ഹൃദയം തൊട്ട് ജയസൂര്യ; കേരള കാനിന് പുതിയ മുഖം
Mail This Article
സമീപകാലത്ത് ജയസൂര്യ അഭിനയിച്ച കഥാപാത്രങ്ങളുടെ 'പോസിറ്റീവ് വൈബ് ' തൊട്ടറിഞ്ഞവരാണ് പ്രേക്ഷകർ. ആ പോസിറ്റിവിറ്റി ജീവിതത്തിലുമുണ്ടെന്ന് ജയസൂര്യ പലവട്ടം തെളിയിച്ചു. ആത്മവിശ്വാസം നിറയുന്ന വാക്കുകൾ. അത് കേൾക്കുന്നവനിലും ആത്മവിശ്വാസം സൃഷ്ടിച്ചു. സുധിയേയും മേരിക്കുട്ടിയേയുമൊക്കെ പോലെ പ്രതിസന്ധികളിൽനിന്ന് അതിജീവനം തേടിയവർ നിരവധി. ജീവിതത്തിൽ പുതിയ ദൗത്യം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണിപ്പോൾ ജയസൂര്യ.
മനോരമ ന്യൂസിന്റെ കേരള കാൻ പദ്ധതിയുടെ മുഖമായി മാറുന്നു ജയസൂര്യ. കേരള കാനിന്റെ ഇത്തവണത്തെ സന്ദേശവും ‘വീണ്ടെടുക്കാം ജീവിതത്തിന്റെ വൈബ്’ എന്നാണ്.
‘‘ആത്മവിശ്വാസം കൊണ്ട് ഏത് രോഗത്തെയും നേരിടാൻ കഴിയും. സ്വന്തം ജീവിതത്തോട് നന്ദിയുള്ളവരായി തീരുമ്പോഴാണ് ആത്മവിശ്വാസം ഉണ്ടാകുന്നത്. രോഗികൾക്ക് സഹതാപം ആവശ്യമില്ല. അവരോട് സാധാരണരീതിയിൽ തന്നെ പെരുമാറാൻ കഴിയണം. സു സു സുധി വാത്മീകം, ഞാൻ മേരിക്കുട്ടി, വെള്ളം, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളൊക്കെ ചെയ്തത് സമൂഹത്തിലെ ഒരു വിഭാഗം ആളുകൾക്ക് ആത്മവിശ്വാസം പകരാൻ കൂടിയാണ്. ഇപ്പോൾ കേരള കാനിന്റെ ബ്രാൻഡ് അംബാസഡറായി മാറുമ്പോഴും അങ്ങനെയൊരു ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നുണ്ട്. അതാണ് വലിയ സന്തോഷം.’’ -ജയസൂര്യ പറഞ്ഞു.
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് രോഗികൾക്ക് പ്രത്യാശ പകരുന്ന മനോരമ ന്യൂസ് കേരള കാൻ പദ്ധതി സംഘടിപ്പിച്ചിരിക്കുന്നത്.