ദേവകി നിലയങ്ങോട് എന്ന മുത്തശ്ശിയ്ക്ക് പറയാനുള്ളത്... സ്മരണകൾ
Mail This Article
ആണ്ടിലൊരിക്കൽ പാർശ്വങ്ങളിൽനിന്ന് പുതുനാമ്പുകൾ പൊട്ടിവിടരുന്ന മുളങ്കൂട്ടങ്ങൾ. ഓരോ തൊടിയുടെയും ഐശ്വര്യമായി, ആവശ്യമായി, മൂലകളിലും വേലിക്കലും സംഗീതംപൊഴിച്ചുകൊണ്ട് കൂട്ടംകൂട്ടമായി നിൽപ്പുണ്ടാകും. ഓണമെത്താൻ ധൃതികൂട്ടുന്ന കുഞ്ഞുങ്ങളോട് മുത്തശ്ശി പറയാറുള്ളത് ആ ഇളംമുളംതണ്ടിന്റെ മുനയിലിരുന്ന് കിഴക്കോട്ട് നോക്കിയാൽ ഓണത്തിന്റെ വരവ് കാണാമെന്നായിരുന്നു. ആണ്ടിലൊരിക്കൽ വിടരുന്നതുകൊണ്ടാകാം ‘ആണ്ടാമുള’ എന്നാണു പറയുക. മുളകളിൽ പുതുകൂമ്പ് പൊട്ടിവിടർന്നാൽ ഓണവും എത്തുകയായി. മഹാബലി ഭൂമിയിലേക്കിറങ്ങുന്നത് പുതുമുളംകൂമ്പിന്റെ മുനയിൽ ആവണിപ്പലകയിൽ ചവിട്ടിയിട്ടാണെന്ന് നാടകീയമായി പറഞ്ഞ് മുത്തശ്ശി കുട്ടികളെ ഉത്സാഹിപ്പിക്കും.
ഓണം നാടിന്റെയും നാട്ടുകാരുടെയും ഐശ്വര്യമായിരുന്ന, ആഹ്ലാദവും ആഘോഷവുമായിരുന്ന ഒരു കാലത്തെക്കുറിച്ചുള്ളതാണ് ഈ ഓർമ. 1930– കളിൽ ഒരു കുട്ടിയായിയിരുന്നപ്പോൾ കൊണ്ടാടിയിരുന്ന ദേശീയോത്സവത്തിന്റെ ഗൃഹാതുരസ്‌മരണകൾ. നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്‌തികളെക്കുറിച്ചുമുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായ ദേവകി നിലയങ്ങോടിന്റെ ഓർമകൾ. മലപ്പുറം ജില്ലയിൽ മൂക്കുതലയിലെ പകരാവൂർ മനയിലായിരുന്നു ദേവകിയുടെ ജനനം – 1928 ൽ. അക്കാലത്തെ നമ്പൂതിതിരി സമുദായത്തെക്കുറിച്ചും ഓണത്തെക്കുറിച്ചുമുള്ള ഹൃദയഹാരിയായ ഓർമക്കുറിപ്പുകൾ ദേവകി ഏറെയെഴെതിയിട്ടുണ്ട്.
ഓണം വെറുമൊരു ആഘോഷം മാത്രമായിരുന്നില്ല അന്ന്. കൃഷി പ്രധാനതൊഴിലായിരുന്ന, പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന ഒരു തലമുറയുടെ ജീവിതരീതിയുടെ സ്വാഭാവികമായ ഒരു കാലപ്പകർച്ചയായിരുന്നു. അന്ന് പല പ്രായത്തിലുള്ളവർക്ക് ഓണത്തെക്കുറിച്ചു പകരാനുണ്ടാവുക വ്യത്യസ്‌തമായ ഓർമകളായിരിക്കും. എങ്കിലും കൗതുകത്തോടെ എല്ലാറ്റിനെയും കാണുന്ന കുട്ടികൾക്കാണ് ഓണത്തെക്കുറിച്ച് ഏറെപ്പറയാനുണ്ടാവുക. ഒരു കുട്ടിയുടെ കണ്ണിലൂടെയാണ് അക്കാലത്തെ ദേവകി നിലയങ്ങോട് ഓർത്തെടുക്കുന്നത്. ഓണം വരുന്നത് പൂക്കളുടെയും കായ്‌കളുടെയും പഴങ്ങളുടെയും നിറവോടുകൂടിയാണ്. തൊടിയിലും വേലിപ്പടർപ്പുകളിലും കുന്നിൻമേലും വയലിലും പൂക്കൾ ഒരുങ്ങിനിൽക്കും. ധാന്യങ്ങളും കായ്‌കറികളും സമൃദ്ധമായി ഉണ്ടാകും. വിഷു മുതൽ തുടങ്ങുന്ന അധ്വാനത്തിന്റെ ഫലങ്ങളാണവ. ഓണത്തിനുവേണ്ട പച്ചക്കറി അന്ന് പ്രധാനമായും കൃഷി ചെയ്‌തിരുന്നത് തൊടികളിലായിരുന്നു. വേനൽമഴയ്‌ക്കുശേഷം കുളിർത്ത മണ്ണിൽ മത്തൻ, കുമ്പളം, പയർ, വെണ്ട, വഴുതന, പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിത്തുകൾ കുത്തിയിടുന്നു. വളമിട്ടും ആവശ്യത്തിനു നനച്ചും അവയെ നന്നായി പരിപാലിക്കും. മത്തനും പയറുമായിരുന്നു അന്ന് ഓണക്കാലത്ത് ഏറ്റവുമധികം വിളയുക. കായ്‌കറികൾ സമൃദ്ധമായി ഉണ്ടാവുമ്പോൾ അവ അയൽക്കാർക്കും ബന്ധുക്കൾക്കും വങ്കുവയ്‌ക്കുന്ന സൗഹൃദവും അന്നുണ്ടായിരുന്നു. അന്നൊക്കെ ഓണത്തിന്റെ മാത്രം വിഭവമായിരുന്നത്രേ നേന്ത്രക്കായ്. അവ ഓണത്തിനു പാകമാവാൻവേണ്ടി കൃത്യസമയത്താണ് തലേവർഷം നട്ടിട്ടുണ്ടാകുക. വിഷുകഴിഞ്ഞ് ശുഭമുഹൂർത്തംനോക്കി വിതയ്‌ക്കുന്ന നെല്ല് ഓണക്കാലമാകുമ്പോഴേക്കും ഏറെക്കുറെ കൊയ്‌തിരിക്കും. മഴകഴിഞ്ഞ് വെയിൽ പരക്കാൻ തുടങ്ങുമ്പോൾ മുറ്റത്തും അകത്തളങ്ങളിലും സ്വർണനിറമാർന്ന പൊന്നാര്യൻനെല്ല് അളന്നുകൂട്ടിയിരിക്കും.
ഓണം വരാൻ കാത്തിരിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഏറ്റവും കൗതുകമുള്ള സമ്മാനം ‘പൂവട്ടി’യാണ്. നേർത്ത മിനുസമുള്ള കൈതയോലകൊണ്ട് മെടഞ്ഞ ചെറിയ ചതുരച്ചെപ്പുപോലുള്ള ഈ പൂക്കുടകൾക്ക് നീണ്ട ഒരു വള്ളിയുമുണ്ടാകും. അത് കഴുത്തിൽ ഞാത്തിയിട്ടാണ് അത്തംമുതൽ കുട്ടികൾ പൂ പറിക്കാനിറങ്ങുക. ദേവകി നിലയങ്ങോടിന്റെ ഇല്ലത്ത് അന്ന് വിസ്‌തരിച്ച് കലാപരമായി പൂവിടുന്ന സമ്പ്രദായം ഇല്ലായിരുന്നത്രേ. തൃക്കാക്കരയപ്പനെ നടുമുറ്റത്തുവച്ച് പൂജിക്കലാണ് പ്രധാനചടങ്ങ്. നടുവിൽ മഹാബലിയും ഇരുവശങ്ങളിലും തൃക്കാക്കരയപ്പനുമായി അരിമാവ് അണിഞ്ഞ് ഭംഗിയായി ഒരുക്കും.
കലവറപ്പൂമുഖത്തിന്റെ തൊട്ടടുത്ത വിശാലമായ തളത്തിൽനിന്നുവരുന്ന ഒരു സുഗന്ധമാണ് ഓണത്തെക്കുറിച്ചുള്ള നല്ല ഓർമകളിൽ ഒന്നായി ദേവകി നിലയങ്ങോട് ഓർത്തിരിക്കുന്നത്. അത്തം കഴിഞ്ഞ് രണ്ടുനാൾക്കകം ആ അകം പലതരം വസ്‌ത്രങ്ങൾകൊണ്ട് നിറയും. ഇല്ലത്തുള്ളവർക്കും മറ്റെല്ലാവർക്കുമായി നൽകാനുള്ള ഓണപ്പുടവകളുടെ കെട്ടുകളാണവ. ഒരുവർഷത്തേക്ക്, ഇല്ലത്തെ അമ്മമാർക്കും സഹായികളായവർക്കും ഓണക്കാലങ്ങളിൽ വരുന്ന സന്ദർശകർക്കും വേണ്ടതെല്ലാം അതിൽപ്പെടും.
Content Summary: Devaki Nilayamgode Remembers about her childhood and Onam days