ADVERTISEMENT

ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണെന്നും സിനിമയിൽ ഉള്ളവർ ഉപയോഗിച്ചാൽ അതിനെ ന്യായീകരിക്കില്ലെന്നും നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. സമൂഹത്തിലെ പല ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഹരിവേട്ടയിൽ അറസ്റ്റിലായ നാലായിരത്തിലധികം ആളുകൾ. അതിൽ എത്ര സിനിമാക്കാർ ഉണ്ടെന്ന് ദിലീഷ് പോത്തൻ ചോദിക്കുന്നു.  സിനിമയിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടാകാം. കാരണം സിനിമയും സിനിമാക്കാരും ഈ സമൂഹത്തിൽ ഉളളവർ തന്നെയാണ്. പക്ഷേ സിനിമയിൽ ഉള്ളവരെല്ലാം ലഹരി ഉപയോഗിക്കുന്നവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. ‘ആവേശം’ സിനിമയുടെ മേക്കപ്പ്മാൻ ലഹരികേസിൽ പിടിയിലായതിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.   

‘‘കഴിഞ്ഞ രണ്ടുമൂന്നു ദിവസത്തെ പൊലീസിന്റെ ലഹരിവേട്ടയ്ക്കിടയിൽ നാലായിരത്തിലധികം പേരെ അറസ്റ്റ് ചെയ്തുവെന്നാണ് വാര്‍ത്തയിൽ പറയുന്നത്. അതിൽ എത്ര സിനിമാക്കാരെ അറസ്റ്റ് ചെയ്തു, എണ്ണം പറ. അതിൽ ഡോക്ടേഴ്സ് ഉണ്ട്, ബിസിനസ്സുകാരുണ്ട്, പല പ്രഫഷനിൽ ഉള്ളവരുണ്ട്. ഒരാളാണെങ്കിലും തെറ്റ് ചെയ്തെങ്കിൽ തെറ്റ് തെറ്റ് തന്നെ. അതിനകത്ത് അങ്ങനെ ന്യായീകരണം ഒന്നും ഇല്ല.  

സിനിമയിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടാകും, കാരണം സിനിമ ഈ സൊസൈറ്റിയിൽ ഉള്ള സാധനം തന്നെയാണ്. അത് വേറെ പ്രത്യേകിച്ച് ഒരു സ്ഥലത്ത് ഉള്ളതൊന്നുമല്ല. തീർച്ചയായിട്ടും ഈ സമൂഹത്തിൽ ലഹരി ഉപയോഗിക്കുന്നവർ ഉണ്ടെങ്കിൽ സിനിമയിലും ഉപയോഗിക്കുന്നവർ ഉണ്ടാകും. പക്ഷേ അതിൽ ക്രമാതീതമായിട്ടുള്ള ഒരു അളവ് ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ഇതുവരെ. ഇതാണ് എന്റെ അഭിപ്രായം. ഏതു മേഖലയിലായാലും ഇത് ഒരു കാരണവശാലും അനുവദിക്കാൻ പറ്റുന്നതല്ല.

അനുവദനീയമല്ലാത്ത ഒരു സാധനവും നമുക്ക് ഇവിടെ പറ്റില്ല. സിഗരറ്റ്, മദ്യം ഒക്കെ ഇവിടെ നിയമപരമായി ഉപയോഗിക്കാവുന്ന സാധനമാണ്, പക്ഷേ എന്നാൽ പോലും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അത് ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. ലഹരി ഉപയോഗിക്കുന്ന ആളുകൾ എത്ര നാൾ ജീവിക്കും എന്നാണ് മനസ്സിലായിട്ടുള്ളത്, എത്ര നാൾ ആരോഗ്യത്തോടെ ഇരിക്കാൻ പറ്റും. 

സിനിമയിൽ എത്രപേര്‍ വഴിയിൽ ഇറങ്ങി ബോംബ് പോെല പൊട്ടുന്നത് കണ്ടിട്ടുണ്ട്, സിനിമയിൽ എത്രപേര്  ലഹരി ഉപയോഗിച്ചിട്ട് തല്ലുണ്ടാക്കുന്നത് കണ്ടിട്ടുണ്ട് ? ഉപയോഗിക്കുന്നവർ ഇല്ല എന്നല്ല ഞാൻ ഈ പറഞ്ഞതിന്റെ അർഥം, ഉണ്ടാവാം. സിനിമയും സിനിമയിൽ പ്രവർത്തിക്കുന്നവരും ഒക്കെ ഈ സമൂഹത്തിന്റെ ഭാഗമാണ്. പക്ഷേ അത് അത്ര വലിയൊരു അളവാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഭൂരിഭാഗം ആൾക്കാരും ലഹരി ഉപയോഗിക്കുന്നവരാണെന്ന് എനിക്ക് തോന്നിയിട്ടില്ല.’’

ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വാധീനിക്കാറില്ല എന്നതാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നും ദിലീഷ് പറയുന്നു. താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ലെന്നും ഇത് തന്‍റെ വ്യക്തിപരമായ അഭിപ്രായമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘‘ലോകത്ത് മികച്ച സിനിമകള്‍ ഉണ്ടാകുന്നത് ഒരു ഫിലിം മേക്കര്‍ അയാള്‍ക്ക് വിലക്കുകള്‍ ഇല്ലാതെ സിനിമ എടുക്കുമ്പോഴാണെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. അതേ സമയം തന്നെ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഉത്തരവാദിത്വവും ഫിലിംമേക്കര്‍ക്ക് വേണം. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നാണ് തോന്നുന്നത്. 

സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണം. നമുക്ക് നിയമം ഉണ്ട് പക്ഷെ അത് കൃത്യമായി നടക്കുന്നുണ്ടോ എന്നത് സംശയമാണ്. കുട്ടികളെ കാണിക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കുക. ഇത് ഓരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. 

മുതിർന്നവർ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കൾ തന്നെ കുട്ടികളെകൂട്ടി തിയറ്ററുകളിൽ എത്തുകയും ചെയ്യുന്നത് ശരിയല്ല. ഇവിടെ സിനിമയ്ക്ക് ഒന്നും ചെയ്യാനില്ല. സിനിമയാണ് സമൂഹത്തെ വഴി തെറ്റിക്കുന്നെങ്കില്‍ സിനിമ എന്തെല്ലാം നല്ല സന്ദേശം നല്‍കുന്നുണ്ട്. അതൊക്കെ കണ്ട് ഈ സമൂഹം എന്നേ നന്നാകേണ്ടതാണ്. നല്ല സന്ദേശമുള്ള സിനിമ ചെയ്താല്‍ തിയറ്ററില്‍ ആളുവരില്ല അതാണ് അവസ്ഥ.’’

English Summary:

Not Everyone in the Film Industry Uses Drugs: Dileesh Pothan Responds to Makeup Man's Arrest

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com