27ാം പിറന്നാളിന് ഒന്നാം പിറന്നാളിന്റെ ഓർമകൾ പുനസൃഷ്‌ടിച്ച് അഹാന; ചിത്രങ്ങൾ
Mail This Article
ഇരുപത്തിയേഴാം ജന്മദിനത്തിന് ആദ്യപിറന്നാളിനു മുറിച്ച കേക്കും അന്നത്തെ ദിനവും പുനസൃഷ്‌ടിച്ച് അഹാന കൃഷ്ണകുമാർ. ഇരുപത്തിയേഴ് വയസ്സായത് തനിക്ക് ഒരു ആവേശവും ഉണ്ടാക്കുന്നില്ലെന്നും ആ ദിനത്തെ മനോഹരമാക്കാൻ വേണ്ടിയാണ് ഒന്നാം പിറന്നാൾ ഒന്നു പുനസൃഷ്‌ടിച്ച് നോക്കിയതെന്നും അഹാന പറയുന്നു. അമ്മയായ സിന്ധു കൃഷ്ണകുമാറും അന്ന് ധരിച്ച അതേ സാരി ധരിച്ച് തന്റെ സന്തോഷത്തിൽ പങ്കു ചേർന്നുവെന്നും അഹാന തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘‘എനിക്കിന്ന് 27 വയസ്സ് തികഞ്ഞിരിക്കുന്നു. എന്റെ ഇരുപത്തിയേഴാമത്തെ ജന്മദിനം എനിക്ക് അത്ര വലിയ കാര്യമായി തോന്നുന്നില്ല. എനിക്ക് 25 വയസ്സായപ്പോൾ ഞാൻ വലിയ ആവേശത്തിലായിരുന്നു. എന്നാൽ എന്റെ ഇരുപത്തിയേഴാം ജന്മദിനത്തിന് ഒരു താല്പര്യവും തോന്നുന്നില്ല. എന്തോ ഒരു നമ്പർ പോലെയാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് എന്നെത്തന്നെ ആവേശഭരിതയാക്കാൻ എന്റെ ഒന്നാം ജന്മദിനത്തിന് ഞാൻ മുറിച്ച അതേ കേക്ക് തന്നെ എന്റെ 27-ാം ജന്മദിനത്തിനും വാങ്ങണം എന്ന് തീരുമാനിച്ചു. എനിക്ക് എക്സ്സൈറ്റഡ് ആകാനും എന്റെ പിറന്നാൾ ദിനത്തിനായി കാത്തിരിക്കാനും ഈ ഒരു ചെറിയ കാര്യം മതിയായിരുന്നു.
ഞാൻ എന്റെ ഒന്നാം പിറന്നാളിലെ കേക്ക് മാത്രമേ പ്ലാൻ ചെയ്തിട്ടുള്ളൂ, പക്ഷേ എന്റെ അമ്മ ഇക്കാര്യം വളരെ സന്തോഷപൂർവ്വം ഏറ്റെടുക്കുകയും എന്റെ ഒന്നാം പിറന്നാളിന് ധരിച്ച അതെ സാരി തന്നെ ഇക്കുറിയും ധരിക്കുകയും ചെയ്തു, എന്റെ അച്ഛനും അന്നത്തേതിന് സാമ്യമുള്ള ഒരു ഷർട്ട് കണ്ടെത്തി.
ശരിക്കും പറഞ്ഞാൽ 27 വർഷങ്ങൾക്ക് മുൻപുള്ള ആ ഒരു ദിനവും അന്നത്തെ ഓർമകളും ഞങ്ങൾ ആവേശപൂർവം പുനസൃഷ്ടിക്കുകയായിരുന്നു. ഇക്കുറി ചില കാരണങ്ങളാൽ ഞാൻ ഈ പോസ്റ്റിൽ എന്റെ സഹോദരിമാരെ ടാഗ് ചെയ്യുന്നില്ല.
അങ്ങനെ ഏറെ ലളിതവും സന്തോഷകരവുമായി ആഘോഷിച്ച എന്റെ ഇരുപത്തിയേഴാം ജന്മദിനം കഴിഞ്ഞു. ഈ ദിവസത്തെ ഇത്രയും മനോഹരമായ ആശംസകൾ കൊണ്ട് മൂടിയ എല്ലാവർക്കും നന്ദി. നിങ്ങളുടെ സന്ദേശങ്ങൾ ഈ ദിവസത്തെ കൂടുതൽ ഭംഗിയുള്ളതാക്കി. നിങ്ങൾ ഓരോരുത്തർക്കും മറുപടി നൽകാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ആരുടെയെങ്കിലും ആശംസ ഞാൻ വിട്ടുപോയെങ്കിൽ എന്നോട് ക്ഷമിക്കുക, ഈ മെസ്സേജ് നിങ്ങൾക്കുള്ള എന്റെ ആലിംഗനമായി കണക്കാക്കുക.
ഞാൻ ഇത്രയും കാലം കഴിച്ചതിൽ വച്ച് ഏറ്റവും രുചികരമായ കേക്കുകളിൽ ഒന്നായിരുന്നു ഇത്തവണത്തേത്. ഞാൻ കുട്ടിക്കാലത്ത് ആസ്വദിച്ചു കഴിച്ച കേക്കുകളുടെ രുചി ഇതിനുണ്ടാകണമെന്നു ഞാൻ രഹസ്യമായി ആഗ്രഹിച്ചിരുന്നു അത് അങ്ങനെ തന്നെ സംഭവിച്ചു. എന്റെ ഒന്നാം പിറന്നാളിന്റെ കേക്ക് അതേ രുചിയോടെ അതേ ഭംഗിയിൽ ഉണ്ടാക്കി തന്നതിന് മിയാസ് കപ്പ്കേക്കറിക്ക് നന്ദി. നിങ്ങളുടെ എപ്പോഴുമുള്ള കരുതൽ ഹൃദയസ്പർശിയാണ്. ഈ കുട്ടൂസ് കേക്കും അതിന്റെ സ്വർഗീയ രുചിയും ഞാൻ ഒരിക്കലും മറക്കില്ല. എന്നോട് കാണിച്ച സ്നേഹത്തിനും ദയയ്ക്കും ഈ ലോകത്തോട് ഞാൻ നന്ദി പറയുന്നു.’’–അഹാന പറയുന്നു.