വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിച്ചു കളയുമെന്ന് മകളുടെ ഭീഷണി; 'പയ്യനെ നേരിൽ കണ്ട് അച്ഛന് ഭയന്നു വിറച്ചു...'

Mail This Article
പാര്‍വതി കമല്‍ എന്നാണ് അവരുടെ പേര്. ഞാന്‍ പികെ എന്ന് വിളിക്കും. അവര്‍ എന്നെ ദക്ഷ എന്നും. ദക്ഷ എന്നല്ല എന്റെ പേര് എന്ന് എത്ര ആവര്‍ത്തി പറഞ്ഞാലും അവര്‍ എന്നെ ദക്ഷ എന്ന് വിളിച്ച് വിളിച്ച് ആ പേര് എന്റെ മനസിലും ഉറപ്പിച്ചു തന്നു. അങ്ങനെ വിളിയോ പറച്ചിലോ ഒന്നുമില്ലാതെ ചിലപ്പോള്‍ ഞാന്‍ പച്ചപ്പുകൊണ്ട് പൊതിഞ്ഞ ആ വീട്ടിലേക്ക് കയറി ചെല്ലും. വരാന്തയിലെ ചാരുകസേരയില്‍ പത്രവും നോക്കി ഇരിക്കുന്ന അവര്‍ ദൂരെ നിന്ന് എന്റെ പാദസരത്തിന്റെ കിലുക്കം കേട്ട ഉടനെ തല ഒന്ന് ഉയര്‍ത്താതെ ഹാ എത്തിയോ എന്നൊരു ചോദ്യം ഉണ്ട്. ഒട്ടും അത്ഭുതമില്ലാതെ. അപ്പോള്‍ അതാണ് നമ്മുടെ പാര്‍വതി കമല്‍. എപ്പോഴും മുഖത്തൊരു ചെറിയ ചുവന്ന പൊട്ടുണ്ടാവും. നൃത്ത വിദ്യാലയം അടുത്തായതോണ്ട് ഇടയ്ക്കിടെ അങ്ങോട്ട് ഓടേണ്ടി വരുമല്ലോ... അതുകൊണ്ട് സാരിയില്‍ തന്നെയാണ് കൂടുതല്‍ സമയവും കാണാന്‍ കഴിയുക. നീണ്ട കണ്ണുകളും വിടര്‍ന്ന ചിരിയും മെലിഞ്ഞ കഴുത്തും വെളുത്ത കൈയ്യില്‍ പുറത്തേക്ക് തള്ളിയ ഞരമ്പുകളും മെറ്റലിന്റെ ദേവിരൂപമുള്ള പൊക്കിളിനോളം നീളമുള്ള മാലയും കറുപ്പും ചുവപ്പും കുപ്പിവളകളും. എന്ത് രസമാണ് കാണാന്‍. തനി നര്‍ത്തകി തന്നെ.
ഞാന്‍ ഗെയ്റ്റ് തുറന്ന് അകത്തേക്ക് ഓടിക്കയറും. ''എന്റെ പി.കെ ഞാന്‍ ഒന്നു കെട്ടിപ്പിടിച്ചോട്ടെ.'' അത്രയും പറഞ്ഞ് പിന്നിയിട്ട പികെയുടെ ചുരുണ്ട മുടി പിന്നിലേക്കിട്ട് ഞാന്‍ ആ ചൂടുപറ്റി നെഞ്ചില്‍ ചാരി നില്‍ക്കും. ഒരമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് ചുരുങ്ങിയ സുഖം പോലെയാണത്. ആ നാല്‍പതുകാരിയില്‍ ഒരു ഇരുപത്തഞ്ചുകാരി കണ്ടെത്തിയ സുരക്ഷിതത്വം എന്തായിരിക്കും. അവര്‍ എനിക്ക് പ്രിയപ്പെട്ട മോമോസ് പാത്രത്തിലേക്ക് പകര്‍ന്ന് ചായയ്ക്കൊപ്പം കൊണ്ടു വയ്ക്കും. അപ്പോഴേക്കും ഞാന്‍ കുളി കഴിഞ്ഞ് വന്നിട്ടുണ്ടാവും. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ചായകുടിക്കും. ഞാന്‍ നടത്തിയ യാത്രകളുടെ വിശേഷങ്ങള്‍ പറയും. ഇത്തവണ ഞാന്‍ പി.കെയോട് പുതിയൊരു കഥ പറഞ്ഞു.
''പികെ ഞാന്‍ ആലോചിക്കുകയായിരുന്നു.. ജീവിതത്തിലേക്ക് ഒരാള്‍ കടന്നു വരേണ്ട സമയം ആയെന്ന്...?'' ''നീ ആരെയെങ്കിലും കണ്ടെത്തിയോ...?'' ''അങ്ങനെ പറയാന്‍ കഴിയില്ല. പക്ഷേ ഒരാള്‍ ഉണ്ട്.'' ''എന്താണ് നീ അയാളില്‍ കണ്ട പ്രത്യേകത?'' ''ഒരാണിന് ഒരു പെണ്‍കുട്ടിയെ മിസ് ചെയ്യുമ്പോഴാണ് അവള്‍ക്ക് അവനോട് കൂടുതല്‍ ഇഷ്ടം തോന്നുക. പി.കെ ചിന്തിച്ചിട്ടുണ്ടോ?'' ''അവന്റെ സന്തോഷങ്ങളിലും വിഷമങ്ങളിലും നമ്മളെ ഓര്‍ക്കുമ്പോള്‍.'' ''ശരിയാണ്. പക്ഷേ അതല്ലാതെ മറ്റൊന്നു കൂടിയുണ്ട്. പുതിയൊരു അറിവ് ലഭിക്കുമ്പോള്‍ പുതിയൊരു സര്‍ഗാത്മകമായ ചിന്ത ഉണരുമ്പോള്‍, നമ്മളോടത് പങ്കുവയ്ക്കുമ്പോള്‍... ഈ പ്രപഞ്ചത്തിന്റെ അനന്തമായ രഹസ്യങ്ങള്‍ ചൂഴ്ന്നെടുത്ത് നമ്മളില്‍ നിന്നുകൂടി അതേ കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുമ്പോള്‍.. എന്താ ഇതിന്റെ അര്‍ഥം മരണം വരെ സംസാരിച്ചാലും മടുക്കില്ല എന്നല്ലേ...''
ഉടനെ പി.കെ അടുത്തൊരു ചോദ്യം ഉന്നയിച്ചു. ''പ്രണയത്തിന്റെ കൗതുകം തീരുമ്പോള്‍ അവസാനിക്കുന്നതാണ് അത് എങ്കിലോ...?'' ''എനിക്ക് അങ്ങനെ തോന്നിയില്ല. യാത്രകള്‍ക്കിടയില്‍ ഞങ്ങള്‍ മണിക്കൂറുകള്‍ സംസാരിച്ചു. എത്ര പറഞ്ഞിട്ടും തീരാത്തത്ര വിഷയങ്ങള്‍. പറഞ്ഞു തീരാത്തതുകൊണ്ട് ഒരുമിക്കാന്‍ കൊതിക്കുന്നവരെ പോലെ ഞങ്ങളുടെ ഹൃദയം പിടഞ്ഞു.'' ഞാന്‍ ഇത് പറയുമ്പോള്‍ പി.കെ അലമാരയില്‍ നിന്നും പഴയൊരു ആല്‍ബം വലിച്ച് പുറത്തേക്കിട്ടു. പൊടി തട്ടി അത് കട്ടിലില്‍ വച്ചു. ഞാന്‍ ആകാംഷയോടെ അതിന്റെ ഏടുകള്‍ തുറന്നു. നീലകണ്ണുകളുള്ള ഒരു ബ്രിട്ടിഷുകാരന്റെ തോളില്‍ ചാരി നില്‍ക്കുന്ന ഇരുപതുകാരിയായ പാര്‍വതി കമല്‍. എനിക്കത് വിശ്വസിക്കാനായില്ല. ''അപ്പോള്‍ കമല്‍ ആയിരുന്നില്ലേ പി.കെയുടെ ആദ്യ പ്രണയം.'' അവര്‍ ചിരിച്ചു.
''അന്ന് ആഡം ചരിത്രത്തില്‍ ഗവേഷണം ചെയ്യുകയായിരുന്നു. ഇന്ത്യയില്‍ വന്നപ്പോള്‍ എന്റെ നൃത്തം കണ്ട് പരിചയത്തില്‍ ആവുകയായിരുന്നു. ഞങ്ങള്‍ സംസാരിക്കാത്തതായി എന്തെങ്കിലും ഒന്ന് ഭൂമിയില്‍ അവശേഷിക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമാണ്. രണ്ടു ശരീരവും ഒരാത്മാവും പോലെ ഞങ്ങള്‍ ഭൂമിയില്‍ സ്വര്‍ഗം തീര്‍ത്തു. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആഡത്തിനോടുള്ള അഭിനിവേശത്താല്‍ ഞാന്‍ അന്ധയായിരുന്നു. എനിക്ക് ആ സമയത്തൊക്കെ അസാധ്യമായ ധൈര്യം തോന്നി. ആഡത്തെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ മരിച്ചു കളയുമെന്ന് അച്ഛനോട് പറഞ്ഞു. ആദ്യമായി എന്നെ അത്രയും വളര്‍ത്തിയതിനും നൃത്തവും സംഗീതോപകരണങ്ങളും പഠിപ്പിച്ചതിനും അച്ഛന് കുറ്റബോധം ഉണ്ടായത് അപ്പോഴായിരിക്കാം. എന്നിട്ടും അതൊക്കെ കടിച്ചമര്‍ത്തി ആഡത്തെ മുമ്പില്‍ കൊണ്ടുവരാന്‍ അവര്‍ പറഞ്ഞു. ഞാന്‍ കൊണ്ടു വന്നു....''
''എന്നിട്ട് എന്താ സംഭവിച്ചത്.?'' ''ഞാന്‍ ആഡത്തോട് കസേരയില്‍ ഇരിക്കൂ എന്ന് പറഞ്ഞു. അച്ഛന്‍ എന്റെ മുഖത്തേക്ക് ഭയന്നുകൊണ്ട് നോക്കി. അമ്മ നെടുവീര്‍പ്പിട്ടു. ആ മുറിയില്‍ പോലും അങ്ങനൊരാള്‍ ഇല്ലായിരുന്നു. എന്നു വച്ചാല്‍ ആഡം എന്നൊരാള്‍ വീട്ടില്‍ വന്നിട്ടില്ല.'' ''what?'' ''എസ്.. വിചിത്രമായ ഒരു സത്യം. ഞാന്‍ എന്നിട്ടും അടുക്കളയില്‍ നിന്നും ചായ കൊണ്ടു വന്ന് കസേരയുടെ മുമ്പിലെ മേശയില്‍ വച്ചു. എന്റെ അച്ഛനും അമ്മയും തൊണ്ടക്കുഴി പൊട്ടിയിട്ടും മിണ്ടാതെ നിന്നു. ആഡം ഒരു ഋതുക്കള്‍ പോലെ വന്ന് പോയ വേനലായിരുന്നു. പക്ഷേ എന്റെ മനസ് അത് സമ്മതിച്ചില്ല. എനിക്ക് അയാള്‍ പോയിട്ടില്ലായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് പോകാറുള്ള ഇടങ്ങളിലെല്ലാം ഞാന്‍ വീണ്ടും പൊയ്ക്കൊണ്ടിരുന്നു. ഞാന്‍ വിരല്‍കോര്‍ത്തിട്ടുണ്ട് എന്ന മിഥ്യാ ധാരണയോടെ. അതിനു ശേഷമാണ് ഞാന്‍ വീട്ടില്‍ ആഡത്തെ കുറിച്ച് പറയുന്നത്. അങ്ങനൊരാള്‍ എന്നോടൊപ്പം ഇല്ലെന്ന് എന്റെ വീട്ടുകാര്‍ എനിക്ക് തെളിയിച്ചു തരാന്‍ എടുത്ത സമയമാണ് പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍. ഇപ്പോള്‍ അതെല്ലാം ഒരോര്‍മ്മയാണ്. ആഡം എന്നെ ഓര്‍ക്കാതിരിക്കട്ടെ. പക്വത വരുമ്പോള്‍ അവന്റെ ജീവിതത്തിലെ ഏറ്റവും വിശ്വസ്തയായ പ്രണയിനി ഞാന്‍ മാത്രമായിരുന്നു എന്ന തിരിച്ചറിവ് അവനില്‍ കുറ്റബോധം നിറയ്ക്കും.
''പക്ഷേ ആ കഥ വച്ച് എങ്ങനെയാണ് പികെയ്ക്ക് എന്റെ പ്രണയത്തെ വിലയിരുത്താന്‍ കഴിയുന്നത്?'' ''ഹെയ് വിലയിരുത്തിയില്ല. നീ ചിന്തിച്ചു നോക്കൂ. നിങ്ങള്‍ ആദ്യം കണ്ടപ്പോള്‍ യാത്രകളെ കുറിച്ചും ആകാശത്തെ അനന്തമായ നിഗൂഡതകളെ കുറിച്ചും അല്ലേ സംസാരിച്ചിട്ടുണ്ടാവുക. രണ്ടാമത്തെ തവണ നിങ്ങള്‍ കണ്ടപ്പോള്‍ എന്തായിരുന്നു സംസാരിച്ചത്..? ''എന്റെ ഫാന്റസികളെ കുറിച്ച്...!'' ''എന്ത് ഫാന്റസി.. വ്യക്തമായി പറയൂ.'' ''അത് പിന്നെ.. എന്റെ സ്വകാര്യമായ....'' ''മതി. മനസിലായി.'' ''മൂന്നാമത് കണ്ടപ്പോള്‍ നിന്നെ അവന്‍ ചുംബിച്ചില്ലേ..'' ''പ്ലീസ് പി.കെ.. ഇത് എങ്ങോട്ടാണ് ഈ സംസാരം കൊണ്ടെത്തിക്കുന്നത്..?'' ''അപ്പോള്‍ അവന്‍ നിന്നെ ചുംബിച്ചു അല്ലേ.. എന്നാല്‍ ഇത് പറയൂ.. നാലാമത്തെ തവണ കണ്ടപ്പോള്‍ അവന്‍ നിന്നോട് ആദ്യത്തെ ദിവസങ്ങളില്‍ സംസാരിച്ചിരുന്ന അവന് കൗതുകം തീരാത്ത യാത്രകളെ കുറിച്ചും നക്ഷത്രങ്ങളെ കുറിച്ചും എന്തെങ്കിലും പറഞ്ഞോ...?'' ''ഇല്ല...'' ''അപ്പോള്‍ നീ വിലയിരുത്തൂ.'' ''പി.കെ പറയുന്നത് എന്റെ ഇഷ്ടങ്ങള്‍ കണ്ടെത്തി അവന്‍ എന്റെ സ്പേസിലേക്ക് കയറി വരാന്‍ ശ്രമിച്ചതാണ് എന്നാണോ...?'' ''അല്ലാതെ പിന്നെ അതില്‍ എന്താണ് ഉള്ളത് കുട്ടി. ഒരാള്‍ ജെനുവിന്‍ ആണെങ്കില്‍ അയാളുടെ ഇഷ്ടങ്ങള്‍ ആദ്യത്തെ പോലെ ആയിരിക്കും പിന്നീടും. ജെനുവിന്‍ അല്ലെങ്കില്‍ ആദ്യം പറഞ്ഞിരുന്നതൊക്കെ അയാള്‍ മറന്നു പോകും. പതുക്കെ പതുക്കെ അയാളുടെ മറച്ചു വച്ച യഥാർഥ ഇഷ്ടങ്ങളിലേക്ക് കടക്കും...''
ഞാന്‍ പറഞ്ഞില്ലേ... പാര്‍വതി കമലിന്റെ അടുത്തേക്ക് വരുമ്പോഴൊക്കെ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് തിരിച്ചു വരും പോലെ ഒരു തോന്നാലാണെന്ന്. അത് ഇതുകൊണ്ടാണ്. എന്റെ ഹൃദയം എന്തോ ഭയക്കുന്നുണ്ടായിരുന്നു. എനിക്കത് ഉറപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. നോക്കൂ... അവര്‍ അത് എത്ര വേഗത്തിലാണ് ശുദ്ധീകരിച്ചു തന്നത്. അൽപം കഴിഞ്ഞപ്പോള്‍ അച്ഛന്‍ മുറിയിലേക്ക് വന്ന് മുറുകെ തട്ടി. ''ദക്ഷ നീ ആരോടാണ് സംസാരിക്കുന്നത്.'' ഞാന്‍ പാര്‍വതി കമലിനെ പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച് വാതില്‍ തുറന്നു. പാര്‍വതി കമല്‍.. ഞാന്‍ ചെറുപ്പത്തില്‍ എന്നോ വരച്ച എന്റെ നാല്‍പതുകളിലെ ചിത്രമാണ്. ജീവിതത്തില്‍ ഒരു ചോദ്യ ചിഹ്നം ഉണ്ടാവുമ്പോള്‍ ഞാനൊരു യാത്ര പോകും. അവര്‍ക്ക് ഞാന്‍ ജീവന്‍ നല്‍കും. ഒരു മനോഹരമായ വീട് നല്‍കും. അവരെ അവിടുത്തെ രാജകുമാരി ആക്കും. എന്റെ ജീവിതത്തില്‍ ഭാവിയില്‍ ഞാന്‍ ആഗ്രഹിക്കുന്ന എല്ലാ സമാധാനവും അവര്‍ക്ക് നല്‍കും. എന്നിട്ട് അവരോട് ഇരുപതുകളിലെ എന്നെ ഉപദേശിക്കാന്‍ ആവശ്യപ്പെടും. ആ നീലകണ്ണുള്ള ഇംഗ്ലിഷുകാരന്‍ എന്റെ ജീവിതത്തില്‍ നല്ലതാണോ എന്ന് അവരോട് തന്നെ ചോദിക്കും. അവര്‍ അതിന്റെ അപകടം പറഞ്ഞു തരും. കാരണം നാല്‍പതുകളിലെ പാര്‍വതി കമല്‍ ഇരുപതുകളിലെ ദക്ഷ എന്ന ഞാന്‍ തന്നെയാണല്ലോ.. അവരെക്കാള്‍ എന്നെ ഉപദേശിക്കാന്‍ യോഗ്യ മറ്റാരാണ്...