പത്തു ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിങ്ങിൽ 'ഉയിരെ'
Mail This Article
പത്തു ലക്ഷം കാഴ്ചക്കാരുമായി മിന്നൽ മുരളിയിലെ 'ഉയിരെ' ഗാനം. ഷാൻ റഹ്മാൻ ഈണം നൽകിയിരിക്കുന്ന ഗാനം നാരായണി ഗോപനും മിഥുൻ ജയരാജും ചേർന്ന് ആലപിച്ചിരിക്കുന്നു. മനു മഞ്ജിത്തിന്റേതാണ് പ്രണയാർദ്രമായ വരികൾ. പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
ഗാനം പ്രേക്ഷകർ ഏറ്റെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ഗായകരായ മിഥുൻ ജയരാജും നാരായണി ഗോപനും പ്രതികരിച്ചു. 'ഈ ഗാനം റെക്കോർഡ് ചെയ്തത് ഏകദേശം ഒന്നരവർഷം മുൻപാണ്. അന്നു മുതലുള്ള കാത്തിരിപ്പായിരുന്നു. പാട്ടിന്റെ വരികളെല്ലാം വളരെ മനോഹരമാണ്. ട്രാക്ക് പാടിയതു മുതൽ ഈ പാട്ടിനൊപ്പമുണ്ട്. ഷാനിക്കയുടെ ഏറെ ശ്രദ്ധിക്കപ്പെടുന്ന പാട്ടിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. പ്രേക്ഷകർക്കും ഞങ്ങളുടെ പാട്ട് ഇഷ്ടമായെന്നറിയുന്നതിൽ ഒരുപാടു സന്തോഷം,' നാരായണി ഗോപൻ പറഞ്ഞു.
'ഷാനിക്ക (ഷാൻ റഹ്മാൻ) ഈണമിട്ടു കഴിഞ്ഞപ്പോൾ തന്നെ ട്രാക്ക് പാടാൻ വിളിച്ചിരുന്നു. അപ്പോൾ വരികൾ പോലും ആയിട്ടില്ല. നാവിൽ വരുന്ന വാക്കുകളൊക്കെ ചേർത്താണ് ആദ്യം പാടിയത്. പിന്നെ മനു മഞ്ജിത് വരികൾ എഴുതിയതിനു ശേഷം ഒറിജിനൽ പാടി. ഷാനിക്ക ചെയ്തതിൽ വച്ചേറ്റവും ഇഷ്ടമുള്ള പാട്ടുകളിലൊന്നാണ് ഉയിരെ എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെയൊരു പാട്ടിന്റെ ശബ്ദമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഇപ്പോൾ,' മിഥുൻ ജയരാജ് പറഞ്ഞു.