ADVERTISEMENT

പാടിയ പാട്ടുകളിലെല്ലാം വ്യക്തമായ കയ്യൊപ്പു ചാർത്തിയ ഗായകനാണ് ജി. വേണുഗോപാൽ. ആ സ്വരഭംഗി തെളിഞ്ഞ പാട്ടുകൾ ഓരോ തവണ കേൾക്കുമ്പോഴും ഗായകനോടുള്ള ഇഷ്ടം മലയാളിക്കു കൂടി കൂടി വരികയാണ്. ചില പാട്ടുകളുണ്ട്, അത് വേണുഗോപാലിന്റെ സ്വരത്തിൽ തന്നെ കേൾക്കണം. എങ്കിലേ ആരാധകർക്ക് പൂര്‍ണമായി മനസ്സുകൊടുത്ത് ആസ്വദിക്കാൻ പറ്റൂ. പ്രായം അറുപത് പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകൾക്കിന്നും പതിനേഴിന്റെ ചെറുപ്പമാണ്. ജി.വേണുഗോപാൽ എന്ന ഗായകനെ മലയാളത്തിൽ അടയാളപ്പെടുത്തിയ ചില ഗാനങ്ങളിലൂടെ......

‘ഏതോ വാർ‍മുകിലിൻ കിനാവിലെ 

മുത്തായ് നീ വന്നൂ 

ഓമലേ ജീവനിൽ അമൃതേകാനായ് വീണ്ടും

എന്നിൽ ഏതോ ഓർമ്മകളായ് 

നിലാവിൻ  മുത്തേ നീ വന്നു....’

1991ൽ  കമലിന്റെ സംവിധാനത്തിലൊരുങ്ങിയ ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ കുസൃതി പൈതലിനെ വാത്സല്യക്കരുതലിൽ ഉറക്കാൻ കൂട്ടെത്തിയത് ജി.വേണുഗോപാലിന്റെ സ്വരമായിരുന്നു. പാട്ട് കേട്ട് കേരളക്കരയിലെ മറ്റനേകം കുരുന്നുകളും കുഞ്ഞുമിഴികൾ പൂട്ടി മയങ്ങി. ഒപ്പം മലയാളി മനസ്സും. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ഔസേപ്പച്ചന്റേതായിരുന്നു സംഗീതം. 

‘ഉണരുമീ ഗാനം ഉരുകുമെന്നുള്ളം

ഈ സ്നേഹലാളനം നീ നീന്തും സാഗരം

ഉണരുമീ ഗാനം ഉരുകുമെന്നുള്ളം...’

1988ലെ ‘മൂന്നാംപക്കം’ ചിത്രത്തില്‍ സ്നേഹവും കരുതലും നിറച്ചൊരുക്കിയ പാട്ട് ആസ്വാദനത്തിനു വിവിധ തലങ്ങൾ സമ്മാനിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഇളയരാജയുടേതായിരുന്നു സംഗീതം. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ശോഭ ചോരാതെ നിൽക്കുന്ന പാട്ടിന് ഇന്നും ആസ്വാദകരുടെ ഇഷ്ടത്തിന്റെ പട്ടികയിൽ മുൻനിരയിലാണു സ്ഥാനം.

‘മായാമഞ്ചലിൽ ഇതുവഴിയേ പോകും തിങ്കളേ…

കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ…

ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ

കിനാവുപോൽ വരൂ വരൂ…’

സ്വപ്നങ്ങള്‍ക്കു നിറം പകർന്നാണ് മലയാളിക്കരികിൽ മായാമഞ്ചൽ എത്തിയത്. പ്രണയസുഖം തെളിയുന്ന ദൃശ്യഭംഗിയ്ക്കൊപ്പം വേണുനാദം കൂടി ചേർന്നപ്പോൾ അത് നിത്യഹരിതമായി. രാധിക തിലക് ആയിരുന്നു ജി.വേണുഗോപാലിനൊപ്പം ചേർന്ന പെൺസ്വരം. പി.കെ.ഗോപിയുടെ വരികൾക്ക് ശരത്തിന്റേതായിരുന്നു സംഗീതം. 

‘താമരനൂലിനാൽ മെല്ലെയെൻ മേനിയിൽ

തൊട്ടു വിളിയ്ക്കൂ

താഴിട്ടു പൂട്ടുമെൻ നെഞ്ചിലെ വാതിലിൽ

മുട്ടി വിളിയ്ക്കൂ....’

വി.കെ.പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങിയ ‘മുല്ലവള്ളിയും തേന്മാവും’ എന്ന  ചിത്രത്തിലൂടെ താമരനൂലിഴകളാൽ പാട്ടുപ്രേമികളെയൊന്നാകെ വേണുഗോപാൽ തൊട്ടു വിളിച്ചു. അതിസുന്ദര ആലാപനത്തിലൂടെ ശ്രദ്ധേയമായ പാട്ട് ആസ്വാദകർ എന്നന്നേയ്ക്കുമായി ഹൃദയത്തിൽ എടുത്തുവയ്ക്കുകയും ചെയ്തു. ഗായത്രി അശോകൻ ആണ് പാട്ടിൽ പെൺസ്വരം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചന്റേതായിരുന്നു സംഗീതം.  

‘ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി

വന്നുവല്ലോ ഇന്നലെ നീ വടക്കുന്നാഥൻ‌റെ മുമ്പിൽ

പാടുവതും രാഗം നീ തേടുവതും രാഗമാ

ദേവനുമനുരാഗിയാം അമ്പലപ്രാവേ....’

ജി.വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്ന് ഒന്നാം രാഗം പാടിവന്നപ്പോൾ കേൾവിക്കാർ കാതും മനസ്സും ഒരുപോലെ കൊടുത്തു കേട്ടിരുന്നു. 1987ലെ ‘തൂവാനത്തുമ്പികൾ’ എന്ന പത്മരാജൻ ചിത്രത്തിലെ ഈ പാട്ടിന് പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റേതായിരുന്നു സംഗീതം. വരികൾ കുറിച്ചത് ശ്രീകുമാരൻ തമ്പി. പാട്ടിന് ഇന്നും പതിനേഴിന്റെ തിളക്കം തന്നെ. 

‘താനേ പൂവിട്ട മോഹം മൂകം വിതുമ്പും നേരം

താനേ പൂവിട്ട മോഹം

മൂകം വിതുമ്പും നേരം

പാടുന്നൂ സ്നേഹവീണയിൽ 

ഒരു സാന്ദ്ര സംഗമ ഗാനം.....’

സ്നേഹത്തിന്റെ സൗന്ദര്യവും പിണക്കത്തിന്റെ മൂകതയും വരച്ചിട്ട ഹൃദ്യസുന്ദര മെലഡി വേണുനാദത്തിൽ കേട്ടത് ഇന്നും മലയാളി മനസ്സിൽ മായാതെ നിലനിൽക്കുന്നു. 1990ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ സസ്നേഹത്തിനു വേണ്ടി ഈണമൊരുക്കിയത് ജോൺസൺ മാസ്റ്റർ ആയിരുന്നു, പി.കെ.ഗോപിയുടേതാണു വരികൾ. പാട്ട് ഇന്നും മോഹം നിറച്ച് ഓർമകളുടെ നല്ല കാലത്തിലേയ്ക്കു പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നു. 

English Summary: Evergreen hits of singer G Venugopal

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com