ത്തെടുക്കാനായില്ല. എങ്കിലും വര്‍ധിത സ്നേഹത്തോടെ അദ്ദേഹം എന്‍റെ കൈപിടിച്ചു. കണ്ണുകളില്‍ അതേ സ്നേഹം. കാരുണ്യം. ആ വിരലുകള്‍ എത്ര ശോണം. എത്ര മസൃണം. മുരിക്കിന്‍ പൂവുകള്‍ സമൃദ്ധമായി വീണുകിടന്ന  തണലുകള്‍ എന്നെ വീണ്ടും വിളിക്കും പോലെ തോന്നി. 

ഇതെഴുതുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊന്നാണ്. റോഡ്‌ മുറിച്ചുകടക്കുമ്പോള്‍, അദ്ദേഹം എന്തിനാകും വാകയെ അങ്ങനെ നോക്കുന്നത്. ഒരുപക്ഷേ, റോഡിലേയ്ക്ക് ചാഞ്ഞതിനാല്‍ വെട്ടിക്കളഞ്ഞ  അതിന്‍റെ ശിഖരങ്ങളിലെ മുറിവുകളില്‍ നിന്നും ചറ൦ കണ്ണീരു പോലെ ഒഴുകുന്നത്‌ കണ്ടാകാം. ഡോക്റ്ററെ പോലെ ഒരാള്‍ക്ക് അതങ്ങനെ കാണാത്ത മട്ടില്‍ പോകാനാവില്ലല്ലോ.

English Summary: Writers extend greetings on doctors' day

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com