എത്രനാള്‍ അവർ എന്നെ ഓര്‍ക്കും? ആയിരക്കണക്കിന് നടന്മാരില് ഒരാള്‍ മാത്രമാണ് ഞാൻ: മമ്മൂട്ടി
Mail This Article
സിനിമയോടുള്ള അദമ്യമായ ഇഷ്ടം തുറന്നു പറഞ്ഞ് മമ്മൂട്ടി. സിനിമ ഒരിക്കലും തന്നെ മടുപ്പിച്ചിട്ടില്ലെന്നും, ഒരു പക്ഷേ അങ്ങനെ സംഭവിക്കുന്നത് തന്റെ അവസാന ശ്വാസത്തോടെയായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഖാലിദ് അൽ അമേരിക്കു നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ വാക്കുകൾ.
പല അഭിനേതാക്കളും സിനിമയിൽ ഒരു ഘട്ടം കഴിയുമ്പോൾ 'മതി, എല്ലാം ചെയ്തു. ഇനിയില്ല' എന്നു പറയാറുണ്ട്. എന്നാൽ മമ്മൂട്ടി ഒരിക്കലും അങ്ങനെ പറഞ്ഞു കേട്ടിട്ടില്ല എന്ന ചോദ്യത്തിനാണ് മമ്മൂട്ടി സിനിമ ഒരിക്കലും മടുപ്പിച്ചിട്ടില്ല എന്നു തുറന്നു പറഞ്ഞത്.
ലോകം എങ്ങനെയാണ് മമ്മൂട്ടി എന്ന അഭിനേതാവിനെ ഓർക്കേണ്ടതെന്ന ചോദ്യത്തിനും ഹൃദയസ്പർശിയായ ഉത്തരമാണ് മമ്മൂട്ടി നൽകിയത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ: ‘‘എത്ര നാൾ അവരെന്നെ ഓർക്കും? ഒരു വർഷം. 10 വർഷം, 15 വർഷം? അതു കഴിഞ്ഞാൽ തീർന്നു. ലോകാവസാനം വരെ മനുഷ്യർ ഓർത്തിരിക്കണമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. അങ്ങനെയൊന്നും ആർക്കും സംഭവിക്കില്ല. മഹാരഥൻമാർ പോലും വളരെ കുറച്ചു മനുഷ്യരാലാണ് ഓർമ്മിക്കപ്പെടാറുള്ളത്. ആയിരക്കണക്കിന് അഭിനേതാക്കളിൽ ഒരാൾ മാത്രമാണ് ഞാൻ. ഒരു വർഷത്തിൽ കൂടുതൽ അവർ എന്നെ ഓർത്തിരിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. ഒരിക്കൽ നിങ്ങൾ ഈ ലോകം വിട്ടു പോയാൽ, നിങ്ങൾ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയുക പോലുമില്ല. എല്ലാവരും ചിന്തിക്കുന്നത് ലോകാവസാനം വരെ അവർ ഓർമിക്കപ്പെടുമെന്നാണ്. എന്നാൽ, അങ്ങനെ നടക്കില്ല.’’
മമ്മൂട്ടിയുടെ വാക്കുകൾ ആരാധകർക്കിടയിൽ വൈറലായി. വികാരഭരിതമായാണ് പലരും മമ്മൂട്ടിയുടെ വാക്കുകളോടു പ്രതികരിക്കുന്നത്. സിനിമ ഉള്ളിടത്തോളം കാലം മമ്മൂട്ടി എന്ന നടനും ഓർമിക്കപ്പെടുമെന്നാണ് ആരാധകരുടെ പ്രതികരണം.