ക്രിസ്മസ് ഹോട്ട് ആക്കാൻ ‘ഷക്കീല’ വരുന്നു
Mail This Article
തൊണ്ണൂറുകളിൽ തെന്നിന്ത്യയെ ചൂടുപിടിച്ച ഷക്കീലയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം ഷക്കീല റിലീസിനൊരുങ്ങുന്നു. ക്രിസ്മസിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയാവുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചുവന്ന സാരിയുടുത്ത് കയ്യില്‍ തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററില്‍ ഉള്ളത്.
ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പങ്കജ് ത്രിപതി, മലയാളി താരം രാജീവ് പിള്ളയുമാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്മി നന്‍വാനി, സഹില്‍ നന്‍വാനി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
പതിനാറാം വയസ്സിൽ ബി ഗ്രേഡ് സിനിമയിലേക്കെത്തിയ ഷക്കീലയുടെ ജീവിതവും തുടർന്ന് അവർക്ക് സംഭവിച്ച മാറ്റങ്ങളുമാണ് സിനിമയിൽ ചർച്ച ചെയ്യുക. താര രാജാക്കന്മാരുടെ ആധിപത്യത്തിലും ഷക്കീല ചിത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയും ബോക്സ്ഓഫീസ് കലക്ഷനുമൊക്കെ സിനിമയിലും പ്രതിപാദിക്കും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളിലാണ് ഷക്കീല ഇതിനോടകം വേഷമിട്ടിട്ടുണ്ട്.