നഷ്ടബോധങ്ങളില്ലാതെ പിന്നിട്ട സഫലമായ ജീവിതം, ദേവകി നിലയങ്ങോട്
Mail This Article
കാശി യാത്രയ്ക്കിടെ ഒരുദിവസം ബിഹാറിലേക്ക്. ഗയാശ്രാദ്ധത്തിന്. പിരിഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള അവസാനബലിയാണ് ഗയാശ്രാദ്ധം.
ഫാല്‍ഗുനി നദിയില്‍ മുങ്ങി, ഈറന്‍ കെട്ടി, വിഷ്ണുപാദത്തിലേക്കു നടന്നു. അവിടെ ഒരു വലിയശാലയ്ക്കകത്താണ് അന്തിമമായ പിതൃകര്‍മം. ശാലയ്ക്കകത്ത് നടുവില്‍ ഒരു പാദത്തിന്റെ അടയാളമുണ്ട്. പരേതാത്മാക്കളെ വിഷ്ണുപാദത്തില്‍ സമര്‍പ്പിച്ചു ബന്ധുക്കള്‍ പിരിയുന്നു എന്നതാണ് സങ്കല്‍പം. ശാലയ്ക്കു സമീപം ഒരു വലിയ വടവൃക്ഷമുണ്ട്. ഒരാള്‍പ്പൊക്കത്തില്‍ കെട്ടിപ്പടുത്ത തറയ്ക്കുമുകളില്‍നിന്ന് ആകാശത്തിലേക്കു വളര്‍ന്ന ആ മഹാവൃക്ഷത്തിന്റെ സന്നിധിയില്‍വച്ച് തീര്‍ഥാടകര്‍ തങ്ങള്‍ക്കിഷ്ടമുള്ളതെന്തെങ്കിലും ത്യജിക്കണമെന്നുണ്ട്. ഈശ്വരാംശമുള്ളതെന്നു കരുതപ്പെടുന്ന വൃക്ഷരാജനോട് നമുക്ക് ഇഷ്ടവരം യാചിക്കുകയുമാവാം..
നിശ്ശബ്ദമായി പ്രാര്‍ഥിച്ചു: വിശന്നുവലഞ്ഞ കുഞ്ഞുങ്ങളുടെ മുഖം കാണാനിടവരുത്തരുത്..
കാശിയാത്രയിലുടനീളം, ആദ്യത്തെ വടക്കേയിന്ത്യന്‍ യാത്രയിലുടനീളം കണ്ട കുട്ടികളുടെ വിശന്നുവലഞ്ഞ മുഖങ്ങളും പട്ടിണി പേക്കോലങ്ങളുടെ കാഴ്ചകളുമാണ് ഇങ്ങനെയൊരു പ്രാര്‍ഥനയിലേക്ക് ദേവകി നിലയങ്ങോട് എന്ന അന്തര്‍ജനത്തെ നയിച്ചത്. നഷ്ടബോധങ്ങളില്ലാതെ പിന്നിട്ട സഫലമായ ജീവിതത്തിന്റെ ശുഭ്രകാമന.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനും രണ്ടു പതിറ്റാണ്ട് മുമ്പ് കാറ്റും വെളിച്ചവും കഷ്ടിച്ചുമാത്രം കടന്നുചെല്ലുന്ന, യാഥാസ്ഥിതികത്വം കൊടികുത്തിവാണിരുന്ന ഒരു മനയില്‍ ജനിച്ചുവീണെങ്കിലും പ്രകാശത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും സഞ്ചരിക്കുകയും നന്‍മയുടെ വിശുദ്ധിയാല്‍ പ്രകാശം പരത്തുകയും ചെയ്തയാളാണ് ദേവകി നിലയങ്ങോട്. നമ്പൂതിരി സമുദായത്തിലെ പരമ്പരാഗത ജീവിതരീതികളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള ലേഖനങ്ങളിലൂടെ ശ്രദ്ധേയയായ ദേവകി നിലയങ്ങോട്.
കുട്ടിക്കാലം മുതലേ വായന കൂടെയുണ്ടായിരുന്നെങ്കിലും ഔപചാരിക വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത ദേവകി നിലയങ്ങോട് എഴുത്തുതുടങ്ങുന്നത് 75-ാം വയസ്സില്‍. തൃശൂരില്‍ മകളുടെ വീട്ടില്‍ താമസമാക്കിയതോടെ ഒരു പുതിയ അധ്യായം തുടങ്ങുകയായിരുന്നു അവരുടെ ജീവിതത്തില്‍. നന്നേ ചെറുപ്പത്തിലേ പലയിടത്തേക്കു മാറിപ്പോയ സഹോദരിമാരും ബന്ധുജനങ്ങളുമായി കൂടിക്കാണുന്നതു പതിവായി. അതോടെ ഓര്‍മകളുടെ പ്രവാഹവും തുടങ്ങി. എത്ര വിചിത്രവും എത്ര അകന്നതുമായ ജീവിതാനുഭവങ്ങള്‍. ഓര്‍മകളോരോന്നായി പറഞ്ഞുകേട്ടപ്പോള്‍ കൊച്ചുമകന്‍ തഥാഗതന്‍ നിര്‍ബന്ധിച്ചു- അവ കടലാസില്‍ പകര്‍ത്താന്‍. അങ്ങനെ മലയാളത്തിന് ലഭിച്ച രണ്ട് അമൂല്യ ഗ്രന്ഥങ്ങളാണ് നഷ്ടബോധങ്ങളില്ലാതെ- ഒരു അന്തര്‍ജനത്തിന്റെ ആത്മകഥ, യാത്ര കാട്ടിലും നാട്ടിലും എന്നീ രണ്ടു കൃതികള്‍.
ഒരു അന്തര്‍ജനത്തിന്റെ ജീവിതകഥയെന്നതിനപ്പുറം ആ കഥയില്‍ ഒരു കാലഘട്ടമുണ്ടായിരുന്നു. അതിലൊരു ദേശത്തിന്റെയും സമുദായത്തിന്റെയും ചരിത്രമുണ്ടായിരുന്നു. കവി ആറ്റൂര്‍ രവിവര്‍മയുടെ ആമുഖത്തോടെ, നമ്പൂതിരിയുടെ രേഖാചിത്രങ്ങളോടെ പുറത്തുവന്ന ആ പുസ്തകം മലയാളത്തിന് ഒരു പുതിയ എഴുത്തുകാരിയെ സമ്മാനിച്ചു; ഓര്‍മയ്ക്കു താലോലിക്കാന്‍ ഒരു പുസ്തകവും.
തെല്ലും വിദ്യാഭ്യാസം നേടാനാവാത്ത ഞാന്‍ ഒരു തുണ്ടു കടലാസ്സില്‍പോലും എന്തെങ്കിലും എഴുതുവാന്‍ മുതിര്‍ന്നിട്ടില്ല. അക്കാലത്ത് കണ്ടതും കേട്ടതുമെല്ലാം മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചതുകൊണ്ടാകാം അവ അടിത്തട്ടില്‍ മങ്ങാതെ കിടന്നത്..എന്നാണ് ഓര്‍മയെഴുത്തിനെക്കുറിച്ച്് ദേവകി നിലയങ്ങോടിനു പറയാനുള്ളത്.
വി.ടി.ഭട്ടതിരിപ്പാടും ലളിതാംബിക അന്തര്‍ജനവുമൊക്കെ നമ്പൂതിരി സമുദായത്തിന്റെ ചരിത്രവും സാമൂഹിക പരിഷ്കരണത്തിന്റെ ചൂടും ചൂരും തങ്ങളുടെ കൃതികളിലൂടെ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. ദേവകി നിലയങ്ങോടിന്റെ ഓര്‍മകളുടെ പ്രത്യേകത അവയുടെ ലാളിത്യം. വിശുദ്ധി. നന്‍മ. എല്ലാറ്റിലും ഉപരി എല്ലാം കണ്ടുകൊണ്ട് ജീവിച്ചെങ്കിലും എന്നും പുലര്‍ത്തിയ കര്‍മസാക്ഷിയുടെ നിസ്സംഗത.
അച്ഛനെ കണ്ട ഓര്‍മ ദേവകിക്ക് ഇല്ല. അവര്‍ ജനിക്കുമ്പോള്‍ 68 വയസ്സായിരുന്നു അച്ഛന്. പകരാവൂര്‍ കൃഷ്ണന്‍ സോമയാജിപ്പാട്. അദ്ദേഹത്തിന്റെ പന്ത്രണ്ടാമത്തെ സന്തതി. ദേവകിക്കുശേഷം ഒരു കൂട്ടി കൂടിയുണ്ടായി അമ്മ പാര്‍വതി അന്തര്‍ജനത്തിന്.
അമ്മ ആ കുട്ടിയെ പ്രസവിച്ചുകിടക്കുന്ന സമയത്താണ് അച്ഛന്‍ മരിച്ചത്; എഴുപതാമത്തെ വയസ്സില്‍.
യോഗ്യനും തേജസ്വിയുമായിരുന്ന കൃഷ്ണന്‍ സോമയാജിപ്പാട് സോജയാജിയായി അറിയപ്പെട്ടിരുന്നു; യാഗം ചെയ്ത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ദേവകിയുടെ അമ്മ. വേളി കഴിയുമ്പോള്‍ അവര്‍ക്ക് 18 വയസ്സ്.
പതിനെട്ടാമത്തെ വയസ്സിലാണ് ദേവകിയുടെ അച്ഛന്‍ ആദ്യത്തെ വിവാഹം ചെയ്യുന്നത്. പാര്‍വതി എന്നായിരുന്നു അവരുടെയും പേര്. ഏഴോ എട്ടോ പ്രസവിച്ചു അവര്‍. വസൂരി വന്നാണ് അവര്‍ മരിച്ചത്.
രണ്ടാമതും വേളി കഴിച്ചെങ്കിലും ആദ്യത്തെ പ്രസവത്തില്‍തന്നെ അവര്‍ മരിച്ചു. അങ്ങനെ മൂന്നാമതൊരു വേളി കൂടി കഴിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കപ്പെട്ടു എന്നാണ് ആത്മകഥയില്‍ ദേവകി ഓര്‍മിക്കുന്നത്. അപ്പോഴേക്കും മൂത്തമകന്‍ നാരായണന് വേളി കഴിഞ്ഞ് കുട്ടികളായിരുന്നു. മൂന്നാമത്തെ വേളിയില്‍ സ്ത്രീധനം വാങ്ങേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാല്‍ അതു പറ്റില്ലെന്നായി വധുവിന്റെ കുടുംബക്കാര്‍.
‘അച്ഛന്റെ മകള്‍ മുന്നുവയസ്സുകാരിയെ പാര്‍വതിയെ നരിപ്പറ്റയിലെ അഞ്ചുവയസ്സുകാരന്‍ നാരായണന്‍ എന്ന ഉണ്ണിക്കു കൊടുക്കാന്‍ തീരുമാനമായി. മാറ്റക്കല്യാണമാകുമ്പോള്‍ സ്ത്രീധനത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. അങ്ങനെ നാല്‍പത്തിനാലു വയസ്സുള്ള അച്ഛന്‍ മൂന്നുവയസ്സായ മകളെ മാറ്റം കൊടുത്ത് പതിനെട്ടുവയസ്സായ അമ്മയെ വധുവായി സ്വീകരിച്ചു.
ഓര്‍മകള്‍ക്കെന്തു സുഗന്ധം എന്നു പറയിക്കും ദേവകി നിലയങ്ങോടിന്റെ എഴുത്ത്. വൈകിയ വേളയില്‍ എഴുതിത്തുടങ്ങി രണ്ടു പുസ്തകങ്ങളും അതിലേറെ നന്‍മയും വിശുദ്ധിയും സമ്മാനിച്ചും യാത്രയാകുകയാണ് ദേവകി നിലയങ്ങോട്- നമ്പൂതിരി സമൂദായത്തിന്റെ ആചാരക്രമങ്ങളുടെ ഇരുട്ടറകളില്‍ കഴിയേണ്ടിവന്ന സ്ത്രീജന്‍മങ്ങളുടെ അനാവിഷ്കൃതങ്ങളായ അനുഭവങ്ങളുടെ ആവിഷ്കരണത്തിലൂടെ ശ്രദ്ധേയയായ എഴുത്തുകാരി.
Content Summary: Remembering Devaki Nilayamgode who Passed Away