ജയന്റെ അവസാന കുറിമാനം
Mail This Article
വിജയലക്ഷ്‌മി എഴുന്നേറ്റ് ടീപ്പോയിലിരുന്ന മഗ്ഗിൽ നിന്ന് തണുത്ത ജീരകവെള്ളമെടുത്ത് കുടിച്ചു കൊണ്ട് മുഖത്തെ ചെറിയ ജാള്യത ഒരു നുറുങ്ങു ചിരിയിലൊതുക്കി പതുക്കെ സെറ്റിയിൽ വന്നിരുന്നു. അന്നൊന്നും ഇങ്ങനെയുള്ള പുരുഷനും സ്ത്രീയുമല്ലാത്ത ശാരീരികാവസ്ഥയുമായി കഴിയുന്നവരെ ട്രാൻസ്ജൻഡറെന്നൊന്നും വിളിച്ചുകേട്ടിട്ടില്ലാത്തതു കൊണ്ട് വിജയലക്ഷ്‌മിയുടെ പ്രണയത്തിന്റെ പരിസമാപ്‌തി എന്താണെന്ന് അറിയാനുള്ള കൗതുകത്തോടെ ഞാൻ അവളോട് ചോദിച്ചു.
"വിനീതുമായുള്ള നിന്റെ അഫക്‌ഷൻ പിന്നെ എങ്ങനെയാണ് ബ്രേക്കപ്പായത് ?"
അവൾ പാതി ചിമ്മിയ മിഴികളോടെ എന്നെ നോക്കിയിട്ട് ഒരു അനുഭവകഥ പറയുന്ന ലാഘവത്തോടെ തുടർന്നു.
‘വിനീതിനെ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു ചേട്ടാ. കോളജിൽ എനിക്ക് ധാരാളം മെയിൽ ഫ്രണ്ട്സും, ഫീമെയിൽ ഫ്രണ്ട്സുമൊക്കെ ഉണ്ടായിരുന്നെങ്കിലും ഞാനെന്റെ പ്രണയം കണ്ടെത്തിയത് വിനീതിലായിരുന്നു. അവന്റെ വളരെ ലൗവബിളായ ബിഹേവിയറും ഇന്നസെൻസുമാണ് എന്നെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചത്. ഞാൻ മാര്യേജിനെക്കുറിച്ചും, ഫ്യൂച്ചർ ലൈഫിനെക്കുറിച്ചുമൊക്കെ ഒത്തിരി സ്വപ്‌നങ്ങൾ നെയ്‌തു കൂട്ടാൻ തുടങ്ങി. അപ്പോഴാണ് പെട്ടെന്നൊരു ദിവസം ഞാൻ അവനിലെ ഈ മാറ്റം കണ്ടത്. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അപ്പോൾ തന്നെ റീമയെ പോയി കണ്ടു. വിനീതിലുണ്ടായ സ്ത്രൈണ ഭാവത്തെക്കുറിച്ചു പറഞ്ഞു. അവൾക്കും പുതിയൊരു അറിവായിരുന്നത്. എത്രയും വേഗം വിനീതിനെയും കൂട്ടി ഒരു ലേഡി ഡോക്ടറെ പോയി കാണാനാണ് അവൾ പറഞ്ഞത്.’
‘അന്നു വൈകുന്നേരം തന്നെ അവനെയുമായി ഒരു ലേഡി ഡോക്ടറെ പോയി കണ്ടു. പുരുഷനിൽ നിന്ന് സ്ത്രീയിലേക്കുള്ള പരിണാമാവസ്ഥയിലാണെന്നു ഡോക്ടർ കൺഫേം ചെയ്‌തു പറഞ്ഞു. അതുകേട്ട് ഞാൻ വല്ലാതെ ഷോക്ക് ആയി. അതോടെ അവനും വല്ലാതെ തകർന്നു. ഒരാഴ്ചയോളം ഞങ്ങൾ തമ്മിൽ കാണാതെ അകലം പ്രാപിച്ചു കഴിഞ്ഞു. അവസാനം റീമയോടും കൂടി ആലോചിച്ച് ഞാനൊരു തീരുമാനത്തിലെത്തി. പരസ്‌പര സമ്മതത്തോടെ പ്രണയം അവസാനിപ്പിച്ചു പിരിയാമെന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ എന്റെ കാലിൽ വീണ് കരഞ്ഞു കൊണ്ടു പറഞ്ഞു.’
"ഇല്ല. എനിക്ക് നിന്നെ വേണം... നമുക്ക് ഒന്നിച്ചു ജീവിക്കാം."
‘എനിക്കും അവനെ ഒത്തിരി ഇഷ്‌ടമായിരുന്നു, പക്ഷേ എങ്ങിനെയാണ് ഞങ്ങൾ ഒന്നിച്ചു ജീവിക്കുക. അവന്റെ സ്നേഹവും, പ്രണയവുമൊക്കെ അനുഭവിച്ച് ഭാര്യയും ഭർത്താവുമായി അവന്റെ കുട്ടികളെയും പ്രസവിച്ച് ഒരു കുടുംബമായി എനിക്കെങ്ങനെ ജീവിക്കാനാകും ? ഇതല്ലാതെ എനിക്ക് വേറെ എന്താണ് ചെയ്യാനാവുക.’
അവളുടെ വാക്കുകളിൽ ഈർപ്പം പൊടിഞ്ഞു വന്നു.
നിമിഷനേരം മുറിയിൽ നിശബ്‌ദത നിറഞ്ഞു നിന്നു.
ഇതെല്ലാം കഴിഞ്ഞ് വിജയലക്ഷ്‌മിയുടെ മൗനം വാചാലമാക്കാൻ വേണ്ടി ഞാൻ അവളിൽ ആശ്വാസ തൈലം പുരട്ടി
'നിന്റെ തീരുമാനമാണ് ശരി. ജീവിതം ഒന്നല്ലെയുള്ളൂ.'
അവളുടെ മുഖത്ത് തെളിച്ചം പരന്നു.
"ങാ. അതൊക്കെ പോട്ടെ ഇപ്പോൾ ആ കക്ഷി എവിടെയുണ്ട്?’ ഞാൻ ചോദിച്ചു.
‘അവൻ പേരന്റ്സിനൊപ്പം ന്യൂജേഴ്‌സിയിലാണെന്നാണ് കേട്ടത്- റീമ വിളിച്ചു പറഞ്ഞപ്പോഴാണ് ഞാനറിഞ്ഞത്. അവന്റെ സർജറി എല്ലാം കഴിഞ്ഞ് ഏതോ ഒരു സായിപ്പിനെയും വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണത്രെ’.
"അത് ഏതായാലും നന്നായി."
വിജയലക്ഷ്‌മി ഒരു വിളറിയ ചിരി പൊഴിച്ചു.
"എന്തായാലും നിന്റെ പ്രണയം ഡിഫറന്റായ ഒരു റിയൽ സ്റ്റോറിയാണ്. നല്ലൊരു സിനിമയ്ക്കു പറ്റിയ ത്രെഡ് ആണ്" ഞാൻ പറഞ്ഞു.
‘എന്റെ കഥയ്ക്ക് ചേട്ടൻ തിരക്കഥ എഴുതിക്കോളൂ. പാതി പൈസ എനിക്കു തന്നാൽ മതി’.
അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
അപ്പോൾ പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ അവൾ പറഞ്ഞു.
"അയ്യോ ചേട്ടാ... രാഹുൽ ബ്രോഡ് വേയിൽ വന്ന് എന്നെ കാത്തു നിന്ന് മുഷിഞ്ഞിട്ടുണ്ടാവും, എന്റെ ലവ് ട്രാജഡി പറയാൻ പോയതു കൊണ്ടാണ് അവന്റെ കാര്യം മറന്നത്.’
അവൾ വാതിലിനു മുന്നിലെത്തിയിട്ട് ഒരു ഓർമപ്പെടുത്തൽ പോലെ തുടർന്നു.
‘അപ്പോൾ ചേട്ടാ, ഞായറാഴ്ച വൈകുന്നേരം ഞാനും അമ്മയും കൂടി മദ്രാസിനു പോകും. ചേട്ടൻ ജയനെ വിളിച്ച് പറയാൻ മറക്കരുത്. ജയൻ താമസിക്കുന്ന ഹോട്ടലിലോ, ലൊക്കേഷനിലോ എവിടെയാണെങ്കിലും ഞങ്ങൾ പോയി കണ്ടോളാം. എന്റെ ഹീറോയെ കണ്ടതിനു ശേഷം ഞാൻ മദ്രാസിൽ നിന്നും വിളിക്കാം’.
അവൾ ചിരിച്ചു കൊണ്ട് കോറിഡോറിലൂടെ നടന്നു.
ഞായറാഴ്ച വൈകിട്ടത്തെ തിരുവനന്തപുരം മെയിലിൽ വിജയലക്ഷ്‌മിയും അമ്മയും കൂടി മദ്രാസിന് പുറപ്പെട്ടു.
പിറ്റേന്ന് രാവിലെ എട്ടുമണിയോടെയാണ് മദ്രാസ് സെൻട്രൽ സ്‌റ്റേഷനില്‍ അവരെത്തിയത്. അവളുടെ കൂട്ടുകാരി പ്രിയംവദയെന്ന പ്രിയ കാറുമായി സ്‌റ്റേഷനിൽ അവരെ കാത്തു നിൽപുണ്ടായിരുന്നു.
മദ്രാസിൽ ഉസ്‌മാൻ റോഡിലുള്ള ഒരു വാടക വീട്ടിലായിരുന്നു പ്രിയയും ഭർത്താവും താമസിച്ചിരുന്നത്. അവർക്ക് ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. മിഥുൻ മോൻ. ഭർത്താവ് കണ്ണൻ, യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. പ്രിയയുടെ വീട്ടിൽ ചെന്നു കയറേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ വിജയലക്ഷ്‌മി ജയൻ താമസിക്കുന്ന പാം ഗ്രോവ് ഹോട്ടലിലേക്ക് വിളിക്കാൻ.
രാവിലെ തന്നെ ജയൻ ഷൂട്ടിങിന് പോയല്ലോ എന്ന മറുപടിയാണ് റിസപ്‌ഷനിൽ നിന്നും കിട്ടിയത്. പെട്ടെന്നു കേട്ടപ്പോൾ അവൾ ഒന്ന് അപ്‌സറ്റായിയെങ്കിലും ഏതായാലും വൈകിട്ടു ഷൂട്ടിങ് കഴിഞ്ഞു വരുമ്പോൾ പോയി കാണാമെന്നുള്ള പ്രതീക്ഷയിൽ അന്നു പകൽ മുഴുവനും എല്ലാവരും കൂടി മദ്രാസ് നഗരം ചുറ്റിക്കാണാനും പർച്ചേസിങ്ങിനും വേണ്ടി ഇറങ്ങി.
വൈകിട്ടു വീട്ടിൽ വന്ന് പാം ഗ്രോവ് ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഭാഗ്യത്തിന് ജയൻ മുറിയിൽ ഉണ്ടായിരുന്നു. ജയന്റെ പൗരുഷമുള്ള ശബ്‌ദവും മിതത്വമുള്ള സംസാരവും കേട്ടപ്പോൾ അവൾക്ക് ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട സന്തോഷമായിരുന്നു.
‘ഇപ്പോൾ സമയം ഇത്രയും വൈകിയില്ലേ ? നാളെ രാവിലെ എട്ടു മണിക്ക് വിജയലക്ഷ്‌മി ഇങ്ങോട്ട് വന്നോളൂ. ഞാനിവിടെ ഉണ്ടാവും.’ ഒരു കണക്കിനാണ് അന്നു രാത്രി അവൾ നേരം വെളുപ്പിച്ചത്.
ജയൻ പറഞ്ഞതു പോലെ തന്നെ പിറ്റേന്നു രാവിലെ എട്ടുമണിക്കു മുൻപായി തന്നെ വിജയലക്ഷ്‌മിയും പ്രിയയും കൂടി പാം ഗ്രോവ് ഹോട്ടലിലെത്തി. വിജയലക്ഷ്‌മിയെ കണ്ടപ്പോൾ റിസപ്‌ഷനിസ്റ്റ് ഒരു കുറിപ്പെടുത്തു കൊടുത്തു.
‘സോറി വിജയലക്ഷ്‌മി പെട്ടെന്ന് ഷെഡ്യൂളിൽ ഒരു മാറ്റം വന്നതു കൊണ്ട് നേരത്തെ തന്നെ ലൊക്കേഷനിലേക്ക് പോകേണ്ടി വന്നു. ഞങ്ങൾ സിനിമാക്കാരുടെ സ്ഥിതി ഇതാണ്. ഇനി ചോദിക്കാനൊന്നും നിൽക്കണ്ട. നേരെ പാം ഗ്രോവിലേക്ക് പോന്നോളൂ. ഇതിൽ മാറ്റമൊന്നും ഉണ്ടാവില്ല.’
കുറിപ്പു വായിച്ചു. കാണാൻ പറ്റാത്തതിൽ വിഷമം തോന്നിയെങ്കിലും ജയന്റെ കൈയക്ഷരത്തിലുള്ള കുറിമാനം കിട്ടിയതിന്റെ ആൻസൈറ്റിയുമായി വൈകിട്ട് ഏഴുമണിയാവാനുള്ള നോയമ്പും നോറ്റു അവളിരുന്നു.
വൈകിട്ട് അവരെല്ലാവരുമായിട്ടാണ് ജയനെ കാണാനായി ഹോട്ടലിലേക്ക് പുറപ്പെട്ടത്. അമ്മയെയും പ്രിയയുടെ കുട്ടിയെയും കാറിലിരുത്തിയിട്ടാണ് അവർ മൂവരും കൂടി റിസപ്‌ഷനിലേക്ക് ചെന്നത്. അവിടെ പതിവിലും കൂടുതൽ തിരക്കുണ്ടായിരുന്നു. ടെൻഷനോടെ ആരൊക്കെയോ എന്തൊക്കെയോ ഓടിനടന്നു സംസാരിക്കുന്നത് കേൾക്കാം.
വിജയലക്ഷ്‌മി പതിവുപോലെ റിസപ്‌ഷനിസ്റ്റിനോടു ജയൻ മുറിയിലുണ്ടോ എന്നു ചോദിച്ചു. അപ്പോൾ അയാളുടെ മുഖത്തു ദുഃഖം പടർന്നിട്ടുണ്ടായിരുന്നു.
അയാൾ ദീനമായി അവളെ നോക്കി.
"മേഡം - നിങ്കൾ അറിഞ്ഞില്ലേ ? നമ്മ ജയൻ സാർ പോയാച്ച്. ഹീ ഈസ് നോ മോർ ".
അയാളുടെ വാക്കുകൾ കേട്ട് അവൾ ഞെട്ടി വിറച്ചു. റിസപ്‌ഷനിസ്റ്റ് ജയൻ കയറിയ ഹെലികോപ്റ്റർ ആക്സിഡന്റിനെക്കുറിച്ചു വിലപിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ ബോധം മറഞ്ഞ് പോകുന്നതു പോലെ തോന്നി. അവൾ മയങ്ങി താഴെ വീഴാൻ പോകുന്നതു കണ്ട് പ്രിയയും കണ്ണനും കൂടി താങ്ങി പിടിച്ചു വേഗം തന്നെ അവളെ കാറിൽ കൊണ്ടുവന്നു കിടത്തി. വെള്ളമെടുത്തു മുഖത്തും കണ്ണിലുമൊക്കെ തളിച്ചപ്പോൾ പാതി ഉണർച്ചയോടെ അവൾ ഏതോ ഓർമയിലെന്ന വണ്ണം എന്തൊക്കെയോ ഉരുവിട്ടു കൊണ്ടിരുന്നു. കണ്ണൻ അപ്പോൾ തന്നെ കാർ സ്റ്റാർട്ട് ചെയ്‌തു അവളെയും കൊണ്ട് ആശുപത്രിയിലേക്ക് പോയി.
ജയന്റെ വേർപാടിനു ശേഷം രണ്ടു ദിവസം കഴിഞ്ഞാണ് വിജയലക്ഷ്‌മി എറണാകുളത്തെത്തിയത്. ഉടനെ തന്നെ എന്നെ വന്ന് കാണാനുള്ള ഒരു മാനസികാവസ്ഥയിലായിരുന്നില്ല അവൾ. രണ്ടാഴ്ച കഴിഞ്ഞ് മദ്രാസിലുണ്ടായ നേരനുഭവങ്ങൾ ഫോണിലൂടെയാണ് അവൾ എന്നോടു പറഞ്ഞു. പിന്നെ കുറേക്കാലത്തേക്ക് അവളെക്കുറിച്ച് വിവരമുണ്ടായില്ല.
ഒരു ദിവസം റീമ വിളിച്ചു പറഞ്ഞപ്പോഴാണ് വിജയലക്ഷ്‌മിയുടെ വിവാഹം കഴിഞ്ഞെന്നും ഒരു കുട്ടി പിറന്നെന്നും ഞാൻ അറിഞ്ഞത്. അവൾ ഇപ്പോൾ ബെംഗളൂരുവിലുള്ള ഏതോ ഒരു മലയാളിയുടെ വിശ്വസ്‌തയായ ഭാര്യയായി കഴിയുന്നു എന്നു കൂടി കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി.
ജയന്റെ ഓർമയ്ക്കായി അവളുടെ കുട്ടിക്ക് ഇട്ടിരിക്കുന്ന പേര് വളരെ കൗതുകത്തോടെയാണ് റീമ അവതരിപ്പിച്ചത്. ജയരാമൻ.
കാലം എല്ലാ മുറിവുകളും ഉണക്കുന്ന മഹാമന്ത്രികനെപ്പോലെയാണെന്ന് എനിക്കു തോന്നി.
വളരെ വർഷങ്ങളായി വിജയലക്ഷ്‌മി എവിടെയാണെന്നോ ഏത് അവസ്ഥയിലാണെന്നോ ഒന്നും റീമയ്ക്കു പോലും അറിയില്ല. അവർ തമ്മിൽ യാതൊരുവിധ കമ്യൂണിക്കേഷനും ഇല്ല. അവൾക്ക് ഇപ്പോൾ അറുപത്തഞ്ചു വയസ്സ് കഴിഞ്ഞു കാണില്ലേ?
ജയന്റെ മരണത്തിനു 41 വർഷത്തെ കാലപ്പഴക്കമുണ്ടെങ്കിലും ജനമനസ്സുകളിൽ ജയൻ ഇന്നും നിത്യവസന്തമായ മിന്നും താരമാണ്. ഈയിടെ ചില ജയൻ ഫാൻസുകാർ എന്നെ വിളിച്ചു സംസാരിച്ചപ്പോഴാണ് എന്നിൽ വിസ്‌മയം ജനിപ്പിക്കുന്ന ഒരു ജയൻ സൂക്തം ഞാൻ കേട്ടത്.
ജയൻ മരിച്ചതിനു ശേഷം ജനിച്ചവരാണ് ജയന്റെ ഫാൻസുകാരിൽ ഭൂരിഭാഗവും.
ഇനി എൺപതുകളിലെ ബേബി സൂപ്പർ താരമായിരുന്ന ശാലിനി എന്ന പെൺകുരുന്നിലേക്ക് വരാം.
മൂന്നാലു വർഷക്കാലം മലയാള സിനിമ സഞ്ചരിച്ചുകൊണ്ടിരുന്നത് ഈ കുഞ്ഞുതാരപ്പകിട്ടിനൊപ്പമായിരുന്നുവെന്ന് പറഞ്ഞാൽ ആർക്കും ഭിന്നാഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. മലയാളത്തിലെന്നല്ല മറ്റ് ഇതര ഭാഷാ ചിത്രങ്ങളിൽ പോലും ഇത്രയ്ക്ക് ക്യൂട്ടായ ഒരു കുട്ടി താരവും ഇന്നേവരെ ഉണ്ടായില്ലെന്നാണ് എനിക്ക് തോന്നുന്നത്. മമ്മൂട്ടിയും മോഹൻലാലും നായകന്മാരായിരുന്ന ചിത്രങ്ങളിൽപോലും ബേബി ശാലിനിയുടെ സാന്നിധ്യം വേണമെന്ന് വാശി പിടിച്ചിരുന്ന പല നിർമാതാക്കളും അന്നുണ്ടായിരുന്നു.
ഏതു കഥ പറഞ്ഞാലും ഭർത്താവും ഭാര്യയും കുട്ടിയും വേണം. ആ കുട്ടി ബേബി ശാലിനി തന്നെയായിരിക്കണം. ഞാൻ ബേബി ശാലിനിയെ വച്ച് ചെയ്‌ത ചക്കരയുമ്മയുടെയും സന്ദർഭത്തിന്റെയും വൻ വിജയമാണ് ഈ പ്രേരണയ്ക്കു പിന്നിലുണ്ടായിരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ബേബി ശാലിനിക്കു വേണ്ടി പതിമൂന്നോളം ചിത്രങ്ങൾക്കു ഞാൻ തിരക്കഥയൊരുക്കിയിട്ടുണ്ട്.
ഫാസിലിന്റെ 'എന്റെ മാമാട്ടിക്കുട്ടിയമ്മ' എന്ന ചിത്രത്തിലൂടെയാണ് ബേബി ശാലിനി എന്ന മൂന്നു വയസ്സുകാരി ജന മനസ്സുകളിൽ മായാനക്ഷത്രമായി മാറുന്നത്.
ഞാൻ തിരക്കഥ എഴുതിയ രക്തം, കർത്തവ്യം എന്നീ ചിത്രങ്ങളുടെ മെഗാ വിജയത്തിനു ശേഷം ജഗൻ പിക്ചേർസ് അപ്പച്ചൻ നിർമിക്കുന്ന 'ചക്കരയുമ്മ' എന്ന ചിത്രത്തിന്റെ ഡിസ്കഷൻ നടക്കുന്ന സമയമാണത്. എസ്. എൻ. സ്വാമിയുടേതാണ് കഥ. സ്വാമിയുടെ ആദ്യത്തെ സിനിമാ കഥയാണ്. സാജനാണ് സംവിധായകൻ. മമ്മൂട്ടിയും കാജൽ കിരണും മധു സാറുമൊക്കെയാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ഇതിൽ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന മൂന്ന് മൂന്നര വയസ്സുള്ള ഒരു പെൺകുട്ടിയുടെ വേഷമുണ്ട്. വളരെ ക്യൂട്ടായിട്ടുള്ള ഒരു കുട്ടിയെയാണ് വേണ്ടത്. അപ്പോൾ നിലവിലുള്ള ബാല താരങ്ങളൊന്നും ഈ വേഷം ചെയ്‌താൽ നന്നാകില്ലെന്നു തോന്നിയതുകൊണ്ട് ഞങ്ങൾ പുതിയൊരു കുട്ടിയെ അന്വേഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എന്റെ മാമാട്ടിക്കുട്ടിയമ്മ റിലീസാകുന്നത്.
(തുടരും )
അടുത്തത്: ബേബി ശാലിനി വത്തിക്കാനിൽ