ഈസ്റ്റ്മാൻ സ്റ്റുഡിയോയും നിറമുള്ള ഓർമകളും: കലൂർ ഡെന്നിസ് പറയുന്നു

Mail This Article
‘രാവിലെ മുതൽ മനസ്സിന് വല്ലാത്ത അസ്വസ്ഥതയായിരുന്നു. ഞാൻ ഭാര്യയോട് പറഞ്ഞു എനിക്കെന്തോ ഒരു സുഖം തോന്നുന്നില്ല, വല്ലാത്ത മൂഡോഫ് തോന്നുന്നു. ഞാൻ പോയി അല്പം വിശ്രമിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മകന്റെ ഫോൺ കോൾ വന്നു. ആന്റണി ഈസ്റ്റ്മാൻ നമ്മെ വിട്ടുപിരിഞ്ഞു എന്ന വാർത്തയാണ് അവൻ പങ്കുവച്ചത്. ജീവിതത്തിൽ വല്ലാത്ത ശൂന്യത തോന്നിയ നിമിഷം. ഇതുവരെ തോന്നാത്ത ഒരു വ്യഥ എന്നെ കീഴടക്കി. ആന്റണി ഇനി ഇല്ല എന്നുള്ള ചിന്ത എന്നെ തളർത്തിക്കളയുന്നു. മറ്റാരും മരിച്ചപ്പോൾ ഞാൻ ഇങ്ങനെ ഉലഞ്ഞുപോയിട്ടില്ല.’ കഴിഞ്ഞ ദിവസം മരണമടഞ്ഞ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ആന്റണി ഈസ്റ്റ്മാന്റെ ഉറ്റ സുഹൃത്തായ കലൂർ ഡെന്നിസിന്റെ വാക്കുകളാണിവ.
അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്:
"ഞാൻ ചിത്രപൗർണമി മാഗസിൻ നടത്തുന്ന കാലം ഞാനും ആന്റണിയും കിത്തോയും ജോൺ പോളും ഒരുമിച്ചു ചേരുന്ന ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. കലൂർ ബസ് സ്റ്റാൻഡിനടുത്ത് ഈസ്റ്റ്മാൻ എന്നൊരു സ്റ്റുഡിയോ ആന്റണിക്ക് ഉണ്ടായിരുന്നു. ഞങ്ങൾ ഒന്നിച്ചുകൂടി സിനിമാചർച്ചകളുമായി കഴിയുന്ന കാലത്ത് ആന്റണിക്ക് ഒരു സിനിമ എടുക്കണം എന്നൊരു ആഗ്രഹം ഉണ്ടായി. അങ്ങനെ ഞങ്ങൾ എല്ലാം പ്രോത്സാഹിപ്പിച്ചാണ് ആന്റണി ആദ്യത്തെ സിനിമ സംവിധാനം ചെയ്യുന്നത്. എന്റെ ആദ്യത്തെ തിരക്കഥ സംവിധാനം ചെയ്തതും ആന്റണി ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള ആ സൗഹൃദം ഇന്നലെ വരെയും തുടർന്നിരുന്നു. സിനിമയിൽ എനിക്ക് ഏറ്റവും ആത്മബന്ധമുള്ള ആൾ ആന്റണി ആണ്."
താരസുന്ദരി സിൽക്ക് സ്മിതയെ സിനിമയിൽ അവതരിപ്പിച്ചത് ആന്റണി ആയിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത "ഇണയെത്തേടി" എന്ന ചിത്രത്തിലേക്ക് ഒരു പുതുമുഖ നായികയെ തേടിയുള്ള യാത്ര അവസാനിച്ചത് വിജയമാല എന്ന പെൺകുട്ടിയിലാണ്. അവൾക്ക് സ്മിത എന്ന പേര് നൽകി ആന്റണി സിനിമയിൽ അവതരിപ്പിച്ചു. കുട്ടിത്തം വിട്ടുമാറാത്ത എന്തുപറഞ്ഞാലും പൊട്ടിച്ചിരിക്കുന്ന ഒരു സീരിയസ്നെസ്സുമില്ലാത്ത ആ പൊട്ടിപ്പെണ്ണിനെ എങ്ങനെ അഭിനയിപ്പിക്കും എന്നുള്ള ഞങ്ങളുടെ സംശയങ്ങളെല്ലാം കാറ്റില്പറത്തിക്കൊണ്ട് ആന്റണി സ്മിതയെ അദ്ദേഹത്തിന്റെ നായികയാക്കി പരിവർത്തനം ചെയ്തു. അതിന്റെ മുഴുവൻ ക്രെഡിറ്റും ആന്റണിയ്ക്കാണ്. ഡബ്ബിങ് നടക്കുന്ന സമയത്ത് താനഭിനയിച്ച ഭാഗങ്ങൾ കാണാനായി സ്മിത എന്നും ഡബ്ബിങ് തിയറ്ററിൽ വരുമായിരുന്നു. അവളെ സ്‌ക്രീനിൽ കാണുമ്പൊൾ അവളുടെ മുഖം വിടരും. ഈ ചിത്രത്തോടെ താനൊരു വലിയ നടിയായി പേരെടുക്കുമെന്ന് സ്മിതയ്ക്ക് മനസ്സിലായിരുന്നു. ആന്റണിയോടുള്ള ആദരവും സ്നേഹവും സ്മിതയുടെ മരണം വരെ തുടർന്നിരുന്നു.
അന്നൊക്കെ എറണാകുളത്ത് നടക്കുന്ന സിനിമകളുടെ സ്റ്റീൽസ് എടുക്കുന്ന പ്രശസ്തനായ ഫോട്ടോഗ്രാഫർ കൂടിയായിരുന്നു ആന്റണി. പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഷൂട്ടിങ്ങിനിടയിൽ ആർട്ടിസ്റ്റുകൾ അറിയാതെ സ്റ്റിൽ എടുക്കുക ആന്റണിയുടെ പ്രത്യേകതയായിരുന്നു. ആന്റണിയുടെ സ്റ്റുഡിയോ നല്ല രീതിയിൽ നടക്കുന്നതുകൊണ്ട് അന്ന് ഞങ്ങളുടെ ഇടയിലെ സമ്പന്നൻ ആന്റണി ആയിരുന്നു. എന്നും രാത്രി പത്തുമണിവരെ സിനിമാചർച്ചകളും വെടിവട്ടങ്ങളുമായി ഞങ്ങൾ അവിടെയാണ് കൂടാറ്. അതിനിടയിലാണ് പല കഥകളും രൂപപ്പെട്ടിരുന്നത്. ആന്റണിയുടെ ഈസ്റ്റ്മാൻ സ്റ്റുഡിയോയെ ചുറ്റിപറ്റി നിറമുള്ള എത്രയെത്ര ഓർമകൾ. ആന്റണി കടന്നുപോകുമ്പോൾ മനസ്സിലെ നിറങ്ങളെല്ലാം മങ്ങുകയാണ്. ആന്റണി ഇല്ലാത്ത ലോകം എങ്ങനെ അതിജീവിക്കുമെന്ന് അറിയില്ല.