ADVERTISEMENT

ആദ്യാനുരാഗത്തിന്റെ കഥ പറഞ്ഞ് ഗായിക ജ്യോത്സ്ന. മഴവിൽ മനോരമയിലെ ജനപ്രിയപരിപാടിയായ സൂപ്പർ 4ന്റെ വേദിയിൽ വച്ചായിരുന്നു ജ്യോത്സ്ന കൗമാരപ്രണയത്തിന്റെ അനുഭവം വിവരിച്ചത്. ജ്യോത്സ്നയുടെ സ്കൂൾ കാലഘട്ടം മുഴുവൻ വിദേശത്തായിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഏഴാം ക്ലാസിൽ പഠിക്കുന്ന ഗുജറാത്ത് സ്വദേശിയായ ഒരു പയ്യനോടായിരുന്നു ജ്യോത്സ്നയ്ക്കു പ്രണയം തോന്നിയത്. ആ പയ്യനെ കാണാൻ വേണ്ടി മാത്രം സ്കൂൾ ബസ് യാത്ര ഒഴിവാക്കി നടന്നു പോകാൻ തീരുമാനിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും രസകരമായി ജ്യോത്സ്ന പങ്കുവച്ചു. 

‘ആറാം ക്ലാസിൽ പഠിക്കുമ്പോൾ എന്റെ ചില സുഹൃത്തുക്കളാണ് ഗുജറാത്തുകാരനായ ഒരു പയ്യൻ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്നും അവന് എന്നെ ഇഷ്ടമാണെന്നും എന്നോടു പറഞ്ഞത്. തുടർന്നുള്ള ദിവസങ്ങളിൽ ഞാനും അവനെ ശ്രദ്ധിക്കാൻ തുടങ്ങി. അപ്പോഴൊക്കെ ഞാൻ സ്കൂൾ ബസിലാണ് സ്കൂളിലേയ്ക്കു പോവുകയും തിരിച്ചു വരികയും ചെയ്തുകൊണ്ടിരുന്നത്. ആ പയ്യൻ നടന്നും. അങ്ങനെ അവനെ കാണാൻ വേണ്ടി ഞാൻ സ്കൂള്‍ ബസ് യാത്ര ഒഴിവാക്കി ഗൾഫിലെ ആ പൊരിവെയിലത്തു നടന്നു പോകാൻ തുടങ്ങി. വെറുതെ സ്കൂൾ ബസ് ഫീസ് കൊടുക്കണ്ടല്ലോ എന്നായിരുന്നു വീട്ടിൽ പറഞ്ഞ കാരണം. 

അങ്ങനെ ഒരു ദിവസം വൈകുന്നേരം ഞാൻ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ അവൻ സൈക്കിൾ ചവിട്ടി എന്നെത്തന്നെ നോക്കി ആ പരിസരത്തുകൂടി കറങ്ങി നടക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എന്റെ അച്ഛൻ അതുവഴി വന്നു. തിരിച്ചു വീട്ടിലെത്തിയ ശേഷം ഇക്കാര്യം പറഞ്ഞ് അച്ഛൻ എന്നെ സ്നേഹപൂർവം ഉപദേശിച്ചു. അച്ഛന്റെ വാക്കുകള്‍ ഞാന്‍ സ്വീകരിക്കുകയും ചെയ്തു. പിറ്റേ ദിവസം മുതൽ ഞാൻ സ്കൂൾ ബസിൽ യാത്ര തുടർന്നു. പിന്നീട് എന്നിലെ മാറ്റങ്ങൾ കണ്ട് എന്തോ പ്രശ്നമുണ്ടെന്ന് അവനു സംശയം തോന്നുകയും അവനും മാറി നടക്കുകയും ചെയ്തു. അധികം വൈകാതെ തന്നെ എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുമായി അവൻ ഇഷ്ടത്തിലായി’.–ജ്യോത്സ്ന പറഞ്ഞു നിർത്തി. 

ജ്യോത്സ്നയുടെ രസകരമായ വിവരണം കേട്ട് സൂപ്പർ 4ന്റെ വേദി ഒന്നാകെ ചിരിച്ചു. ഇതിനു മുൻപ് സ്കൂൾ കാലഘട്ടത്തിലെ ജ്യോത്സ്നയുടെ കുസൃതികളെക്കുറിച്ച് ഗായികയുടെ അമ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. സൂപ്പർ 4ന്റെ വേദിയില്‍ അതിഥിയായെത്തിയപ്പോഴാണ് ജ്യോത്സ്നയുടെ അമ്മ ഗിരിജ പഴയകാല ഓർമകൾ പങ്കുവച്ചത്. സൂപ്പർ 4ന്റെ വിധികർത്താക്കളിൽ ഒരാളാണ് ജ്യോത്സ്ന. ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, റിമി ടോമി എന്നിവരാണ് മറ്റ് വിധികർത്താക്കൾ. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com