ഇത് നിങ്ങളുടെ ജീവിതം; എന്റെയും: നിഖില വിമൽ അഭിമുഖം
![nikhila-vimal-1 nikhila-vimal-1](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2022/5/18/nikhila-vimal-1.jpg?w=1120&h=583)
Mail This Article
ജോമോനും ജോമോളും തമ്മിലുള്ള അടിപിടിയും വഴക്കുകളും തമാശകളും അവരുടെ സ്നേഹവും തിയറ്ററിലെത്തി. അരുൺ ഡി.ജോസ് സംവിധാനം ചെയ്ത ജോ ആൻഡ് ജോ എന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാവരും നമ്മളിലൊരാളായിരിക്കുമെന്നാണു നായിക നിഖില വിമൽ പറയുന്നത്. നായികാ പ്രാധാന്യമുള്ള ചിത്രത്തിലെ വിശേഷങ്ങളുമായി നിഖില മനോരമയോടു സംസാരിക്കുന്നു.
ജോ ആൻഡ് ജോയിലേക്ക്
![nikhila-vimal-adj nikhila-vimal-adj](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2022/5/18/nikhila-vimal-adj.jpg)
ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിന്റെ സംവിധായകൻ പ്രജിത്താണു സിനിമയുടെ കഥയെപ്പറ്റി പറയുന്നത്. ജോ ആൻഡ് ജോയുടെ നിർമാതാക്കളിൽ ഒരാൾകൂടിയാണ് അദ്ദേഹം. കഥയെപ്പറ്റി അറിഞ്ഞപ്പോൾ കൂടുതൽ താൽപര്യം തോന്നി. ഇതിൽ ചർച്ച ചെയ്യുന്ന പ്രമേയം വ്യത്യസ്തവും രസകരവുമാണെന്ന അഭിപ്രായമാണുണ്ടായത്. കോവിഡ് ലോക്ഡൗൺ കാലഘട്ടത്തിൽ ജോമോളുടെ കുടുംബത്തിൽ ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോക്ഡൗണിലുണ്ടായ സംഭവങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രങ്ങളുടെ വേറെയും കഥകൾ തേടിയെത്തിയിരുന്നു. എന്നാൽ അവയിലൊന്നും കണ്ടെത്താൻ കഴിയാത്ത ആത്മബന്ധം ഈ സിനിമയുടെ കഥയോടു തോന്നി. അതുകൊണ്ടുതന്നെ ‘യെസ്’ പറയാൻ ഒരുപാടു ചിന്തിക്കേണ്ടിവന്നില്ല.
![nikhila-adj nikhila-adj](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2022/5/18/nikhila-adj.jpg)
നിഖിലയുടെ സിനിമ എന്നാണ് ആളുകൾ പറയുന്നത്. ഉത്തരവാദിത്തം കൂടിയോ?
![jo-and-jo-nikhila jo-and-jo-nikhila](https://img-mm.manoramaonline.com/content/dam/mm/mo/movies/interview/images/2022/5/18/jo-and-jo-nikhila.jpg)
മറ്റു കഥാപാത്രങ്ങളെക്കാളും ഈ ചിത്രത്തിൽ ഉത്തരവാദിത്തം കൂടുതലുണ്ട്. മാത്യുവിനെയും നസ്‌ലിനെയുംകാൾ സീനിയർ ആയതുകൊണ്ടും ആദ്യമായി ചെയ്യുന്ന ടൈറ്റിൽ റോൾ ആയതുകൊണ്ടും അതിന്റേതായ ഉത്തരവാദിത്തക്കൂടുതൽ ഉണ്ടായിരുന്നു. ഹീറോയ്ക്കൊപ്പം ചെയ്യുന്ന സിനിമകളിൽ ഈ ഉത്തരവാദിത്തം പങ്കുവയ്ക്കപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം സിനിമയുടെ വിജയത്തിൽ നായികയ്ക്കു വലിയ പങ്കാണുള്ളത്. സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെ സഹകരണവും പ്രകടനവും ടീം വർക്കും ചിത്രത്തിനു മുതൽക്കൂട്ടായി.
ലൊക്കേഷൻ, ചിത്രീകരണം
കൂത്താട്ടുകുളത്തായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രീകരണത്തിന്റെ ഭൂരിഭാഗം ദിവസങ്ങളിലും നല്ല മഴയായിരുന്നു. അത് ഷൂട്ടിങ്ങിനെ ചെറിയ രീതിയിൽ ബാധിച്ചു. പ്രകൃതിഭംഗി ഏറെയുള്ള സ്ഥലമാണ് അവിടം. മാത്യു, നസ്‌ലിൻ ഗഫൂർ, മെൽവിൻ ജി.ബാബു, സ്മിനു സിജോ, ജോണി ആന്റണി എന്നിവരാണു മറ്റു താരങ്ങൾ. സാധാരണ കുടുംബങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകർക്കും സിനിമ കാണുമ്പോൾ ഇതെന്റെ ജീവിതം തന്നെയല്ലേ എന്നു തോന്നും.
ഒടിടിയിൽ നിന്ന് വീണ്ടും തിയറ്ററിലേക്ക്
മധുരം, പ്രീസ്റ്റ് തുടങ്ങിയ സിനിമകളാണ് ഈ ഇക്കാലത്ത് എന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. മധുരം ഒടിടിയിലാണു റിലീസ് ചെയ്തത്. ഒടിടിയിൽ സിനിമ അധികം ആളുകളിലേക്ക് എത്തുന്നതായി തോന്നിയിട്ടുണ്ട്. മലയാളി പ്രേക്ഷകരെ കൂടാതെ മറ്റു ഭാഷക്കാർക്കും മലയാള സിനിമ ആസ്വദിക്കാനുള്ള അവസരം ലഭിക്കുന്നു. എങ്കിലും എല്ലാവരെയുംപോലെ തിയറ്ററിൽ പോയി സിനിമ കാണുന്നതാണു കൂടുതൽ ഇഷ്ടം.