മിന്നാമിനുങ്ങ് - അനീഷ് ആശ്രാമം എഴുതിയ കവിത

Mail This Article
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം
താരാകാശമായ് കണ്ണിൽ നിറഞ്ഞു
മരതകക്കല്ലിന്റെ കാന്തിയാണോ?
അഴകിൻ മന്ത്രത്തിളക്കമാണോ?
മിന്നുന്ന മോഹന മാസ്മരവിദ്യയുമായ്
പാറിപ്പറക്കുന്ന അപ്പൂപ്പൻതടിയെ
കൂട്ടുപിടിച്ചു നടക്കയാണ്
എവിടെനിന്നെവിടെനിന്നെത്തി നീ
ബാല്യകാല വിസ്മയക്കൂട്ടുകാരാ
ഗ്രാമമുറങ്ങും തമസ്സിൽ ചാരുതയേകാൻ
നീന്തിനടക്കുന്ന പൊന്നോമനേ
ഇത്രമേൽ ശോഭിക്കാനാരുടെ ധ്യനശക്തി –
വരപ്രസാദമായ് കിട്ടി നിനക്കെൻ പുണ്യമേ
സ്വനമുണരാത്തൊരെൻ ആത്മമിത്രമേ
തേടി നടന്നു ഞാനീ ജന്മഭൂമിയിൽ
കാന്തികവലയങ്ങൾ നിറയുമീ ജീവനെ
സൂര്യകാന്തിപ്രഭയിൽ ഓടി മറഞ്ഞുവോ
അനഘ പ്രകാശ പ്രവാഹമേ
പരിലീ ജീവന്റെ സൃഷ്ടിയിൽ
ജഗദീശ്വരാ നീ കണ്ട തത്വമെന്ത്
നയനാരാമ ഭൗതികതയോ
ജ്ഞാനോദയത്തിൻ ആത്മീയതയോ…?