പതിനേഴാം വയസിലും മധുരഗായകൻ ; അപൂർവ വിഡിയോയുമായി എം.ജയചന്ദ്രൻ
![m-jayachandran-singing-video m-jayachandran-singing-video](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2019/12/27/m-jayachandran-singing-video.jpg?w=1120&h=583)
Mail This Article
എക്കാലവും ഓർത്തു വയ്ക്കാൻ മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. തന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ പഴയകാലത്തെ പാട്ടുകളുടെ ഓർമകളുണർത്തുന്ന വിഡിയോയുമായി എത്തിയിരിക്കുകയാണ് ജയചന്ദ്രൻ. ‘ചെമ്പക പുഷ്പം’എന്ന ഗാനം ആലപിക്കുന്നതിന്റെ വിഡിയോ ആണ് ജയചന്ദ്രൻ പങ്കു വച്ചത്. 31 വർഷങ്ങൾക്കു മുൻപ് തന്റെ ബന്ധുവിന്റെ വിവാഹവിരുന്നിലാണ് ഈ ഗാനം ആലപിച്ചതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: ‘മുപ്പത്തിയൊന്നു വർഷങ്ങൾക്കു മുന്‍പ് ‘ചെമ്പക പുഷ്പം’ എന്ന ഗാനം ആലപിക്കുമ്പോള്‍ എനിക്ക് പതിനേഴ് വയസായിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന എന്റെ ബന്ധുവിന്റെ വിവാഹവിരുന്നിലാണ് ഞാൻ ഈ ഗാനം ആലപിച്ചത്. കൃത്യമായി പറഞ്ഞാൽ 1988 ഡിസംബർ 3 ന് ആയിരുന്നു അത്. ഈ വിഡിയോ എനിക്ക് സമ്മാനിച്ചതിന് സുജാത ചേച്ചിയോട് ഞാൻ നന്ദി പറയുന്നു’.
ജയചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെ നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആലാപനശൈലിയെ പലരും പ്രശംസിച്ചു. കെ.ജി. ജോർജ് സംവിധാനം ചെയ്ത് 1982–ൽ പുറത്തിറങ്ങിയ ‘യവനിക’ എന്ന ചിത്രത്തിലെ ഗാനമാണിത്. ഒ.എൻ.വി.കുറുപ്പ് രചിച്ച വരികൾക്ക് എം.ബി.ശ്രീനിവാസൻ ഈണം പകർന്നിരിക്കുന്നു. കെ.ജെ.യേശുദാസ് ആണ് ഗാനം ആലപിച്ചത്.