ട്രെന്‍ഡിങ്ങായി മാലിക്കിലെ രണ്ടാം ഗാനം; വിഡിയോ
Mail This Article
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്കി’ലെ പുതിയ ഗാനം പുറത്തിറങ്ങി. ‘റഹീമുൻ അലീമുൻ’ എന്നു തുടങ്ങുന്ന പാട്ടിന് സുഷിൻ ശ്യാം ആണ് ഈണമൊരുക്കിയത്. സമീർ ബിന്‍സി വരികൾ കുറിച്ചു. ഹിദ, ഇമാം മജ്ബൂർ, സിനാൻ എടക്കര, മിഥുലേഷ് എന്നീ ഗായകർ ചേർന്നാണ് ഗാനം ആലപിച്ചത്. നാലാം ക്ലാസുകാരിയായ ഹിദയുടെ ആലാപനം ഏറെ ശ്രദ്ധേയമായി. ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടിയ ഗാനം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.
ചിത്രത്തില്‍ കെ.എസ്.ചിത്രയും സൂരജ് സന്തോഷും ചേർന്നാലപിച്ച ‘തീരമേ’ എന്നു തുടങ്ങുന്ന പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അൻവർ അലിയാണ് പാട്ടിനു വരികൾ കുറിച്ചത്. ലക്ഷദ്വീപില്‍ വച്ചു ചിത്രീകരിച്ച പാട്ടിൽ മാലിക്കിന്റെ പ്രണയവും നിക്കാഹും ആണ് അവതരിപ്പിച്ചത്.
ജൂലൈ 15ന് ആമസോൺ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്തത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണിത്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിനു വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, നിമിഷ സജയൻ, മാമൂക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.